അഡ്വ. ഫ്രാന്‍സീസ്
വള്ളപ്പുര സിഎംഐ
മണിപ്പൂര്‍ ഇന്ത്യയുടെ മാണിക്യമാണ്. രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ക്കാകെ മണിപ്പൂരിലെ അശാന്തി അസ്വസ്ഥതയുണ്ടാക്കുന്നു. അവിടെ ശാശ്വതമായി സമാധാനം ഉണ്ടാകണമെന്ന് ഇന്ത്യന്‍ ജനത ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു; രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന ഭരണാധിപന്മാരൊഴികെ. അക്കൂട്ടര്‍ക്ക് സമാധാനം പുലരണമെന്നില്ല. രണ്ടു വര്‍ഷത്തോളമാകുന്നു മണിപ്പൂര്‍ കലാപകലുഷിതമായിട്ട്. ഇരുനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വംശീയ കലാപത്തിന്റെ പേരില്‍ മുഖ്യമന്ത്രി ബിരേന്‍സിംഗ് അടുത്ത നാളില്‍ ഒരു ഖേദപ്രകടനം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഖേദപ്രകടനവും ക്ഷമയാചനയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയുക്തമാണോ എന്നതാണ് ചിന്താവിഷയം.
സമാധാനം കേവലം ആശംസിക്കാനുള്ളതല്ല, സ്ഥാപിച്ചെടുക്കാനുള്ളതാണ്. ജനാധിപത്യ വഴിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട് ഭരണഘടനയില്‍ തൊട്ടു സത്യംചെയ്ത് അധികാരത്തിലേറിയ മുഖ്യമന്ത്രി, താന്‍ അംഗമായ വിഭാഗത്തിനുവേണ്ടി മാത്രം നിലകൊള്ളുന്നത് സത്യപ്രതിജ്ഞാലംഘനവും ജനാധിപത്യവിരുദ്ധവുമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മൂല്യശോഷണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായെടുക്കാവുന്നതാണ്, മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍സിംഗിന്റെയും മന്ത്രിമാരുടെയും കെടുകാര്യസ്ഥത. മണിപ്പൂരില്‍ മാത്രമല്ല, ബിജെപി ഭരണത്തില്‍ രാജ്യത്താകെ മതനിരപേക്ഷതയ്ക്കു കടുത്ത ക്ഷതം സംഭവിച്ചിരിക്കുന്നു. ഭൂമിശാസ്ത്രപരമായി ഭാരതത്തിന്റെ മാണിക്യമായ മണിപ്പൂര്‍ വിഭജിക്കപ്പെട്ടുകഴിഞ്ഞു. ഈ മുറിവുണക്കാനുള്ള ഫോര്‍മുലയൊന്നും ഇതുവരെ ഉരുത്തിരിഞ്ഞിട്ടില്ല. കേന്ദ്ര ആഭ്യന്തമന്ത്രി അമിത്ഷാ കലാപഭൂമിയിലേക്ക് രണ്ടുതവണ എത്തിയെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണെന്ന ചിന്തപോലും രാജ്യത്തിന്റെ പ്രധാനമന്ത്രിക്കില്ല. റഷ്യ-യുക്രെയ്ന്‍ യുദ്ധകാര്യത്തില്‍ വരെ മുതലക്കണ്ണീരൊഴുക്കുന്ന പ്രധാനമന്ത്രി, സ്വന്തം രാജ്യത്തെ ഒരു സംസ്ഥാനം കത്തിയെരിഞ്ഞിട്ട് നാളിതുവരെ അങ്ങോട്ടു തിരിഞ്ഞുനോക്കിയിട്ടില്ല.
കരുണയുടെ കരങ്ങള്‍ നീട്ടി ഇംഫാല്‍ രൂപത
കലാപത്തെത്തുടര്‍ന്ന് ഭൂമിയും ഭവനവും നഷ്ടപ്പെട്ടവരായി എഴുപതിനായിരത്തോളം പേരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഭൂമിയും കിടപ്പാടവും നഷ്ടപ്പെട്ടവരിലെ അതിദരിദ്രരായ അറുന്നൂറോളം പേര്‍ക്ക് ഇംഫാല്‍ രൂപത ഭൂമി കണ്ടെത്തി വീടുകള്‍ നിര്‍മിച്ചു നല്‍കി അവരെ പുനരധിവസിപ്പിക്കുന്നതിന് ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. രൂപത ആര്‍ച്ച്ബിഷപ്പായ ലീനസ് നെലി, വികാരി ജനറാളും മലയാളിയുമായ ഫാ. വര്‍ഗീസ് വേലിക്കകം എന്നിവരുടെ നേതൃത്വത്തിലാണ് ഈ പുനരധിവാസ പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വര്‍ഗ-വര്‍ണ വൈജാത്യങ്ങളുടെ നെരിപ്പോട് ഊതിക്കത്തിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ഭരണാധികാരികള്‍ തന്നെ ഗൂഢാലോചന നടത്തിയതിന്റെ ഇരകളായ ഇവരെ സഹായിക്കാന്‍ കത്തോലിക്കാ സഭാ നേതൃത്വം മുന്നോട്ടു വന്നിരിക്കുന്നത് വളരെ ആശ്വാസകരമാണ്.
അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരുന്ന ബിരേന്‍സിംഗ്, ആഭ്യന്തരവും അന്തര്‍ദേശീയവുമായ സമ്മര്‍ദങ്ങള്‍ ഏറിയതോടെയാണ് രാജി സമര്‍പ്പിക്കാന്‍ തയാറായത്. 2025 ഫെബ്രുവരി 13-ന് വൈകുന്നേരത്തോടെയാണ് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു വിജ്ഞാപനമിറക്കിയത്.
അധികാരത്തില്‍നിന്നു പുറത്തായ ബിരേന്‍സിംഗിന്റെ ബാഹ്യ ഇടപെടലുകള്‍ മണിപ്പൂരിനെ കൂടുതല്‍ അരാജകത്വത്തിലേക്കു നയിക്കാനേ ഉപകരിക്കൂ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കലാപത്തീ അണയ്ക്കാനോ സമാധാനം പുനഃസ്ഥാപിക്കാനോ കേന്ദ്രവും പ്രധാനമന്ത്രിയും ശ്രമിക്കുന്നില്ലെന്നത് ഏറെ സംശയത്തോടെയാണ് ഇന്ത്യന്‍ ജനതയും വിദേശരാജ്യങ്ങളും ഉറ്റുനോക്കിയത്. അത് ബന്ധപ്പെട്ടവര്‍ മനസിലാക്കിയതോടെയാണ് ബിരേന്റെ രാജിനാടകം അരങ്ങേറിയതെന്നു കരുതാം.
വിഭജനം എന്ന പോംവഴി
‘വിഭജനമാണ് ഏക പോംവഴി’ മണിപ്പൂര്‍ കലാപത്തിന്റെ ആദ്യനാളുകളില്‍ ഉയര്‍ന്നുകേട്ട ഈ ശബ്ദം ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു. രാഷ്ട്രപതിഭരണം വന്നതോടെ ഈ ശബ്ദം കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുന്നു. ഈ ആവശ്യമുന്നയിച്ച് കുക്കി ഗിരിവര്‍ഗ മേഖലകളിലേക്ക് വമ്പന്‍ റാലി നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ചീഫ് സെക്രട്ടറി നേരിട്ടെത്തി ഇതു മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടത് രാഷ്ട്രപതിഭരണത്തിന്റെ കാര്‍ക്കശ്യം വെളിപ്പെടുത്തുന്നു. പ്രത്യേക ഭരണപ്രദേശം അനുവദിക്കരുതെന്ന ആവശ്യവുമായി മെയ്‌തെയികളും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. രാഷ്ട്രപതിഭരണം പിന്‍വലിച്ച് ബിരേന്‍സിംഗിനെ പുനഃപ്രതിഷ്ഠിക്കണമെന്നതും ഇവരുടെ അജന്‍ഡയാണ്.
രണ്ടു വര്‍ഷത്തോളമായി നീണ്ടുപോകുന്ന കലാപം സാധാരണ മണിപ്പൂരി നിവാസികളില്‍ സൃഷ്ടിച്ച അസാമാധാനവും പിരിമുറുക്കവും ചെറുതല്ല. ഒട്ടേറെപ്പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആത്മഹത്യ ചെയ്തു. എട്ടു മണിപ്പൂരികളില്‍ ഒരാള്‍ക്ക് മാനസികപ്രശ്‌നമുണ്ട്. അവിടെ ജോലി ചെയ്യുന്ന ജവാന്മാര്‍ പോലും മാനസികനില തകിടംമറിഞ്ഞവരാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ നിലയും വ്യത്യസ്തമല്ല. ഏതാനും തകരപ്പാളി വീടുകളാണ് ദുരിതാശ്വാസ ക്യാമ്പുകള്‍. ദുരിതാശ്വാസകാര്യത്തിലും ഭരണാധികാരികള്‍ രണ്ടു നീതിയാണു പുലര്‍ത്തുന്നത്. ഇംഫാല്‍ താഴ്‌വരയിലെ മെയ്‌തെയി ദുരിതാശ്വാസ ക്യാമ്പുകളില്‍ ലഭിക്കുന്ന ധനസഹായം കുക്കി മേഖലയില്‍ ഉള്ളവര്‍ക്കു ലഭിക്കുന്നില്ല.
