ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍. ആമേന്‍.
ഭൗമിക ജീവിതത്തിന്റെ ആസന്നമായ സായാഹ്നത്തിലേക്ക് കടക്കുന്നതായി അനുഭവപ്പെടുന്ന ഈ അവസരത്തില്‍, നിത്യജീവിതത്തില്‍ ഉറച്ച പ്രതീക്ഷയോടെ, എന്റെ മൃതസംസ്‌കാര സ്ഥലവുമായി മാത്രം ബന്ധപ്പെട്ട അന്ത്യാഭിലാഷങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ജീവിതത്തിലുടനീളം, ഒരു പുരോഹിതനും ബിഷപ്പും എന്ന നിലയിലുള്ള എന്റെ ശുശ്രൂഷയ്ക്കിടയിലും, എപ്പോഴും നമ്മുടെ കര്‍ത്താവിന്റെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന് എന്നെത്തന്നെ ഭരമേല്പിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍, ഉയിര്‍പ്പിന്റെ നാളിനായി കാത്തിരിക്കുന്ന എന്റെ ഭൗതിക ശരീരം സെന്റ് മേരി മേജര്‍ പേപ്പല്‍ ബസിലിക്കയില്‍ അടക്കം ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
എല്ലാ അപ്പോസ്‌തോലിക യാത്രയുടെയും തുടക്കത്തിലും അവസാനത്തിലും എന്റെ ഉദ്ദേശ്യങ്ങള്‍ ആത്മവിശ്വാസത്തോടെ മാതാവിനെ ഭരമേല്‍പ്പിക്കുകയും, അവളുടെ ആര്‍ദ്രവും മാതൃതസഹജവുമായ പരിപാലനത്തിന് നന്ദി പറയുകയും ചെയ്തിട്ടുള്ള ഈ പുരാതന മരിയന്‍ സങ്കേതത്തില്‍ എന്റെ അന്തിമ ഐഹിക യാത്ര അവസാനിക്കണമെന്ന് കൃത്യമായി ഞാന്‍ ആഗ്രഹിക്കുന്നു. പ്ലാനില്‍ കാണിച്ചിരിക്കുന്നതുപോലെ, പോളിന്‍ ചാപ്പലിനും (സാലസ് പോപ്പുലി റൊമാനിയുടെ ചാപ്പല്‍) ബസിലിക്കയിലെ സ്‌ഫോര്‍സ ചാപ്പലിനും ഇടയിലുള്ള ഇടനാഴിയിലെ ശ്മശാനത്തില്‍ എന്റെ മൃതകുടീരം തയാറാക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു.
മൃതകുടീരം നിലത്തായിരിക്കണം; ലളിതമായ, പ്രത്യേക അലങ്കാരങ്ങളില്ലാതെ, ഫ്രാന്‍സിസ്‌കസ് എന്ന ലിഖിതം മാത്രമുള്ളതായിരിക്കണം. മൃതകുടീരം ഒരുക്കുന്നതിനുള്ള ചെലവ് ഒരു ഗുണഭോക്താവ് വഹിക്കുന്നതാണ്. അതിനാവശ്യമായ പണം സെന്റ് മേരി മേജര്‍ പേപ്പല്‍ ബസിലിക്കയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ലൈബീരിയന്‍ ബസിലിക്കയുടെ അസാധാരണ കമ്മീഷണര്‍ കര്‍ദിനാള്‍ റൊലാന്‍ഡസ് മക്രിക്കാസിന് ഇത് സംബന്ധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്.
എന്നെ സ്‌നേഹിക്കുകയും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും കര്‍ത്താവ് ഉചിതമായ പ്രതിഫലം നല്‍കട്ടെ. എന്റെ ജീവിതത്തിന്റെ അവസാന ഭാഗത്തെ അടയാളപ്പെടുത്തിയ കഷ്ടപ്പാടുകള്‍, ലോകത്തിന്റെ സമാധാനത്തിനും ജനതകളുടെ സാഹോദര്യത്തിനും വേണ്ടി ഞാന്‍ കര്‍ത്താവിന് സമര്‍പ്പിക്കുന്നു.
സാന്താ മാര്‍ത്ത, 29 ജൂണ്‍ 2022
ഫ്രാന്‍സിസ്
Leave a Comment
Your email address will not be published. Required fields are marked with *