Follow Us On

25

April

2025

Friday

വയനാട്ടിലെ ടൗണ്‍ഷിപ്പ് നിര്‍മാണം

വയനാട്ടിലെ ടൗണ്‍ഷിപ്പ് നിര്‍മാണം

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

2024 ജൂലൈ 30-ന് വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, വെള്ളരിമല തുടങ്ങിയ സ്ഥലങ്ങളി ല്‍ ഉണ്ടായ കനത്തമഴ, മണ്ണിടിച്ചില്‍, പ്രളയം തുടങ്ങിയവയും അതിന്റെ ദുരന്തങ്ങളും എല്ലാവരുടെയും മനസുകളില്‍ ഉണ്ട്. ഈ ദുരന്തത്തില്‍ 1555 വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. 600 ഹെക്ടറോളം ഭൂമിയില്‍ ഉണ്ടായിരുന്നതെല്ലാം നശിച്ചു. നൂറുകണക്കിന് ആളുകള്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക് പറ്റി. കുറെയാളുകളെ കാണാതായി. പതിനായിരത്തോളം മനുഷ്യരെങ്കിലും എല്ലാം നഷ്ടപ്പെട്ടവരായി.

ആ സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സഹായങ്ങള്‍ എത്തിക്കുന്നതിനും മറ്റും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും എണ്ണമറ്റ വ്യക്തികളും സംഘടനകളും ഓടിയെത്തി. വലിയ തോതില്‍ സഹായങ്ങള്‍ ഒഴുകിയെത്തി. ഒരുപാട് ഭവനനിര്‍മാണംപോലുള്ള സഹായവാഗ്ദാനങ്ങള്‍ ഉണ്ടായി.
ഇതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തി. വീട് നഷ്ടപ്പെട്ടവര്‍ക്കായി ഒരു ടൗണ്‍ഷിപ്പ് പണിയും എന്നതായിരുന്നു ആ പ്രസ്താവന. വീടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, കമ്യൂണിറ്റി സെന്റര്‍, ലൈബ്രറി, കളിസ്ഥലം, മാര്‍ക്കറ്റ്, വിനോദസൗകര്യങ്ങള്‍, ജലവിതരണ സംവിധാനം, റോഡുകള്‍, മലിനജല സംസ്‌ക്കരണം, പബ്ലിക് ടോയ്‌ലറ്റുകള്‍ എന്നിവയെല്ലാം അടങ്ങുന്ന ഒരു വലിയ, സമ്പൂര്‍ണ സമുച്ചയമാണ് അന്ന് ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തത്.

2025 മാര്‍ച്ച് 27-ന് ഈ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിട്ടു. ഈ സംരംഭം തുടങ്ങാന്‍ കാലതാമസമുണ്ടായി എന്നിങ്ങനെയൊക്കെയുള്ള ആരോപണങ്ങള്‍ ഉണ്ട്. അര്‍ഹിക്കുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിയിട്ടില്ല എന്ന പരാതിയും ഉണ്ട്. ഒരുപാട് നിയമ നടപടികളും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനവും മറ്റും ഉണ്ടെങ്കിലേ ഇത്തരം ഒരു പദ്ധതി തുടങ്ങാന്‍ കഴിയൂ എന്നൊരു ന്യായം മറുവശത്തും ഉണ്ട്. എന്തെങ്കിലുമാകട്ടെ. ആ ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് തറക്കല്ലിട്ടു. കാര്യങ്ങള്‍ ഇവിടെവരെ എത്തിച്ച ഗവണ്‍മെന്റിന് അഭിനന്ദനങ്ങള്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും മറ്റും ഈ കര്‍മത്തിന് ക്ഷണിച്ചിരുന്നു, അവര്‍ പങ്കെടുക്കുകയും ചെയ്തു എന്നതും അഭിനന്ദനം അര്‍ഹിക്കുന്നു. എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഒരു പരിപാടിയാണിത് എന്ന ഒരു സന്ദേശം അതുവഴി ലോകത്തിന് നല്‍കപ്പെട്ടു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഈ പദ്ധതി വേഗം നടപ്പാക്കാന്‍ താല്‍പര്യം കാണിക്കുകയും പ്രേരണ ചെലുത്തുകയും ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട പഞ്ചായത്തുകളുടെ പരിശ്രമങ്ങളും നാം ഓര്‍ക്കേണ്ടതുണ്ട്. നിരവധി സഹായങ്ങളും ഭവനനിര്‍മാണങ്ങളും വാഗ്ദാനം ചെയ്തിട്ടുള്ള സംഘടനകളെയും വ്യക്തികളെയും കര്‍ണാടക സര്‍ക്കാരിനെയുമെല്ലാം ആദരവോടെ ഓര്‍ക്കുന്നു.

ടൗണ്‍ഷിപ്പിന് തറക്കല്ലിട്ടു. ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതായിരിക്കും ഓരോ വീടും. ഇവിടെ ശ്രദ്ധേയമായ ചില കാര്യങ്ങള്‍ ഉണ്ട്. പല കുടുംബങ്ങള്‍ക്കും ആയിരം ചതുരശ്ര അടി വലുപ്പമുള്ള ഭവനങ്ങള്‍ പോര. അതിനാല്‍ രണ്ടാംനിലകൂടി പണിയുവാന്‍ തക്കവിധമാണ് ഓരോ വീടിന്റെയും അടിത്തറ ഇടുന്നത് എന്നത് വലിയ കാര്യമാണ്. ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് അവരുടെ സാഹചര്യം അനുസരിച്ച് ഭാവിയില്‍ രണ്ടാംനിലകൂടി പണിത് വീട്ടിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുവാന്‍ കഴിയും. കുറഞ്ഞ അംഗങ്ങള്‍ മാത്രമുള്ളവര്‍ക്കും ഒരു നില മതിയാകും. ആവശ്യമുള്ളവര്‍ക്കും ഭാവിയില്‍ രണ്ടാം നിലകൂടി പണിതാല്‍ അത് വാടകയ്ക്ക് നല്‍കി വരുമാനം ഉണ്ടാക്കാന്‍ കഴിയും. കല്‍പ്പറ്റ ടൗണിന് അടുത്തായതുകൊണ്ട് വാടകക്കാരെ കിട്ടുവാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല.
ടൗണ്‍ഷിപ്പ് പണിയുമ്പോള്‍ സര്‍ക്കാരും മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരും പണി ഏറ്റെടുത്തിരിക്കുന്ന നിര്‍മാണ കമ്പനിയും മറ്റും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സമയബന്ധിതമായി പണി തീര്‍ക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. ഓരോരോ ന്യായങ്ങള്‍ പറഞ്ഞ് പണി നീട്ടിക്കൊണ്ടുപോകരുത്.

പണി നീളുംതോറും ചെലവ് കൂടും. ഓരോ വീടിനും കെട്ടിടത്തിനും ഒരു നിശ്ചിതതുകയാണല്ലോ വകയിരിത്തിയിരിക്കുന്നത്. ചെലവ് കൂടുമ്പോള്‍ ആ തുകയില്‍ പണി തീരാതെ വരാം. അപ്പോള്‍ സ്വാഭാവികമായും പണിയുന്ന കെട്ടിടത്തിന്റെ ഗുണമേന്മ കുറയാം. മറ്റു കാരണങ്ങളാലും പണിയുന്ന കെട്ടിടങ്ങളുടെ ഗുണമേന്മ കുറയാം. ആവശ്യത്തിന് കമ്പി ഉപയോഗിക്കാതിരിക്കുക, വേണ്ട അനുപാതത്തില്‍ സിമന്റ് ഉപയോഗിക്കാതിരിക്കുക, ഗുണമേന്മ കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ച് വയറിങ്ങ്, പ്ലംബ്ലിങ്ങ് ജോലികള്‍ ചെയ്യുക, വില കുറഞ്ഞതും വേഗത്തില്‍ മോശമാകുന്നതുമായ ടൈലുകള്‍ ഉപയോഗിക്കുക, വാതിലുകള്‍ക്കും മറ്റും വില കുറഞ്ഞതും ഉണങ്ങാത്തതുമായ തടികള്‍ ഉപയോഗിക്കുക തുടങ്ങിയ പലതും നാം കാണാറുണ്ട്.

