ഫാ. തോമസ് തറയില്‍
(കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍)
പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ നമ്മോട് വിടപറഞ്ഞ് തന്റെ പ്രത്യാശയുടെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി സ്വര്‍ഗപിതാവിന്റെ ഭവനത്തിലേക്ക് യാത്രയായിരിക്കുന്നു. ആകസ്മികതകളുടെ അതിലുപരി അത്ഭുതങ്ങളുടെ ഒരു പാപ്പ എന്ന് വേണമെങ്കില്‍ ഫ്രാന്‍സിസ് പാപ്പയെ നമുക്ക് വിളിക്കാം. തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം സ്വീകരിച്ച പേരു മുതല്‍ വളരെ വ്യത്യസ്തനായിരുന്നു ഫ്രാന്‍സിസ് പാപ്പ. ചരിത്രത്തില്‍ ഒരു പാപ്പയും സ്വീകരിച്ചിട്ടില്ലാത്ത ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചുകൊണ്ട് തന്റെ ശ്രേഷ്ഠാചാര്യ ശുശ്രൂഷ അവിടുന്ന് ആരംഭിച്ചു. 12 വര്‍ഷങ്ങള്‍ ദീര്‍ഘിച്ച പ്രഥമാചാര്യ ശുശ്രൂഷയില്‍ ഏതാണ്ട് എല്ലാ ദിവസവും എന്നതുപോലെ അത്ഭുതങ്ങള്‍ സൃഷ്ടിച്ചാണ് പരിശുദ്ധ പിതാവ് കടന്നുപോയത്.
തന്റെ നിലപാടുകളും അഭിപ്രായങ്ങളും സധൈര്യം ലോകത്തോട് വിളിച്ചുപറഞ്ഞു. ആരുടെയും മുഖത്തു നോക്കി ക്രിസ്തീയ മൂല്യങ്ങളും സുവിശേഷ ആദര്‍ശങ്ങളും മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് സംസാരിക്കുവാന്‍ പരിശുദ്ധ പിതാവിന് സാധിച്ചു. ആടുകളുടെ മണമുള്ള ഇടയന്‍ എന്ന വിശേഷണത്തിന് തികച്ചും യോഗ്യനാണ് ഫ്രാന്‍സിസ് പാപ്പ. അദ്ദേഹത്തിന്റെ പ്രേക്ഷിത യാത്രകള്‍ ശ്രദ്ധിച്ചാല്‍ അതു മനസിലാകും. വളരെ തുച്ഛവും നിസാരവുമായ ക്രൈസ്തവ സമൂഹങ്ങളുള്ള രാജ്യങ്ങളിലേക്കുപോലും കടന്നുചെന്നുകൊണ്ട് അവരുടെ വിശ്വാസത്തെ പരിപോഷിപ്പിക്കുവാനും അവരെ ശക്തിപ്പെടുത്തുവാനും പ്രത്യാശയില്‍ നിലനില്‍ക്കുവാനും അവരെ പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു. അതേസമയം തന്റെ ശുശ്രൂഷ കത്തോലിക്ക വിശ്വാസികള്‍ക്കോ ക്രൈസ്തവ സമൂഹങ്ങള്‍ക്കോ മാത്രമുള്ളതാണെന്നൊരിക്കലും പരിശുദ്ധ പിതാവ് ചിന്തിച്ചില്ല. ലോകത്തിലെ എല്ലാ മനുഷ്യരെയും ജാതി മത വര്‍ഗ വര്‍ണ്ണ ഭാഷ വ്യത്യാസങ്ങള്‍ങ്ങള്‍ക്ക് അതീതമായി മനുഷ്യരായി കണ്ട് ദൈവമക്കളായി കണ്ട് സ്‌നേഹിക്കുവാനും ആദരിക്കുവാനും മനുഷ്യന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുവാനും എപ്പോഴും പരിശുദ്ധ പിതാവ് ശ്രദ്ധിച്ചിരുന്നു.
സിനഡാത്മക സഭയെ കെട്ടിപ്പെടുക്കുവാന്‍ ശക്തമായ ചുവടുവൈപ്പുകള്‍ നടത്തിക്കൊണ്ട് സഭയില്‍ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും സന്യസ്ഥര്‍ക്കും യുവജനങ്ങള്‍ക്കും ഒക്കെ ഉചിതമായ സ്ഥാനങ്ങള്‍ നല്‍കിക്കൊണ്ട് അവരെ സഭയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ പരിശുദ്ധ പിതാവ് ബദ്ധശ്രദ്ധനായിരുന്നു. അവസാന നാളുകളില്‍ രോഗബാധിതനായി ദീര്‍ഘകാലം ആശുപത്രിയില്‍ ചെലവഴിച്ചെങ്കിലും അവിടെ നിന്ന് മടങ്ങിവന്നപ്പോള്‍ ഡോക്ടര്‍മാര്‍ നല്‍കിയ ഉപദേശം രണ്ടുമാസമെങ്കിലും പൂര്‍ണ്ണ വിശ്രമം പാലിക്കണം എന്നതായിരുന്നു. എന്നാല്‍ സ്വന്തം ആരോഗ്യത്തേക്കാള്‍ തന്റെ ശുശ്രൂഷ ശ്രേഷ്ഠമായി കണ്ടുകൊണ്ട് ദൈവം തന്നില്‍ ഏല്‍പ്പിച്ച ദൗത്യം അന്ത്യം വരെയും വിശ്വസ്തതയോടെ നിറവേറ്റണമെന്ന നിര്‍ബന്ധബുദ്ധി ഉണ്ടായിരുന്ന പരിശുദ്ധ പിതാവ് കഴിഞ്ഞ പെസഹ വ്യാഴാഴ്ച ഓക്‌സിജന്‍ ട്യൂബ് പോലും മാറ്റിവച്ച് റോമിലെ ജയിലില്‍ ചെന്ന് അവിടുത്തെ അന്തേവാസികളെ കണ്ട് അവരെ ആശ്വസിപ്പിച്ച് മടങ്ങിവന്നു.
ഉത്ഥാന തിരുനാള്‍ ദിവസം വീല്‍ച്ചെയറിലെത്തി വത്തിക്കാന്‍ ചത്വരത്തില്‍ ഒരുമിച്ചുകൂടിയ ലക്ഷോപലക്ഷം വിശ്വാസ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് നഗരത്തിനും ലോകത്തിനും എന്നര്‍ത്ഥം വരുന്ന ഊര്‍ബി എത്തോര്‍ബി ആശീര്‍വാദം പരിശുദ്ധ പിതാവ് നല്‍കി. അവസാന സന്ദേശത്തിലും ലോകരാജ്യങ്ങളോട്, രാഷ്ട്രനേതാക്കന്മാരോട് പരിശുദ്ധ പിതാവ് നടത്തിയ അപേക്ഷ സമാധാനത്തിനു വേണ്ടിയായിരുന്നു. യുദ്ധങ്ങള്‍ അവസാനിപ്പിക്കുക, യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം അരുളുക, അഭയാര്‍ത്ഥികളോട് കാരുണ്യപൂര്‍വ്വം പെരുമാറുക ഇതൊക്കെയായിരുന്നു അവസാന ശ്വാസത്തിലും അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞത്. ഇങ്ങനെ ശ്രേഷ്ഠനായ ഒരു പരിശുദ്ധ പാപ്പയുടെ ശുശ്രൂഷ സ്വീകരിക്കുവാന്‍ ഭാഗ്യം ലഭിച്ചതിന് നമുക്ക് ദൈവത്തിന് നന്ദി പറയാം.
Leave a Comment
Your email address will not be published. Required fields are marked with *