ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് ദുഃഖത്തിലാണ്ട് ലോകം. വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര പ്രസ്ഥാനങ്ങളും സഭാസംവിധനങ്ങളും പ്രത്യേകമായ ദുഃഖാചരണം പ്രഖ്യാപിച്ചു. പാപ്പയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ട് ദിനങ്ങള്‍ക്ക് പുറമെ സംസ്‌കാര ദിനത്തിലുമാണ് ഇന്ത്യയിലെ ദുഃഖാചരണം. ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികള്‍ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രതിനിധി സംഘത്തെയും അയയ്ക്കും.
ആത്മീയ ധീരതയുടെ ദീപസ്തംഭമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് പ്രധാനമന്ത്രി മോദിയുടെ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ദുരിതവും പ്രയാസവും അനുഭവിക്കുന്നവര്‍ക്ക് പ്രതീക്ഷയുടെ നാളമായിരുന്നു അദ്ദേഹം. ഇന്ത്യയോട് എന്നും മമതയോടെയാണ് അദ്ദേഹം പെരുമാറിയതെന്നും പ്രധാനമന്ത്രി സ്മരിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള ആദരസൂചകമായി യുഎസില്‍ ഉടനീളമുള്ള പതാകകള്‍ താഴ്ത്തിക്കെട്ടാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കി. മാര്‍പാപ്പയുടെ മൃതസംസ്‌കാരം നടക്കുന്ന ദിവസം സൂര്യാസ്തമയം വരെ പതാക താഴ്ത്തിക്കെട്ടുവാനാണ് നിര്‍ദേശം.
ഫ്രാന്‍സിസ് പാപ്പ മഹാനായ മനുഷ്യനും വലിയ ഇടയനുമായിരുന്നുവെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സൗഹൃദം, ഉപദേശങ്ങള്‍, പ്രബോധനങ്ങള്‍ എന്നിവ ആസ്വദിക്കാന്‍ സാധിച്ചത് അംഗീകാരമായി കാണുന്നെന്നും മെലോണി കൂട്ടിച്ചേര്‍ത്തു. ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍പോലും നന്മയും ജ്ഞാനവും നിറഞ്ഞ പാപ്പയെ അറിയാന്‍ കഴിഞ്ഞത് യഥാര്‍ത്ഥ ബഹുമതിയായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വദേശമായ അര്‍ജന്റീനയുടെ പ്രസിഡന്റ് ജാവിയര്‍ മിലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലായ്‌പ്പോഴും ഏറ്റവും ദുര്‍ബലരായവരുടെ പക്ഷം ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. യുദ്ധത്തിന്റെയും ക്രൂരതയുടെയും ഈ കാലഘട്ടത്തില്‍ അപരനെ കരുതുന്ന, മനസിന്റെ ഉടമയായിരുന്നു പാപ്പയെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിന്റെയും സേവനത്തിന്റെയും അനുകമ്പയുടെയും ഒരു പൈതൃകം ഫ്രാന്‍സിസ് മാര്‍പാപ്പ അവശേഷിപ്പിച്ചതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നമ്മുടെ പൊതു ഭവനത്തെ സംരക്ഷിക്കുക എന്നത് ധാര്‍മിക ദൗത്യവും ഉത്തരവാദിത്തവുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മനസിലാക്കി. ‘ലൗഡാറ്റോ സി’ എന്ന പാപ്പയുടെ ചാക്രികലേഖനം നാഴികക്കല്ലായി മാറിയ പാരീസ് ഉടമ്പടിക്ക് രൂപം നല്‍കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അനുസ്മരിച്ചു.
തന്റെ പ്രബോധനങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും, 21-ാം നൂറ്റാണ്ടിലെ നേതൃത്വത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ പുനര്‍നിര്‍വചിച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വിപണിയിലെ മൂല്യം സമൂഹത്തിലെ മൂല്യങ്ങളെ ഒരിക്കലും ഇല്ലാതാക്കരുതെന്ന് പാപ്പ മനസിലാക്കുകയും പഠിപ്പിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ദയയും വിനയവും അനുകമ്പയും കൊണ്ട് ജനങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന നേതാവാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നല്ല പ്രവൃത്തികളിലൂടെയും പ്രബോധനങ്ങളിലൂടെയും ആ പൈതൃകം തുടരുമെന്ന് രാജാവ് പറഞ്ഞു.
സങ്കീര്‍ണവും വെല്ലുവിളി നിറഞ്ഞതുമായ കാലഘട്ടത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിനും സഭയ്ക്കും ധീരമായ നേതൃത്വം നല്‍കിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തോടെ, കത്തോലിക്കാ സഭയ്ക്കും ലോകത്തിനും ദുര്‍ബലരുടെ ശക്തനായ വക്താവിനെയാണ് നഷ്ടമായതെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. റഷ്യന്‍ ഓര്‍ത്തഡോക്സ്, റോമന്‍ കത്തോലിക്കാ സഭകള്‍ തമ്മിലുള്ള സംഭാഷണവും റഷ്യയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ക്രിയാത്മക സഹകരണവും ഫ്രാന്‍സിസ് മാര്‍പാപ്പ സജീവമായി പ്രോത്സാഹിപ്പിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ കര്‍ദിനാള്‍ കെവിന്‍ ഫാരലിന് അയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രത്യാശ നല്‍കാനും പ്രാര്‍ത്ഥനയിലൂടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനും ഐക്യം വളര്‍ത്താനും ഫ്രാന്‍സിസ് മാര്‍പാപ്പക്ക് സാധിച്ചിരുന്നതായി ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയുടെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *