ഭുവനേശ്വര്‍: ഒഡീഷയിലെ ബഹരാംപുര്‍ രൂപതയിലെ ജൂബ ഇടവക പള്ളിയില്‍ കയറിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഇടവക വികാരി ഫാ.ജോഷി ജോര്‍ജിനെയും സഹ വികാരി ഫാ. ദയാനന്ദിനേയും മര്‍ദിച്ചു. പള്ളിക്കു സമീപമുള്ള ഗ്രാമത്തില്‍ നടന്ന റെയ്ഡില്‍ കഞ്ചാവ് പിടികൂടിയതിനെ തുടര്‍ന്നു നടത്തിയ തുടര്‍ പരിശോധനയ്ക്കിടയാണ് പൊലീസ് പള്ളിയിലെത്തിയത്. പള്ളിയിലുണ്ടായിരുന്ന ആളുകളെ പരിശോധിക്കാനും മര്‍ദിക്കാനും തുടങ്ങിയപ്പോള്‍ തടയാനെത്തിയ ഫാ.ജോഷിയെയും സഹവികാരിയേയും പൊലീസ് സംഘം മര്‍ദിക്കുകയായിരുന്നു. തോളെല്ലിനും കൈക്കും പൊട്ടലുണ്ടായ ഫാ.ജോഷി ജോര്‍ജിനെ ബഹരാംപൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാക്കിസ്ഥാനില്‍ നിന്ന് വന്ന് മതപരിവര്‍ത്തനം ചെയ്യുകയാണെന്ന് ആരോപിച്ചാണ് പൊലിസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതെന്ന് ഫാ. ജോഷി മാധ്യമങ്ങളോട് പറഞ്ഞു. പള്ളിയിലെ വസ്തുവകകള്‍ നശിപ്പിച്ച പൊലീസ് വൈദികന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന നാല്‍പതിനായിരത്തോളം രൂപ അപഹരിച്ചതായും രൂപതാ നേതൃത്വം പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *