ഫാ. മാത്യു ആശാരിപറമ്പില്‍
എന്റെ അടുത്ത സുഹൃത്തായ ഒരു മുന്‍ എംഎല്‍എ ഉണ്ട്. വിശ്വാസപൈതൃകമുള്ള കത്തോലിക്ക കുടുംബത്തില്‍ ജനിച്ച്, പത്താം ക്ലാസുവരെ അള്‍ത്താര ബാലനായി ശുശ്രൂഷ ചെയ്ത അദ്ദേഹം ഇന്ന് വിശ്വാസ അനുഷ്ഠാനങ്ങളില്‍നിന്നും തെല്ല് അകലെയാണ്. കുറച്ചു നാളുകള്‍ക്കുമുമ്പ് അദ്ദേഹം സംഭാഷണമധ്യേ ഇങ്ങനെ പങ്കുവച്ചു. ‘സഭാപ്രവര്‍ത്തനങ്ങളില്‍നിന്ന് ഞാന്‍ ഏറെ ദൂരെയാണെങ്കിലും ഈ ദിവസങ്ങളില്‍ ക്രിസ്തീയ വിശ്വാസത്തോടും സഭയോടും ഇത്തിരി അടുപ്പവും ആകര്‍ഷണവും എനിക്ക് തോന്നുന്നുണ്ട്. സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ എന്നെ അത്ഭുതപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ചിന്തകളും പഠനങ്ങളും അതിലുപരി ജീവിതശൈലികളും ഞാന്‍ മനസിലാക്കുന്ന ക്രിസ്തുവിന്റെ തുടര്‍ച്ചയായി മാറുകയാണ്. ക്രിസ്തു വീണ്ടും ഇറങ്ങിവന്നതുപോലെ…’
ഏപ്രില്‍ 21 ന് ഫ്രാന്‍സിസ് പാപ്പ നിത്യതയിലേക്ക് തിരിച്ചുനടന്ന ചരിത്രസംഭവത്തിന്റെ അലയൊലികള്‍ ലോകത്തിന്റെ മുഴുവന്‍ ചര്‍ച്ചാവിഷയമായി മാറുമ്പോള്‍, ഏറെ ജനങ്ങള്‍ ഫ്രാന്‍സിസ് പാപ്പയുടെ അപദാനങ്ങള്‍ അനുസ്മരിക്കുമ്പോള്‍ ഏതാണ്ട് രണ്ട് വര്‍ഷംമുമ്പ് നടന്ന ഈ പങ്കുവയ്ക്കല്‍ ഞാന്‍ ഓര്‍മിക്കുകയാണ്. ഇത് ആയിരങ്ങളുടെ ഹൃദയവികാരമാണ്.
ഇത്തരത്തില്‍ ചിന്തിച്ച, സംസാരിച്ച, പ്രവര്‍ത്തിച്ച ഒരു പാപ്പയുടെ ജീവിതസൗന്ദര്യം നുകര്‍ന്ന് ജീവിക്കുവാന്‍ ഈ കാലഘട്ടത്തില്‍ സാധിച്ചല്ലോ എന്ന് ഞാനും അഭിമാനംകൊള്ളുകയാണ്. ഈ ദിവസങ്ങളില്‍ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഫ്രാന്‍സിസ് പാപ്പയെ അനുസ്മരിക്കുന്നത് കേള്‍ക്കുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തെ എത്രമാത്രം സ്വാധീനിച്ചുവെന്ന് അത്ഭുതത്തോടെ നാം ഗ്രഹിക്കുന്നു.
വിശുദ്ധ ഫ്രാന്‍സിസ് അസീസി പുണ്യവാനെ രണ്ടാമത്തെ ക്രിസ്തുവെന്ന് നാം വിശേഷിപ്പിക്കുന്നു. ആ പുണ്യനാമം ഔദ്യോഗികമായി സ്വീകരിച്ച ഈ വലിയ ഇടയനെ മൂന്നാമത്തെ ക്രിസ്തുവെന്ന് വിളിക്കാമെന്ന് എനിക്ക് തോന്നുന്നു. ക്രിസ്തുവിന്റെ ആധുനിക കാലഘട്ടത്തിലെ ഏറ്റവും നല്ല ഉദാഹരണവും തുടര്‍ച്ചയുമാണ് ഫ്രാന്‍സിസ് പാപ്പ. ക്രിസ്തുവിന്റെ സുവിശേഷത്തെ ഏറ്റവും സുന്ദരമായി, സ്വീകാര്യമായി ഈ ദശകത്തില്‍ അവതരിപ്പിച്ച ഈ പുണ്യാത്മാവ് ക്രിസ്തുവിന്റെ ജീവിതം ഇന്നും പ്രായോഗികമാണെന്നും അവതരിപ്പിക്കാനാവുന്നതുമാണെന്ന് തെളിയിച്ചു. പ്രസംഗിക്കുവാന്‍ മാത്രമല്ല, ജീവിക്കുവാനും സാധിക്കുന്ന ദര്‍ശനമാണ് യേശുക്രിസ്തുവെന്ന് ഈ പാപ്പ നമ്മെ പഠിപ്പിച്ചു.
ഹൃദയവിശാലത
എന്റെ സമീപത്തുള്ള വലിയ മൈതാനത്തെ കൗതുകത്തോടെ ഞാന്‍ വീക്ഷിക്കാറുണ്ട്. മൈതാനം ഒരു ദൗത്യംമാത്രം നിറവേറ്റാനുള്ള ഗ്രൗണ്ട് അല്ല. വിവിധങ്ങളായ കളികളെയും സംഭവങ്ങളെയും സമ്മേളനങ്ങളെയും ഇത് ഉള്‍ക്കൊള്ളുന്നു. ഒരു ഭാഗത്ത് ഫുട്‌ബോള്‍ കളിക്കുന്നു, മറുഭാഗത്ത് വോളിബോളും ഷട്ടിലും, പന്ത് തട്ടി പ്രാക്ടീസ് ചെയ്യുന്നു, നടക്കുന്നവരും ഓടുന്നവരും യോഗ പരിശീലിക്കുന്നവരുമുണ്ട്. കഴിഞ്ഞമാസം ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തന്നെ രാത്രിയിലും പകലുമായി നടത്തപ്പെട്ടു. പാര്‍ട്ടികളുടെ സമ്മേളനങ്ങളും സ്‌കൂളുകളുടെ കായികമത്സരങ്ങളും നടന്നു. അതായത് എല്ലാത്തരം പ്രവര്‍ത്തനങ്ങളെയും വിനോദങ്ങളെയും ഉള്‍ക്കൊള്ളുവാനാകുന്ന വിശാലതയാണ് വലിയ മൈതാനം.
ഈ കാലഘട്ടത്തില്‍ ഒരു മൈതാനത്തിന്റെ മനസ് സൂക്ഷിച്ച വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ. അനേകര്‍ അദ്ദേഹത്തെ അവലോകനം ചെയ്യുകയും അപദാനങ്ങള്‍ വര്‍ണിക്കുകയും ചെയ്യുമ്പോള്‍ എല്ലാ ചിന്തകളെയും എല്ലാ മനുഷ്യരെയും എല്ലാ വീക്ഷണങ്ങളെയും ഉള്‍ക്കൊള്ളുവാന്‍മാത്രം വിശാലതയുള്ള ഒരു മൈതാനമായിരുന്നു അദ്ദേഹത്തിന്റെ മനസെന്ന് കുറിക്കുവാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. സാധാരണ നേതാക്കന്മാരുടെ ദൃഷ്ടിയിലും ശ്രദ്ധയിലുംപെടാതെ മാറ്റിനിര്‍ത്തപ്പെട്ടവരും വെറുപ്പോടെ അകറ്റി നിര്‍ത്തിയവരുമായ ആയിരങ്ങളെ ചേര്‍ത്തണയ്ക്കാന്‍ അദ്ദേഹം തയാറായി. അതാണ് ക്രിസ്തുവിന്റെ തിരുഹൃദയത്തിന്റെ തുറവി. ചേര്‍ത്തുനിര്‍ത്തുവാന്‍ അദ്ദേഹം താല്‍പര്യം കാട്ടിയ കുറച്ച് ജനവിഭാഗങ്ങളെ പ്രത്യേകം സൂചിപ്പിക്കട്ടെ.
സ്ത്രീകള്‍
സ്ത്രീകളെ ആദരിക്കുവാനും അവരുടെ നന്മകളെ എടുത്തുപറയുവാനും സഭയിലെ പ്രധാന ഉത്തരവാദിത്വങ്ങളിലേക്ക് അവരെ പ്രതിഷ്ഠിക്കുവാനും അദ്ദേഹം ധൈര്യവും തീക്ഷ്ണതയും പ്രകടിപ്പിച്ചു. മുഖംമറച്ചും മാറ്റിനിര്‍ത്തപ്പെട്ടും ഒന്നിച്ച് ഭക്ഷിക്കുവാനും പ്രാര്‍ത്ഥിക്കുവാനും പഠിക്കുവാനും സാധിക്കാതെ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ജനതകളുടെ മുമ്പില്‍ സ്‌ത്രൈണഭാവത്തിന്റെ നന്മകള്‍ മഴവില്ലായി അദ്ദേഹം പ്രദര്‍ശിപ്പിച്ചു. കാല്‍ കഴുകുവാന്‍ സ്ത്രീയുടെ മുമ്പില്‍ മുട്ടുകുത്തുവാന്‍ ഇനിയും നാം വളരണം.
കുഞ്ഞുങ്ങള്‍
കുഞ്ഞുങ്ങളുടെ കുരുത്തക്കേടുകളും കുസൃതിത്തരങ്ങളും കരച്ചിലുകളും അദ്ദേഹത്തിന്റെ മനസിന്റെ താളംതെറ്റിച്ചില്ല. തലയിലെ തൊപ്പി എടുത്ത കുഞ്ഞിനെയും തന്റെ കസേരയില്‍ കയറിയിരുന്ന വിരുതനെയും യോഗത്തിനിടെ അലറിക്കരഞ്ഞവനെയും അദ്ദേഹം നുള്ളിപ്പറിച്ചില്ല, അള്‍ത്താരയില്‍നിന്ന് പ്രാകിയില്ല (ഞങ്ങള്‍ അച്ചന്മാര്‍ കണ്ടുപഠിക്കണം…!!).
രോഗികള്‍, വൈകല്യമുള്ളവര്‍
ലക്ഷങ്ങള്‍ പങ്കെടുക്കുന്ന വേദികളിലും രോഗികളെയും വൈകല്യമുള്ളവരെയും തിരയുന്ന കണ്ണുകളും തലോടുന്ന കരങ്ങളും അദ്ദേഹം സൂക്ഷിച്ചു. ശരീരം മുഴുവന്‍ കുരുക്കളും വ്രണങ്ങളുമുള്ളവനെ കെട്ടിപ്പിടിക്കുവാനും രോഗികളെ തലോടുവാനും കൈകള്‍ നീട്ടുമ്പോള്‍ ക്രിസ്തു വീണ്ടും പാലസ്തീനയിലൂടെ നടക്കുകയാണ്… സൗഖ്യത്തിന്റെ കുളിരുമായി ആയിരങ്ങള്‍ക്ക് മനസിനും ശരീരത്തിനും സൗഖ്യത്തിന്റെ കുളിര്‍ത്തെന്നലാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ജയില്‍വാസികള്‍, കുറ്റവാളികള്‍
തെറ്റിനെ ന്യായീകരിക്കാതെ ശിക്ഷിക്കുമ്പോഴും തെറ്റ് ചെയ്തവന്റെ മനസിലേക്ക് എത്തിനോക്കുവാന്‍ ആ ഹൃദയം തുടിച്ചു. ജയില്‍ സന്ദര്‍ശിക്കുവാനും ജയില്‍വാസികളുടെ കാല്‍ പെസഹായ്ക്ക് കഴുകുവാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്, ആരെയും തള്ളിക്കളയാത്ത മനസിന്റെ മാസ്മരികതയാണ്. തെറ്റുചെയ്തുവെന്നുവച്ച് എന്നും പുറത്തുനിര്‍ത്തേണ്ടവനല്ല ഓരോ കുറ്റവാളിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത് പൂര്‍ണമായി ഉള്‍ക്കൊള്ളുവാന്‍ നമുക്കെന്ന് സാധിക്കും! ആരോപണങ്ങളുടെ പേരില്‍പോലും സ്വന്തം കൂടപ്പിറപ്പിനെപ്പോലും വീട്ടില്‍ കയറ്റാത്തവരും തല്ലിക്കൊല്ലുന്നവരുമായ നാം പുണ്യത്തിന്റെ ഹല്ലേല്ലൂയ്യകള്‍ പാടുകയാണ്!
അഭയാര്‍ത്ഥികള്‍
തങ്ങളുടെ ജന്മനാട്ടില്‍നിന്ന് അഭയാര്‍ത്ഥികളായി അന്യരാജ്യങ്ങളിലേക്ക് അഭയം തേടിയെത്തുന്നവരുടെ മുമ്പില്‍ വാതില്‍ കൊട്ടിയടക്കപ്പെടുന്ന പാശ്ചാത്യലോകങ്ങളെ ശാസിക്കുവാനും വിമര്‍ശിക്കുവാനും അദ്ദേഹം തയാറായത്, വാതില്‍ തുറക്കുന്ന മനസ് കരങ്ങളില്‍ സൂക്ഷിക്കുന്നതുകൊണ്ടാണ്. ഇടുങ്ങിയ വീക്ഷണങ്ങളാല്‍ അതിര്‍ത്തികള്‍ കൊട്ടിയടക്കുന്നവരും മതില്‍ പണിയുന്നവരും അഭയം തേടിയെത്തുന്നവരെ ആട്ടിയോടിക്കുകയാണ്. സുവിശേഷം മറന്നുപോകുന്നു.
കുടിയേറ്റക്കാര്‍
അന്യരാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ അതിക്രമങ്ങളാല്‍ അസ്വസ്ഥമാകുകയാണ് പാശ്ചാത്യലോകം. തങ്ങളുടെ സംസ്‌കാരവും തനിമയും രാജ്യംതന്നെയും ഈ കുടിയേറ്റക്കാര്‍ നശിപ്പിക്കുമെന്ന ഭീതി ലോകത്തെ കാര്‍ന്നുതിന്നുകയാണ്. വലതുപക്ഷ തീവ്രവാദത്തിന്റെ ചിന്തകള്‍ ലോകത്തില്‍ വേഗത്തില്‍ പടരുന്നു. അവരുടെ ആശങ്കകള്‍ ന്യായമാണെങ്കിലും കുടിയേറ്റക്കാരെ ശത്രുക്കളായി കാണുന്ന, അവരെ അടിച്ചമര്‍ത്തുന്ന ശൈലി ക്രിസ്തീയമല്ലെന്ന് പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളുവാനായി നെഞ്ച് വിരിക്കുവാനും കൈകള്‍ വിടര്‍ത്തുവാനും നാം വളരുമ്പോഴാണ് ക്രിസ്തു നമ്മില്‍ രൂപപ്പെടുന്നത്. ഈജിപ്തിലേക്ക് പലായനം ചെയ്ത തിരുക്കുടുംബത്തെ മറക്കരുത്.
വൈദികര്‍, സമര്‍പ്പിതര്‍
സഭയിലെ ശുശ്രൂഷകരായ വൈദികരുടെയും സമര്‍പ്പിതരുടെയും തെറ്റുകള്‍ക്ക് ലോകത്തോട് മാപ്പുചോദിച്ചുകൊണ്ട്, ഒരിക്കല്‍കൂടി കര്‍ത്താവിന്റെ പാത പിന്‍ചെല്ലുന്നവരെ അദ്ദേഹം ചേര്‍ത്തുപിടിക്കുകയാണ്. ആയിരക്കണക്കിന് സമര്‍പ്പിതരുടെ പ്രാര്‍ത്ഥനകളും കണ്ണീരും അധ്വാനങ്ങളും വിലപ്പെട്ടതായി അദ്ദേഹം വാഴ്ത്തി. താന്‍ ഫ്രാന്‍സിസ് പാപ്പയുടെ സഭയിലെ അംഗമാണെന്ന് പറയുവാന്‍ ഓരോ വൈദികനും അഭിമാനം തോന്നുന്നു.
മണ്ണിനെയും മരങ്ങളെയും പുണര്‍ന്നവന്‍
പ്രകൃതിയുടെ തുടിപ്പുകള്‍ ഹൃദയതാളമായി ഏറ്റെടുത്ത് മഴയെയും പുഴയെയും മണ്ണിനെയും പൂക്കളെയും താലോലിച്ച് ദൈവത്തെ വാഴ്ത്തുവാന്‍ അദ്ദേഹത്തിന്റെ ഹൃദയം തുടിച്ചു. പ്രകൃതിസ്‌നേഹത്തിന്റെ വിശ്വഗായകനായി അദ്ദേഹം മാറി. അതെ, ആരെയും തള്ളിക്കളയാതെ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാലമായ മനസ് അദ്ദേഹം എന്നും കാത്തുസൂക്ഷിച്ചു. വിരുദ്ധ വീക്ഷണങ്ങളും വിമര്‍ശനങ്ങളും അരോചകമായി അദ്ദേഹത്തിന് തോന്നിയില്ല. ദൈവസ്‌നേഹത്തിന്റെ ഈ അനശ്വരഗായകന്, ഒരു പല്ലവിയും അന്യമല്ല. ഇടുങ്ങിയ മനസും സ്വാര്‍ത്ഥമായ കാഴ്ചപ്പാടുകളുമായി വേലിക്കെട്ടുകള്‍ തീര്‍ക്കുകയും പരസ്പരം ആക്രോശിക്കുകയും ചെയ്യുന്നവരുടെ ഈ കാലഘട്ടത്തില്‍ മതിലുകള്‍ പൊളിക്കുവാനും പരസ്പരം കൈകോര്‍ക്കുവാനും ഒന്നിച്ച് നടക്കുവാനും പ്രേരിപ്പിക്കുന്നതിനെക്കാള്‍ വലിയ പുണ്യം വേറെ എന്തുണ്ട്?
എത്ര കണ്ടാലും കൊതി തീരാത്ത മൈതാനങ്ങള്‍ ഇനിയും ഉണ്ടാകണ്ടേ?
Leave a Comment
Your email address will not be published. Required fields are marked with *