വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികദേഹം ഒരുനോക്കു കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങള്‍.
ഇന്നലെ രാവിലെ ഒമ്പതിന് കര്‍ദിനാള്‍മാരുടെയും ബിഷപ്പുമാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ സ്വിസ് ഗാര്‍ഡുകളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് മൃതദേഹപേടകം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കു കൊണ്ടുവന്നത്.
ഈ സമയം ബസിലിക്കയിലെ മണികള്‍ മുഴങ്ങുകയും ലത്തീന്‍ ഭാഷയില്‍ സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. വിശുദ്ധ പത്രോസ് ശ്ലീഹായുടെ കബറിടത്തിന്റെ മുകളിലുള്ള അള്‍ത്താരയുടെ മുന്നില്‍ മാര്‍പാപ്പമാരുടെ ഭൗതികദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന അതേ സ്ഥലത്തുതന്നെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മഞ്ചവും ഇടംപിടിച്ചത്. ഭൗതികദേഹം ബസിലിക്കില്‍ എത്തിച്ചപ്പോള്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്ക് കമര്‍ലെങ്കോ കര്‍ദിനാള്‍ കെവിന്‍ ഫാരെല്‍ നേതൃത്വം നല്‍കി.
ശനിയാഴ്ച രാവിലെ പ്രാദേശികസമയം പത്തിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നര) സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം അന്ത്യവിശ്രമം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയിലാണ്. റോമിലുള്ള നാലു മേജര്‍ ബസിലിക്കകളില്‍ ഒന്നാണ് പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളി.
Leave a Comment
Your email address will not be published. Required fields are marked with *