റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍
(പ്രഫസര്‍, പൗരസ്ത്യ വിദ്യാപീഠം കോട്ടയം)
ആഗോള കത്തോലിക്കാസഭയുടെ തലവനായി കഴിഞ്ഞ പന്ത്രണ്ടുവര്‍ഷക്കാലം ഈശോയുടെ സുവിശേഷം ലോകത്തിനു പരിഭാഷപ്പെടുത്തിക്കൊടുത്ത ഫ്രാന്‍സിസ് പാപ്പയുടെ വിയോഗം നമ്മെയെല്ലാവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണല്ലോ. എങ്കിലും ഈശോയുടെ സഭയെ മുന്നോട്ടുനയിക്കാന്‍ കഴിവുള്ള വ്യക്തിയെ കണ്ടെത്തേണ്ടത് ആവശ്യമാണ്. റോമിലെ മെത്രാനെ അഥവാ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനായി റോമില്‍ വിളിച്ചുകൂട്ടുന്ന കര്‍ദിനാള്‍മാരുടെ യോഗമാണ് കോണ്‍ക്ലേവ്.
നടപടിക്രമങ്ങള്‍
പത്രോസിന്റെ പിന്‍ഗാമിയും സാര്‍വത്രികസഭയുടെ തലവനുമായ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനു ധാരാളം നടപടിക്രമങ്ങളുണ്ട്. ആ നടപടിക്രമങ്ങളില്‍ കാലാനുസ്യതമായ മാറ്റങ്ങള്‍ ഓരോ പാപ്പമാരും വരുത്തിയിട്ടുണ്ട്. പോള്‍ ആറാമന്‍ പാപ്പ ‘റൊമാനോ പൊന്തിഫിച്ചി എലിഗെന്‍ദോ’ എന്ന അപ്പസ്തോലിക രേഖയിലൂടെയും ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ ‘യൂണിവേഴ്സി ദൊമിനിച്ചി ഗ്രെജിസ്’ എന്ന അപ്പസ്തോലിക രേഖയിലൂടെയും തിരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ പരിഷ്‌ക്കരിക്കുകയുണ്ടായി. വോട്ടവകാശമുള്ള കര്‍ദിനാളുമാരുടെ എണ്ണം നൂറ്റിയിരുപതാണ്. ഇതു കുറഞ്ഞാലും കൂടാന്‍ പാടില്ലെന്നാണു നിയമം. മാത്രമല്ല, എണ്‍പതുവയസില്‍ താഴെയുള്ള കര്‍ദിനാള്‍മാര്‍ക്കുമാത്രമേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് വോട്ടുചെയ്യാന്‍ അവകാശമുള്ളൂ.
കമര്‍ലെങ്കോയുടെ സ്ഥാനം
സഭയുടെ അടുത്ത പാപ്പ ഭരണസാരഥ്യം ഏറ്റെടുക്കുന്നതുവരെ കമര്‍ലെങ്കോയാണു സഭയുടെ വിശിഷ്യാ വത്തിക്കാന്റെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. മാത്രമല്ല, പാപ്പ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം വഹിക്കുന്നതും കമര്‍ലെങ്കോ സ്ഥാനമലങ്കരിക്കുന്ന കര്‍ദിനാളായിരിക്കും. കര്‍ദിനാള്‍ കെവിന്‍ ഫാരല്‍ ആണ് നിലവിലെ കമര്‍ലെങ്കോ. കമര്‍ലെങ്കോയാണു നിലവിലുള്ള പാപ്പയുടെ മരണം സ്ഥിരീകരിക്കുന്നതിനായി അദ്ദേഹത്തെ മാമ്മോദീസപ്പേരുചൊല്ലി മൂന്നുപ്രാവശ്യം വിളിക്കുന്നത്. പാപ്പയുടെ മരണം ഉറപ്പുവരുത്തിയശേഷം അദ്ദേഹം പാപ്പയുടെ മരണസര്‍ട്ടിഫിക്കറ്റ് റോമാരൂപതയുടെ വികാര്‍ കര്‍ദിനാളിനെ ഭരമേല്‍പ്പിക്കുന്നതാണു രീതി.
രഹസ്യസ്വഭാവം
‘മാര്‍പാപ്പയായി കോണ്‍ക്ലേവിലേക്കു വരുന്നയാള്‍ കര്‍ദിനാളായി മടങ്ങിപ്പോകുന്നു’ എന്ന ഇറ്റാലിയന്‍ പഴഞ്ചൊല്ലുതന്നെ പാപ്പ തിരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം വ്യക്തമാക്കുന്നതാണ്. പാപ്പയുടെ മരണാനന്തരചടങ്ങള്‍ക്കും ഒമ്പതുദിവസത്തെ ദുഃഖാചരണത്തിനും ശേഷമാണ് കോണ്‍ക്ലേവിനായി കര്‍ദിനാള്‍മാര്‍ റോമില്‍ ഒരുമിച്ചുകൂടുന്നത്. പാപ്പായുടെ കാലശേഷം പതിനഞ്ചുദിവസങ്ങള്‍ക്കുശേഷമാണ് കോണ്‍ക്ലേവ് തുടങ്ങുന്നത്. പരമാവധി ഇരുപതു ദിവസംവരെ മാത്രമേ ഇതുനീട്ടി വയ്ക്കാനാകൂ. സിസ്റ്റൈന്‍ ചാപ്പലില്‍ വച്ചാണു കോണ്‍ക്ലേവ് കൂടുന്നത്. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍ തിരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്യണം. പ്രതിജ്ഞയെടുത്തശേഷം പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ പുറംലോകവുമായി കര്‍ദിനാള്‍മാര്‍ക്കു യാതൊരു ബന്ധവുമുണ്ടായിരിക്കുന്നതല്ല.