ഒരു വര്‍ഷം കഴിയുമ്പോഴേക്കും ടെറസില്‍നിന്ന് ലീക്ക് വരും; ടൈലുകള്‍ ഇളകുകയും മോശമാവുകയും ചെയ്യും. ടോയ്‌ലറ്റിലും മറ്റും ലീക്കും ബ്ലോക്കും ഉണ്ടാകും. മോശമായ വയറിങ്ങു കാരണം വൈദ്യുതിപ്രശ്‌നങ്ങള്‍ ഉണ്ടാകാം. കോണ്‍ക്രീറ്റ് അവിടെയും ഇവിടെയും അടര്‍ന്ന് വീഴാന്‍ തുടങ്ങും… ഇങ്ങനെ പലതും. സ്വകാര്യവ്യക്തികള്‍ നേരിട്ട് മേല്‍നോട്ടം വഹിച്ച് പണിയിപ്പിക്കുന്ന വീടുകളില്‍പോലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. എങ്ങനെയാണ് കബളിപ്പിക്കേണ്ടത് എന്ന് എല്ലാ കാരാറുകാര്‍ക്കും അറിയാം. ഗുണനിലവാരം ഉണ്ടാകില്ല. നാളെ മേല്‍വിവരിച്ചതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം എന്ന് അറിയാമായിരുന്നിട്ടും പല കരാറുകാരും ഉപകരാറുകാരും പണിക്കാരും പണി മോശമാക്കുന്ന അനുഭവങ്ങളുണ്ട്. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ കാര്യത്തില്‍ ഈ പ്രശ്‌നങ്ങള്‍ കൂടുതലുമാണ്. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കരാറുകരുംകൂടി ഒത്തുകളിച്ചാല്‍ പണിയുന്ന കെട്ടിടങ്ങളുടെ ഗുണമേന്മ കുറയും.

വയനാട് ദുരന്തത്തില്‍പെട്ടവര്‍ക്ക് കേരളം നല്‍കുന്ന സ്‌നേഹസമ്മാനമാണ് ഈ ടൗണ്‍ ഷിപ്പ്. അതിനാല്‍ ഏറ്റവും ഗുണമേന്മയുള്ള, വീടുകളും ഇതര കെട്ടിടങ്ങളും നമ്മള്‍ നിര്‍മിച്ചുനല്‍കണം. സമ്മാനം കൊടുക്കുമ്പോള്‍ അതിന് മേന്മ ഉണ്ടാകണം. ഈ ഭവനനിര്‍മാണത്തോട് സഹകരിക്കാം എന്ന് സമ്മതിച്ച എല്ലാവരെയും കൂട്ടിച്ചേര്‍ത്ത് അവര്‍ക്കുകൂടി സന്തോഷം നല്‍കുന്ന വിധത്തില്‍ അവ നിര്‍മിച്ച് നല്‍കണം. ഭവനങ്ങളും ടൗണ്‍ഷിപ്പും ലഭിക്കുവാന്‍ പോകുന്ന കുടുംബങ്ങള്‍ സന്തോഷത്തോടും കൃതജ്ഞതയോടുംകൂടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കണം. ആരും ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കി നിര്‍മാണം താമസിപ്പിക്കരുത്. ഇനിയും കൂട്ടിച്ചേര്‍ക്കേണ്ട അര്‍ഹരായ കുടുംബങ്ങള്‍ ഉണ്ടെങ്കില്‍ അവരെയുംകൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
ലോകത്തിന് മുഴുവന്‍ മാതൃകയും പ്രചോദനവും ആകട്ടെ ഈ ടൗണ്‍ഷിപ്പ്. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒരു തുടക്കം വീണ്ടും നല്‍കുന്നതാകട്ടെ ടൗണ്‍ഷിപ്പ്. ഒരിക്കല്‍കൂടി ഗവ ണ്‍മെന്റിനെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സഹകരിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?