Follow Us On

22

April

2025

Tuesday

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം തീരാനഷ്ടം: ആര്‍ച്ചുബിഷപ് തോമസ് ജെ. നെറ്റോ

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം തീരാനഷ്ടം: ആര്‍ച്ചുബിഷപ് തോമസ് ജെ. നെറ്റോ

തിരുവനന്തപുരം: ഫ്രാന്‍സിസ് പാപ്പയുടെ വിയോഗം ലോകമെമ്പാടുമുള്ള സര്‍വമനുഷ്യര്‍ക്കും തീരാനഷ്ടമാണെന്ന് തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ.

കുടിയേറ്റക്കാരോടും പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന ജനതകളോടും കാണിച്ച കരുണയുടെയും കരുതലിന്റെയും സഹാനുഭൂതിയുടെയും സമീപനം പാപ്പയെ വ്യത്യസ്തനാക്കുന്നു.

2015 ല്‍ ലോകം നേരിടുന്ന കാലാവസ്ഥ പ്രതിസന്ധികളെ പരിഗണിച്ച് പ്രസിദ്ധീകരിച്ച ‘Laudatosi അങ്ങേക്ക് സ്തുതി’ എന്ന ചാക്രിക ലേഖനം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് നല്‍കിയത്. വരും തലമുറയ്ക്കുകൂടി ഭൂമിയെ സംരക്ഷിക്കാനുള്ള വലിയ ക്ഷണമാണ് മാര്‍പാപ്പ ലോകത്തിന് നല്‍കിയത്.

ലോകമാസകലമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഒരാത്മീയാചാര്യനില്‍നിന്ന് ലഭിക്കുന്ന വലിയ പ്രോത്സാഹനവും പിന്തുണയും ആയിരുന്നു ചാക്രികലേഖനം. വേണ്ടത്ര ഗൗരവത്തില്‍ ലോകം ഈ സന്ദേശം ഏറ്റെടുക്കാതിരുന്ന സന്ദര്‍ഭത്തിലാണ് ‘Laudate Deum ദൈവത്തിന് സ്തുതി’ എന്ന അപ്പസ്‌തോലിക ആഹ്വാനം 2023 ല്‍ പ്രസിദ്ധീകരിച്ചത്.

കോവിഡ് 19 എന്ന മഹാമാരിയില്‍ ലോകം പകച്ചുനില്‍ക്കുമ്പോള്‍ പോപ്പ് ഫ്രാന്‍സിസ് സന്ധ്യാസമയങ്ങളില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുന്നില്‍ വന്ന് ആശങ്കാകുലമായ ലോകത്തെ മുഴുവന്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത് പതിവായിരുന്നു. 2020 ല്‍ പ്രസിദ്ധീകരിച്ച ‘സര്‍വരും സഹോദരങ്ങള്‍’ എന്ന ചാക്രിക ലേഖനത്തിലൂടെ പതറിനില്‍ക്കുന്ന ലോകജനതയെ മുഴുവനും ‘സ്‌നേഹത്തിന്റെയും സര്‍വ സാഹോദര്യത്തിന്റെയും’ അരൂപിയിലേക്ക് ക്ഷണിച്ചു.

2021 ല്‍ പാപ്പ സഭയില്‍ പ്രഖ്യാപിച്ച ‘സിനഡ്’, ലോകമെമ്പാടുമുള്ള സര്‍വ ജനങ്ങളെയും മനുഷ്യസാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നു. 2024 ഒക്‌ടോബര്‍ മാസം സമാപിച്ച സിനഡ് സമ്മേളനം ഏവരെയും ആത്മീയ സംഭാഷണത്തിലൂടെ അരൂപിയുടെ വെളിപ്പെടുത്തലിനായി തങ്ങളുടെ ഹൃദയങ്ങളെ തുറക്കാന്‍ ക്ഷണിക്കുന്നു.

പരമാചാര്യനായ പരിശുദ്ധ പാപ്പയുടെ ദേഹവിയോഗത്തില്‍ തിരുവനന്തപുരം ലത്തീന്‍ സഭയുടെയും കേരള, ഭാരത സഭകളുടെയും സുമനസുകളുടെയും നാമത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?