പരിശുദ്ധാത്മാവിന്റെ ഇടപെടല്‍
രാവിലെ വിശുദ്ധ കുര്‍ബാനയോടുകൂടിയാണു കോണ്‍ക്ലേവ് ആരംഭിക്കുന്നത്. ഉച്ചകഴിഞ്ഞ് യോഗ്യനായ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെടുന്നതിനാവശ്യമായ പരിശുദ്ധാത്മാവിന്റെ കൃപയ്ക്കായി കര്‍ദിനാള്‍മാര്‍ ഒരുമിച്ചു പ്രാര്‍ഥിക്കുന്നു. ‘എലിഗോ ഇന്‍ സുമ്മും പൊന്തിഫിച്ചെം…’ (മാര്‍പാപ്പയായി … നെ ഞാന്‍ തിരഞ്ഞെടുക്കുന്നു) എന്നാണു ദീര്‍ഘചതുരാകൃതിയിലുള്ള ബാലറ്റിന്റെ മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനു താഴെയായി പാപ്പയായി തിരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയുടെ പേരു കര്‍ദിനാള്‍മാര്‍ എഴുതുന്നു. സിസ്റ്റൈന്‍ ചാപ്പലില്‍ മൈക്കിള്‍ ആഞ്ചലോ വരച്ചിരിക്കുന്ന അന്ത്യവിധിയുടെ ചിത്രം ഉള്‍ക്കൊള്ളുന്ന അള്‍ത്താരയ്ക്കുമുമ്പിലായി വച്ചിരിക്കുന്ന പാത്രത്തില്‍ കര്‍ദിനാള്‍മാര്‍ വോട്ടുചെയ്ത ബാലറ്റ് രണ്ടായി മടക്കി നിക്ഷേപിക്കുന്നു. തുടര്‍ന്നു ബാലറ്റു എണ്ണി തിട്ടപ്പെടുത്തുന്നു.
അര്‍ത്ഥിക്കു മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടുന്നതുവരെ എല്ലാ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞുമായി നാലുപ്രാവശ്യമാണ് വോട്ടിംഗ് നടക്കുന്നത്. ഓരോ വോട്ടെടപ്പു കഴിയുമ്പോഴും ഫലം പ്രഖ്യാപിക്കുകയും നിയുക്തരായിരിക്കുന്ന മൂന്നു കര്‍ദിനാള്‍മാര്‍ അവ രേഖപ്പെടുത്തുകയും ചെയ്യുന്നു. വോട്ടിംഗില്‍ ആര്‍ക്കും മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടുന്നില്ലെങ്കില്‍ ബാലറ്റുകള്‍ ചാപ്പലിനോടത്തുള്ള അടുപ്പിലിട്ടു കറുത്ത പുകവരത്തക്ക രീതിയിലുള്ളപ്രത്യേക രാസവസ്തുക്കളും ചേര്‍ത്തു കത്തിച്ചുകളയുന്നു.
ഹബേമൂസ് പാപ്പാം
പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനാവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഒരു കര്‍ദിനാളിനു ലഭിച്ചാല്‍ കര്‍ദിനാള്‍ സംഘത്തിന്റെ തലവന്‍ അര്‍ത്ഥിയോടു സമ്മതം ചോദിക്കുന്നു. അര്‍ഥി സമ്മതിച്ചാല്‍ ബാലറ്റുകള്‍ ചാപ്പലിനോട് അടുത്തുള്ള അടുപ്പിലിട്ടു വെളുത്ത പുകവരത്തക്ക രീതിയിലുള്ളപ്രത്യേക രാസവസ്തുക്കള്‍ ചേര്‍ത്തു കത്തിച്ചുകളയുന്നു. തുടര്‍ന്ന്, എല്ലാ കര്‍ദിനാള്‍മാരും നിയുക്ത പാപ്പായോടുള്ള വിധേയത്വം പ്രഖ്യാപിക്കുന്നു. അദ്ദേഹം പാപ്പയുടെ നാമം തിരഞ്ഞെടുക്കുകയും പാപ്പായുടെ സ്ഥാനവസ്ത്രങ്ങള്‍ അണിയുകയും ചെയ്യുന്നു. ഏറ്റവും മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കനാണു പാപ്പയെ തിരഞ്ഞെടുത്തകാര്യം ‘ഹബേമൂസ് പാപ്പാം’ (നമുക്കു പാപ്പയെ ലഭിച്ചിരിക്കുന്നു) എന്നു പ്രഖ്യാപിച്ചുകൊണ്ട് ലോകത്തെ അറിയിക്കുന്നത്. ഫ്രഞ്ചുകാരനായ കര്‍ദിനാള്‍ ഡൊമിനിക് മാംബെര്‍ട്ടിയാണു നിലവിലെ മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കന്‍. തുടര്‍ന്നു നിയുക്ത പാപ്പ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട് റോമാ നഗരത്തിനും ലോകം മുഴുവനും ആശീര്‍വാദം (ഉര്‍ബി എത്ത് ഓര്‍ബി) നല്‍കുന്നതോടു കൂടി ചടങ്ങുകള്‍ സമാപിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *