Follow Us On

26

April

2025

Saturday

അമ്മമടിത്തട്ടില്‍ അന്ത്യനിദ്ര… അന്ത്യനിദ്രക്കായി സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്ക്… എന്തുകൊണ്ട് സെന്റ് മേരി മേജര്‍ ബസിലിക്ക? ”നിന്റെ കബറിടം ഒരുക്കുക”

അമ്മമടിത്തട്ടില്‍ അന്ത്യനിദ്ര…  അന്ത്യനിദ്രക്കായി സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്ക്…  എന്തുകൊണ്ട് സെന്റ് മേരി മേജര്‍ ബസിലിക്ക?   ”നിന്റെ കബറിടം ഒരുക്കുക”

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ തയാറാക്കിയ മരണപത്രത്തില്‍ പറഞ്ഞത്പ്രകാരമാണ് പരമ്പരാഗത രീതിയില്‍ നിന്ന് വഴിമാറി ഫ്രാന്‍സിസ് പാപ്പക്ക് സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ മൃതകുടീരം ഒരുക്കിയത്. അതിനുള്ള കാരണവും വളരെ വ്യക്തമായി ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മരണപത്രത്തില്‍  എഴുതിയിട്ടുണ്ട്. ഒരോ അപ്പസ്‌തോലിക യാത്രയ്ക്ക് മുമ്പും ശേഷവും സെന്റ് മേജര്‍ ബസിലിക്കയില്‍ പരിശുദ്ധ മറിയത്തിന്റെ സവിധത്തിലെത്തി പാപ്പ പ്രാര്‍ത്ഥിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം കര്‍ദിനാള്‍ മാക്കറിക്കാസ് പറഞ്ഞതനുസരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ 126 പ്രാവശ്യം ഈ ദൈവാലയം സന്ദര്‍ശിച്ചിട്ടുണ്ട്.
ഒരു തവണ സന്ദര്‍ശനം കഴിഞ്ഞ് ”നിന്റെ കബറിടം ഒരുക്കുക” എന്ന് പരിശുദ്ധ അമ്മ മറിയം തന്നോട് പറഞ്ഞതായി മാര്‍പാപ്പ വെളിപ്പെടുത്തിയെന്നും കര്‍ദിനാള്‍ പറഞ്ഞു.

കൂടാതെ  മാര്‍പാപ്പ ആകുന്നതിന് മുമ്പ് തന്നെ സെന്റ്‌മേരി മേജറിനോട് പ്രത്യേകമായ ഭക്തി ഉണ്ടായിരുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ ‘ദി സക്‌സസര്‍’ എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ദൈവാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ലൂക്ക വരച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന സാലസ് പോപ്പുലി റൊമാനി (റോമന്‍ ജനതയുടെ സംരക്ഷക നാഥ) ചിത്രം ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ഏറെ പ്രിയപ്പെട്ട ചിത്രമായിരുന്നു. കോവിഡ് 19 മഹാമാരിയുടെ സമയത്ത് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വച്ച് പാപ്പ ഏകനായി  ലോകത്തിന് നല്‍കിയ അസാധാരണ ഉര്‍ബി എത് ഒര്‍ബി ആശിര്‍വാദത്തിന്റെ സമയത്ത് ഈ ചിത്രം പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ആഗോളസഭയുടെ പരമാധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ശേഷം സന്ദര്‍ശിച്ച ആദ്യ സ്ഥലങ്ങളിലൊന്നായിരുന്നു സെന്റ് മേരി മേജര്‍ ബസിലിക്ക. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം തികഞ്ഞ മരിയഭക്തനായ പാപ്പ അന്ത്യവിശ്രമത്തിനായി തന്റെ പ്രിയപ്പെട്ട അമ്മയുടെ മടിത്തട്ട് തിരഞ്ഞെടുക്കുമ്പോള്‍ അതിന് അത്ഭുതത്തിന് വകയൊന്നുമില്ല.

സെന്റ് മേരി മേജറിന്റെ ചരിത്രം
റോമിലെ അഞ്ച് മഹത്തായ പുരാതന ബസിലിക്കകളില്‍ ഒന്നായ സെന്റ് മേരി മേജറിന്റെ ചരിത്രം മറിയത്തിന്റെ ദൈവമാതൃത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. 431ല്‍ നടന്ന എഫെസൂസിലെ എക്യുമെനിക്കല്‍ കൗണ്‍സിലിനെ തുടര്‍ന്നാണ് ഈ ബസിലിക്കയുടെ വിപുലമായ പുനര്‍നിര്‍മ്മാണവും വിപുലീകരണവും നടന്നത്. ദൈവമാതാവെന്ന മറിയത്തിന്റെ സ്ഥാനപ്പേരുമായി ബന്ധപ്പെട്ട ഒരു തര്‍ക്കം തീര്‍ക്കാനാണ് ആ സമ്മേളനം വിളിച്ചത്.
എഡി 428ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ ആര്‍ച്ചുബിഷപ് ആയിരുന്ന നെസ്റ്റോറിയസും അനുയായികളും മറിയത്തെ ‘ദൈവത്തിന്റെ മാതാവ്’ എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് വാദിച്ചു. കാരണം അവള്‍ ദൈവിക വ്യക്തിയല്ല, യേശുവിലെ മനുഷ്യ വ്യക്തിയുടെ അമ്മയാണെന്നായിരുന്നു അവരുടെ വാദം. നെസ്റ്റോറിയന്‍ പാഷണ്ഡതയ്‌ക്കെതിരായ പോരാട്ടം നയിച്ചത് ഈജിപ്തിലെ അലക്‌സാണ്‍ഡ്രിയയിലെ സഭാപിതാവായ വിശുദ്ധ സിറില്‍ ആയിരുന്നു. വചനം മാംസമായ ദൈവത്തിന് ജന്മം നല്‍കിയപ്പോള്‍, രണ്ട് സ്വഭാവങ്ങളും ഒരു പോലെ ഉള്‍ച്ചേര്‍ന്ന, പൂര്‍ണമനുഷ്യനും പൂര്‍ണദൈവവുമായ ഈശോയെയാണ് മറിയം പ്രസവിച്ചതെന്നും അതുകൊണ്ട് മറിയത്തെ ദൈവത്തിന്റെ മാതാവ് എന്ന് വിളിക്കാമെന്നും സഭാപിതാവായ വിശുദ്ധ സിറില്‍ പഠിപ്പിച്ചു.

431 ജൂണ്‍, ജൂലൈ മാസങ്ങളില്‍ എഫേസൂസില്‍ ചേര്‍ന്ന കൗണ്‍സിലില്‍ ഈ തര്‍ക്കംപരിഹരിക്കുന്നതിനായി ഏകദേശം 200 ബിഷപ്പുമാര്‍ ഒത്തുകൂടി. അവര്‍ നെസ്റ്റോറിയസിനെ സ്ഥാനഭ്രഷ്ടനാക്കുകയും മറിയം യഥാര്‍ത്ഥത്തില്‍ ദൈവമാതാവാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ കൗണ്‍സില്‍ നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് യൂറോപ്പിലെ ഏറ്റവും പുരാതന മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായ സെന്റ് മേരി മേജര്‍ ബസിലിക്ക പുനഃനിര്‍മിക്കുന്നത്.
എന്നാല്‍ ഈ സംഭവത്തിനും മുമ്പ് നാലാം നൂറ്റാണ്ടിലെ ഒരു ഇതിഹാസത്തില്‍ നിന്നാണ് സെന്റ് മേരി മേജര്‍ ദൈവാലയത്തിന്റെ  കഥ ആരംഭിക്കുന്നത്. ഏകദേശം എഡി 350ല്‍ റോമില്‍ താമസിച്ചിരുന്ന സമ്പന്നരും കുട്ടികളില്ലാത്തവരുമായ ദമ്പതികള്‍ക്ക് മറിയം പ്രത്യക്ഷപ്പെട് മധ്യവേനല്‍ക്കാലത്ത് മഞ്ഞ് വീഴുന്ന സ്ഥലത്ത് തനിക്കായി ഒരു പള്ളി പണിയണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഈ സംഭവം ലിബീരിയസ് മാര്‍പ്പാപ്പയെ അറിയിച്ചു (352366), പാപ്പയും സമാനമായ ഒരു സ്വപ്‌നം കാണുകയും ചെയ്തു. വേനല്‍ച്ചൂടിന്റെ കൊടുമുടിയില്‍ ആഗസ്റ്റ് 5 ന്,  റോമിലെ ‘എസ്‌ക്വിലിന്‍ ഹില്‍’എന്ന പ്രദേശത്ത് അത്ഭുതകരമായി മഞ്ഞ് വീഴ്ച ഉണ്ടാവുകയും അവിടെ പരിശുദ്ധ മറിയത്തിന്റെ ക്രൈസ്തവ ദൈവാലയം നിര്‍മിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ലൈബീരിയസ് മാര്‍പാപ്പയുടെ കാലത്ത് നിര്‍മിച്ച ദൈവാലയം എന്ന നിലയില്‍ ഇതിനെ ലൈബീരിയന്‍ ബസിലിക്ക എന്നാണ് വിളിച്ചിരുന്നത്.
നിരവധി തവണ പുനര്‍നിര്‍മിക്കപ്പെട്ട ഈ ബസിലിക്ക, പരിശുദ്ധ അമ്മയുടെ മാതൃത്വത്തെയും ജീവിതത്തെയും ധ്യാനിക്കുന്നതിനായി മാര്‍പാപ്പമാര്‍ മുതല്‍ സാധരണക്കാര്‍ വരെ എത്തുന്ന പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായി കാലക്രമത്തില്‍ മാറുകയായിരുന്നു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?