സ്വന്തം ലേഖകന്‍
ചെറുപ്പം മുതലേയുള്ള പ്രകൃതി സ്‌നേഹം അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞും അതുപോലെ കാത്തുസൂക്ഷിക്കുന്ന ആളാണ് തോമസ് മാഷ്. തിരുവമ്പാടി പുരയിടത്തില്‍ തോമസ് പി.ജെ അധ്യാപകനായിരിക്കെ ആരംഭിച്ച ആരാം നേച്ചര്‍ ക്ലബിലൂടെ ആയിരക്കണക്കിന് കുട്ടികളുടെ ഹൃദയങ്ങളിലും അദ്ദേഹം പ്രകൃതി സ്‌നേഹത്തിന്റെ വിത്തിട്ടിട്ടുണ്ട്. തന്റെ കൃഷിയിടത്തില്‍ ഒരേക്കറോളം സ്ഥലത്ത് അത്യപൂര്‍വ്വമായ സസ്യലതാദികളെ സംരക്ഷിക്കുന്ന അദ്ദേഹത്തിന്റെ പരിസ്ഥിതിസ്‌നേഹം ഏവര്‍ക്കും മാതൃകയാണ്.
മരവുരി, കായ സസ്യം, കുന്തിരിക്ക മരം, അണലിവേഗം, ഇരട്ടിമധുരം, സോപ്പുമരം, ചൂയിംഗസസ്യം, കൃഷ്ണനാല്‍, കമണ്ഡലു തുടങ്ങിയ അപൂര്‍വ സസ്യങ്ങളുടെ ഒരു ശേഖരം തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നു. ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അക്വിറാ മിയാവാക്കിയുടെ ആശയമായ കുഞ്ഞന്‍ കാടുകള്‍ എന്നതിനെ അടിസ്ഥാനപ്പെടുത്തി തന്റെ കൃഷിയിടത്തില്‍ ഒരു മിയാവാക്കി വനം തന്നെ ഇദ്ദേഹം തയാറാക്കിയിരിക്കുന്നു. മഞ്ഞള്‍, തുളസി, അയമോദക തുളസി, കര്‍പ്പൂരതുളസി, ദസ്മതുളസി, ലെമണ്‍ തുളസി തുടങ്ങിയ 20 ഓളം തുളസിയിനങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച് സ്വന്തം കൃഷിയിടത്തില്‍ നട്ട് പരിപാലിക്കുന്നു.
ലോകത്തിലെ ഏറ്റവും ചെറിയ മുള സസ്യമായ ബുഷ്ബാംബു മുതല്‍ ഏറ്റവും വലിയ ആനമുള വരെ അങ്ങനെ വിദേശിയും സ്വദേശിയുമായ 20 ഓളം വ്യത്യസ്ത മുള വര്‍ഗസസ്യങ്ങള്‍ കൃഷിയിടം മനോഹരമാക്കുന്നു. വാനില ഐസ്‌ക്രീമിന്റെ രുചിയുള്ള ബ്ലജാവ ഉള്‍പ്പെടെ 35 ഓളം വാഴയിനങ്ങള്‍ സംരക്ഷിക്കുന്നു. കൊങ്ങിണി, ചെത്തി, സൂര്യകാന്തി തുടങ്ങിയ പുഷ്പ സസ്യങ്ങളും പൂമ്പാറ്റകള്‍ മുട്ടയിടുന്ന സസ്യമായ കറിവേപ്പ്, നാരകം, തകര സസ്യങ്ങളും പൂമ്പാറ്റകള്‍ വളരെ ഇഷ്ടപ്പെടുന്ന കോര്‍ട്ടിലേറിയ (കിലുക്കി സസ്യം) ഉള്‍പ്പെടുത്തി മനോഹരമായ ഒരു പൂമ്പാറ്റ ഗാര്‍ഡനും ഒരുക്കിയിരിക്കുന്നു
വംശനാശത്തിന്റെ വക്കിലെത്തിയ വനസസ്യങ്ങളായ ചോരപൈന്‍, കരിഞ്ഞാറ, പാലോഡല്‍ഞാറ, കാക്ക കരിമരം, മലഞ്ചോടി, കാട്ട് അശോകം, കുരങ്ങുപ്ലാവ് തുടങ്ങിയ സസ്യങ്ങളെ റെഡ് ഡേറ്റ സോണായി പരിപാലിക്കുന്നു. ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്ന രക്തചന്ദനം, ചന്ദനം, വെള്ള അകില്‍ എന്നിവയെ ത്രിഗന്ധ എന്ന പേരിലും താന്നിക്ക, നെല്ലിക്ക, കടുക്ക എന്നിവയെ ത്രിഫല എന്ന പേരിലും തിപ്പലി, കുരുമുളക്, ഇഞ്ചി ഇവയെ ത്രികടു എന്ന പേരിലും വളര്‍ത്തുന്നു. കൂടാതെ അത്തി, ഇത്തി, അരയാല്‍, പേരാല്‍ ഇവയെ നാല്‍പാമരം എന്ന പേരിലും വളര്‍ത്തുന്നു. മാംസഭോജി സസ്യമായ നെഷാന്തസ്, വായു സസ്യങ്ങളായ ടില്ലാന്‍ഡ് സിയ, സ്പാനിഷ് മോസ് എന്നിവയെ പ്രത്യേകം പരിപാലിക്കുന്നു. ചെമ്പരത്തി, ചെത്തി, ഡ്രസിന ഇവയുടെ അനേകം ഇനങ്ങളെയും നട്ട് വളര്‍ത്തുന്നുണ്ട്.
ജൈവവൈവിധ്യങ്ങളുടെ കലവറയായ ഈ പുരയിടം. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജൈവവൈവിധ്യ സംരക്ഷകന്‍ എന്ന അവാര്‍ഡ് നല്‍കിയിട്ടുണ്ട്. കൂടാതെ സംസ്ഥാന വകുപ്പിന്റെ വനമിത്ര അവാര്‍ഡും ഗുരുശ്രേഷ്ഠ, പര്യാവരണ്‍മിത്ര, ഗ്ലോബല്‍ ടീച്ചര്‍ റോള്‍ മോഡല്‍ അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകളും തോമസ് മാസ്റ്ററെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോള്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി ദാമോദര്‍ ഫൗണ്ടേഷന്‍ മികച്ച ജൈവകര്‍ഷകനുള്ള അക്ഷയശ്രീ അവാര്‍ഡ് നല്‍കി തോമസ് മാസ്റ്ററെ ആദരിച്ചത് ദിവസങ്ങള്‍ക്കുമുമ്പായിരുന്നു. പ്രശസ്തിപത്രവും 50,000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും അടങ്ങുന്നതായിരുന്നു ആ അവാര്‍ഡ്. കൂടത്തായി ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകനായിരുന്ന തോമസ് മാഷ്, ജന്തുശാസ്ത്രത്തിലും പരിസ്ഥിതി ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നൂറോളം പരിസ്ഥിതി ക്ലാസുകള്‍ എടുത്തിട്ടുള്ള ഇദ്ദേഹം തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ ദൈവാലയ ഇടവകാംഗമാണ്.
Leave a Comment
Your email address will not be published. Required fields are marked with *