വത്തിക്കാന്‍ സിറ്റി: എഡി 325-ല്‍ സില്‍വസ്റ്റര്‍ ഒന്നാമന്‍ മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റ് സമയത്ത് വിളിച്ചുകൂട്ടിയ കൗണ്‍സില്‍ ഓഫ് നിഖ്യയുടെ ഉദ്ഘാടനത്തിന്റെ 1700 ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഒരു ചരിത്രരേഖ വത്തിക്കാന്‍ പുറത്തിറക്കി.
‘ ദൈവപുത്രനായ യേശുക്രിസ്തു, രക്ഷകന്‍: നിഖ്യാ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ 1700 ാം വാര്‍ഷികം’ എന്ന തലക്കെട്ടില്‍ ഇന്റര്‍നാഷണല്‍ തിയോളജിക്കല്‍ കമ്മീഷനാണ് (ഐറ്റിസി) രേഖ പ്രസിദ്ധീകരിച്ചത്.
ക്രിസ്തു നമ്മുടെ പ്രത്യാശ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ആഘോഷിക്കുന്ന ജൂബിലി വര്‍ഷത്തിലും, കിഴക്കും പടിഞ്ഞാറും ഉള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ഒരേദിവസം ആഘോഷിക്കുന്ന വര്‍ഷത്തിലുമാണ് നിഖ്യാ കൗണ്‍സിലിന്റെ 1700 ാം വാര്‍ഷികം ആഘോഷിക്കുന്നതെന്നുള്ളത് ശ്രദ്ധേയമാണെന്ന് ഐറ്റിസി പത്രക്കുറിപ്പില്‍ പറഞ്ഞു.
നിഖ്യാ വിശ്വാസപ്രമാണം സഭയുടെ വിശ്വാസത്തിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്നു. യേശുവിന്റെയും അവിടുന്നിലൂടെ ദൈവപിതാവിന്റെയും കരുണാകടാക്ഷത്തിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്ന ജീവജലത്തിന്റെ ഉറവിടമായി അത് ഇന്നും നിലകൊള്ളുന്നു. സഭയുടെ ഐക്യവും ദൗത്യവും സാര്‍വത്രിക തലത്തില്‍ ‘ഒരുമിച്ചു നടക്കുക’ എന്ന സിനഡല്‍ രൂപത്തിലൂടെ ആദ്യമായി പ്രകടിപ്പിക്കപ്പെട്ടത് നിഖ്യയിലാണ്.
ഇന്ന് കത്തോലിക്കാ സഭ നടത്തുന്ന സിനഡല്‍ പ്രക്രിയയിലെ ഒരു ആധികാരിക റഫറന്‍സ് പോയിന്റും പ്രചോദനവുമായി നിഖ്യ നിലകൊള്ളുന്നു. നിഖ്യ കൗണ്‍സിലിന്റെ 1700 ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ രേഖ ക്രൈസ്തവ സുവിശേഷവത്കരണത്തിനുള്ള ചലനാത്മക വിഭവമായി ഉപയോഗിക്കാമെന്നും ഐറ്റിസി വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *