Follow Us On

03

April

2025

Thursday

ദൈവമില്ലാത്ത സമാന്തര ലോകവും അവിടുത്തെ ‘എമ്പുരാനും’

ദൈവമില്ലാത്ത സമാന്തര ലോകവും അവിടുത്തെ ‘എമ്പുരാനും’
വിനോദ് നെല്ലക്കല്‍
‘ദൈവപുത്രന്‍ തന്നെ തെറ്റ് ചെയ്യുമ്പോള്‍ ചെകുത്താനെ അല്ലാതെ ആരെ ആശ്രയിക്കാന്‍, അല്ലേ?’ ഇപ്പോഴും വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന എമ്പുരാന്‍ എന്ന ചലച്ചിത്രത്തില്‍ നായക കഥാപാത്രം പറയുന്ന വാക്കുകളാണിവ. സിനിമയുടെ കഥാപശ്ചാത്തലമനുസരിച്ച്, ഒരു കാലഘട്ടത്തില്‍ ഒരു ജനത ദൈവമായി കണ്ടിരുന്ന വലിയൊരു നേതാവിന്റെ മകനും പിന്‍ഗാമിയുമായ വ്യക്തിയുടെ അപഭ്രംശമാണ് അവിടെ പരാമര്‍ശിക്കപ്പെടുന്നത്. എങ്കിലും, ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടതും ബിബ്ലിക്കലുമായ നിരവധി അടയാളങ്ങളും ഡയലോഗുകളും സിനിമയില്‍ ആദ്യന്തം മിന്നിമറയുന്നത് വിവിധ കോണുകളില്‍നിന്ന് പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ദൈവനിഷേധം ഈ ചലച്ചിത്രത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളില്‍ ഒന്നാണ് എന്നുള്ളത് വസ്തുതയാണ്.
ദൈവമില്ലാത്ത, ചെകുത്താന്‍ ഭരണം നടത്തുന്ന ഒരു സമാന്തര ലോകം എന്ന ആശയമാണ് ചലച്ചിത്രത്തിന് അടിസ്ഥാനമായി നിലകൊള്ളുന്നത്. ഈ ചലച്ചിത്രത്തിന്റെ ഒന്നാം ഭാഗമായ ‘ലൂസിഫര്‍’ എന്ന സിനിമയിലും ദൈവത്തിന് ഇടമില്ലാത്ത, ദുഷിച്ച ഒരു ലോകം എന്ന ആശയം അവതരിപ്പിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ചും നിഗൂഢതകളുടെ ഒരു ഇരുണ്ട സമാന്തര ലോകം അവതരിപ്പിക്കാനാണ് ‘എമ്പുരാനില്‍’ സൃഷ്ടാക്കള്‍ ശ്രമിച്ചിരിക്കുന്നത്. കേരളത്തിന്റെയും രാജ്യത്തിന്റെ തന്നെയും രാഷ്ട്രീയ പശ്ചാത്തലത്തിലാണ് അടിസ്ഥാന കഥാതന്തു രൂപപ്പെടുത്തിയിരിക്കുന്നതെങ്കിലും മറ്റൊരു ലെയര്‍ കൂടി ഈ ചലച്ചിത്രത്തിന് ഉള്ളതായി കാണാം. അത് അഭൗമികതയുടെയും സാത്താനിക പ്രവൃത്തികളുടെയും നിഴലുകളോട് കൂടിയതും ക്രൈസ്തവ ബിംബങ്ങള്‍ പ്രതീകങ്ങളായി അവതരിപ്പിച്ചു കൊണ്ടുള്ളതുമാണ്.
പാശ്ചാത്യ മാതൃകകള്‍
മനുഷ്യ മനസിന് സ്വതവേയുള്ള നിഗൂഢതകളോടുള്ള ആകര്‍ഷണം മുതലെടുക്കാന്‍ ഉദ്യമിച്ചുള്ള സാങ്കല്‍പ്പിക സൃഷ്ടികള്‍ എന്നതിനപ്പുറമുള്ള പ്രാധാന്യം ഇപ്രകാരമുള്ള സൃഷ്ടികള്‍ക്ക് പൊതുവെ ലോകം നല്‍കാറില്ല. എങ്കില്‍ത്തന്നെയും അല്പജ്ഞാനത്തെയും ഊഹാപോഹങ്ങളെയും പിന്തുടര്‍ന്നുള്ള ഇത്തരം രചനകളും ചലച്ചിത്രങ്ങളും ഒട്ടേറെ അബദ്ധധാരണകള്‍ സമൂഹത്തില്‍ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
സാത്താന്‍ ഭരണം നടത്തുന്ന ലോകം എന്ന ഗ്ലോറിഫൈഡ് സങ്കല്പം, അക്രമങ്ങള്‍ക്കും അനീതികള്‍ക്കും, നിയമവിരുദ്ധ പ്രവൃത്തികള്‍ക്കും ലഭിക്കുന്ന നായക പരിവേഷം, ക്രൈസ്തവ വിശ്വാസത്തെയും ക്രിസ്തീയതയെയും കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകള്‍ തുടങ്ങിയവ സിനിമയിലൂടെ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നുണ്ട്. ഈ ലോകത്തില്‍ അന്തിമ വിജയം സാത്താ നായിരിക്കും എന്ന ആശയവും ‘എമ്പുരാന്‍’ എന്ന സിനിമയില്‍ വ്യക്തമാണ്.
ഡാന്‍ ബ്രൗണ്‍ രചിച്ച ‘ഡാവിഞ്ചി കോഡ്’ എന്ന വിഖ്യാതമായ നോവലും ആ നോവലിനെ അടിസ്ഥാനമാക്കി അതേ പേരില്‍ പുറത്തിറങ്ങിയ ചലച്ചിത്രവും മിക്കവര്‍ക്കും പരിചിതമായ ഒരു ഉദാഹരണമാണ്. ‘പ്രയറി ഓഫ് സിയോണ്‍’ എന്ന ഒരു നിഗൂഡ സംഘടനയെയും അതിന്റെ രീതികളെയും അവരുടേത് മാത്രമായ ചില വിശ്വാസങ്ങളെയും പ്രമേയമാക്കിയ സാങ്കല്‍പ്പിക സൃഷ്ടി മാത്രമായിരുന്നു അതെങ്കിലും എഴുത്തുകാരന്റെ പരിധി കടന്ന ഭാവന വിവാദങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും നയിച്ചു. മാത്രമല്ല, ഒട്ടേറെപ്പേരില്‍ തെറ്റിദ്ധാരണകള്‍ രൂപപ്പെടാനും ആ സൃഷ്ടി കാരണമായി. ഇത്തരത്തില്‍ ഒട്ടനവധി രചനകളും ചലച്ചിത്രങ്ങളും നമുക്ക് മുന്നിലുണ്ട്. അത്തരമൊരു മാതൃക ‘എമ്പുരാന്‍’ എന്ന ചലച്ചിത്രത്തിന്റെ സൃഷ്ടാക്കളും സ്വീകരിച്ചിട്ടുണ്ട് എന്ന് കരുതാം.
ഇല്യൂമിനാറ്റിയും ഫ്രീമേസണും
ഇല്യൂമിനാറ്റി, ഫ്രീമേസണ്‍ പോലുള്ള നിഗൂഢ സംഘടനകളെക്കുറിച്ചുള്ള സാമാന്യ ജനതയുടെ ജിജ്ഞാസ, സാത്താനിക ബിംബങ്ങള്‍, സാത്താനെ സംബന്ധിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന അറിവുകളുടെ അംശങ്ങള്‍ തുടങ്ങിയവയെല്ലാം അവിയല്‍ പരുവത്തില്‍ ഈ ചലച്ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം. കൂടാതെ അഭിശപ്തമായ ഈ ലോകത്തില്‍ അന്തിമ വിജയം സാത്താനായിരിക്കും എന്ന ആശയവും ‘എമ്പുരാന്‍’ എന്ന സിനിമയില്‍ വ്യക്തമാണ്.
ഇന്നത്തെ ലോകത്തില്‍ ദൈവത്തിന് പ്രസക്തിയില്ല എന്ന നിലപാടാണ് രചയിതാക്കള്‍ക്കുള്ളത്. അത്തരമൊരു ആശയം വ്യക്തമാക്കുന്നതിനായി തകര്‍ന്ന ക്രൈസ്തവ ദൈവാലയങ്ങള്‍, അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഇഴയുന്ന പാമ്പ്, ബോംബ് സ്ഫോടനത്തില്‍ തകര്‍ന്നുവീഴുന്ന കുരിശ് തുടങ്ങി പലതും പ്രതീകാത്മകമായി പശ്ചാത്തലത്തില്‍ ഉപയോഗിക്കുന്നു. ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിട്ടുണ്ട്.
വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചുകൊണ്ട് കാണികളെ ആകര്‍ഷിക്കാനുള്ള ശ്രമമാണ് ‘എമ്പുരാനില്‍’ കാണുന്നത്. എന്നാല്‍, കൂടുതല്‍ വ്യാഖ്യാനങ്ങള്‍ തങ്ങളുടെ ഉദ്യമത്തിന് ലഭിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നതായും കാണാം. വിവാദങ്ങളും പ്രതിഷേധങ്ങളും ബൗദ്ധിക വ്യാഖ്യാനങ്ങളും കച്ചവടത്തിന് സഹായകമെന്ന സമീപനം ചലച്ചിത്രത്തിന്റെ പ്രമോഷന്‍ സംബന്ധിച്ചുള്ള നീക്കങ്ങളില്‍ എല്ലായ്‌പ്പോഴും പ്രകടമാണ്. അത്തരം പദ്ധതികള്‍ സിനിമയുടെ പ്രമോഷനെ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ രൂപപ്പെട്ട വിവാദങ്ങളുടെ പരോക്ഷ സഹായമില്ലായിരുന്നെങ്കില്‍ ഈ ചലച്ചിത്രം വലിയൊരു സാമ്പത്തിക പരാജയമാകുമായിരുന്നു എന്നാണ് പൊതുവെയുള്ള നിരീക്ഷണം.
പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ തിയേറ്ററില്‍ എത്തുന്ന സാഹചര്യം മാതാപിതാക്കള്‍ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യണമെന്ന് നിര്‍ദ്ദേശിക്കപ്പെടുന്ന ‘യുഎ 16+’ സര്‍ട്ടിഫിക്കേഷന്‍ ഉള്ള ചലച്ചിത്രത്തിന് കൂട്ടത്തോടെ കൊച്ചുകുട്ടികള്‍ കാഴ്ചക്കാരാകുന്ന സാഹചര്യവും അനാ രോഗ്യകരമാണ്. ഇത്തരം സിനിമകള്‍ കുട്ടികള്‍ക്ക് മുന്നിലെത്തുന്നതിന്റെ ദോഷഫലങ്ങളെക്കുറിച്ച് മാതാപിതാ ക്കളും സര്‍ക്കാരും ഗൗരവമായി ചിന്തിക്കണം.
 സാത്താന്‍ ഭരിക്കുന്ന ലോകം
ചില മുന്‍കാല വിദേശ സിനിമകളുടെ ചുവടുപിടിച്ച് കോണ്‍സ്പിരസി തിയറികളുടെയും നിഗൂഢതകളുടെയും മസാലകള്‍ കൂട്ടിയോജിപ്പിച്ച് ക്രൈസ്തവ ബിംബങ്ങളെ കച്ചവടത്തിന് ഉപകരണമാക്കുന്ന വിധത്തിലുള്ള സമീപനങ്ങള്‍ ആശാസ്യമല്ല. ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ മറ്റു പ്രതീകങ്ങളും ബൈബിള്‍ വചനങ്ങളും വികലമായ രീതിയില്‍ ഉപയോഗിച്ചിരിക്കുന്നതും അനേകരെ വേദനിപ്പിച്ചു. എന്നാല്‍, തെറ്റായ സന്ദേശങ്ങളും ആശയങ്ങളും സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന ഇത്തരമൊരു ചലച്ചിത്രത്തിന് കുറുക്കുവഴി കളിലൂടെ ലഭിക്കുന്ന സ്വീകാര്യത കൂടുതല്‍ ആശങ്കകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.
സാത്താന്‍ ഭരണം നടത്തുന്ന ലോകം എന്ന ഗ്ലോറിഫൈഡ് സങ്കല്പം, അക്രമങ്ങള്‍ക്കും അനീതിക്കും മറ്റു നിയമവിരുദ്ധ പ്രവൃത്തികള്‍ക്കും ലഭിക്കുന്ന നായക പരിവേഷം, ക്രൈസ്തവ വിശ്വാസത്തെയും ക്രിസ്തീയതയെയും കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകള്‍ തുടങ്ങി യുവജനങ്ങളെയും ഇളം തലമുറയെയും ദോഷകരമായി സ്വാധീനിക്കാനിടയുള്ള ആശയങ്ങള്‍ ഇത്തരത്തില്‍ ഒളിച്ചുകടത്തപ്പെടുന്നത് ഈ സമൂഹത്തിന്റെ സുസ്ഥിരതയ്ക്കും ഭാവിക്കും ദോഷകരമാണ്.
പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ തിയേറ്ററില്‍ എത്തുന്ന സാഹചര്യം മാതാപിതാക്കള്‍ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യണമെന്ന് നിര്‍ദ്ദേശിക്കപ്പെടുന്ന ‘യുഎ 16+’ സര്‍ട്ടിഫിക്കേഷന്‍ ഉള്ള, പരിധിവിട്ട അക്രമ ദൃശ്യങ്ങള്‍ ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന ഇത്തരമൊരു ചലച്ചിത്രത്തിന് കൂട്ടത്തോടെ കൊച്ചുകുട്ടികള്‍ കാഴ്ചക്കാരാകുന്ന സാഹചര്യവും അനാ രോഗ്യകരമാണ്. ഇത്തരം സിനിമകള്‍ കുട്ടികള്‍ക്ക് മുന്നിലെ ത്തുന്നതിന്റെ ദോഷഫലങ്ങളെക്കുറിച്ച് മാതാപിതാക്കളും സര്‍ക്കാര്‍ സംവിധാനങ്ങളും ഗൗരവമായി ചിന്തിക്കണം.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?