പരിഹാരം അകലെ
കലാപത്തില്‍ കൊല്ലപ്പെട്ട ഹതഭാഗ്യരെക്കുറിച്ചോ 70,000 പേര്‍ ഭവനരഹിതരായിത്തീര്‍ന്നതിനെക്കുറിച്ചോ കൊടിയ പീഡനം അനുഭവിച്ച സ്ത്രീകള്‍ക്കോ പഠനം നഷ്ടമായ വിദ്യാര്‍ത്ഥികള്‍ക്കോ ബജറ്റില്‍ ഒരു കരുതലുമില്ല. തികഞ്ഞ അവഗണന മാത്രം. മണിപ്പൂരിന്റെ ഭരണസമ്പ്രദായത്തില്‍ മാറ്റം അനിവാര്യമായിരിക്കുന്നു. 53 ശതമാനം വരുന്ന മെയ്‌തെയികള്‍ക്ക് ആകെയുള്ള നിയമസഭാ മണ്ഡലങ്ങളില്‍ 40ഉം സംവരണം ചെയ്തിരിക്കുന്നു. എക്കാലവും ഭരണം മെയ്‌തെയ് വിഭാഗത്തിന്റെ പക്ഷത്തായിരിക്കുമെന്നുറപ്പ്. ഭരണവ്യവസ്ഥകള്‍ താഴ്‌വര കേന്ദ്രീകരിച്ചായിരിക്കും. ബജറ്റില്‍ 90 ശതമാനവും താഴ്‌വരയുടെ പുരോഗമനത്തിനുള്ളതാണ്. യാതൊരു തരത്തിലുള്ള പുരോഗമനവും മലനിരകളില്‍ ഉണ്ടാകരുത് എന്ന് ഒരു സംസ്ഥാനത്തിന്റെ ഭരണവ്യവസ്ഥ തീരുമാനിക്കുന്ന സ്ഥിതി! 10 ശതമാനം മാത്രം ഭൂപ്രദേശമുള്ള ഇംഫാല്‍ താഴ്‌വരയിലാണ് ബജറ്റിന്റെ 90 ശതമാനവും വിനിയോഗിക്കപ്പെടുന്നത്.
കലാപത്തിന്റെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രി ബിരേന്‍സിംഗ് തന്നെയാണെന്ന ആരോപണം സര്‍ക്കാരിലും പുറത്തും ശക്തമാണ്. 2023-ലെ രാജിനാടകം പ്രതിരോധിക്കാന്‍ സ്ത്രീകളെ ഇറക്കി രക്ഷപ്പെട്ടു. രണ്ടു വര്‍ഷത്തോളം വൈകിച്ച തീരുമാനത്തിലേക്ക് എത്തിയതിലെ ദുരൂഹത ഇപ്പോഴും നിലനില്‍ക്കുന്നു.
നമ്മുടെ രാജ്യത്ത് എപ്പോള്‍ വേണമെങ്കിലും, പല കാരണങ്ങള്‍കൊണ്ട് കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടാം. എന്നാല്‍, അതു ശമിപ്പിക്കാന്‍ വഴിതേടുന്നതിനു പകരം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത് ഏതെങ്കിലും ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമാണോ? അഭിനവ നീറോമാര്‍ ഇന്ത്യാ ചരിത്രത്തില്‍ ഇനിയും വരാതിരിക്കട്ടെ. പക്ഷം ചേര്‍ന്നുകൊണ്ടല്ലാതെ നയചാതുര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മാത്രമേ മണിപ്പൂരിലെ തീയണയ്ക്കാന്‍ കഴിയൂ എന്നു വ്യക്തമായിക്കഴിഞ്ഞു. ഇപ്പോഴുള്ള രാഷ്ട്രപതിഭരണത്തിനുശേഷം അത്തരമൊരു സ്ഥിരം സംവിധാനമുണ്ടാവണം. അല്ലാത്ത നടപടികള്‍ ഒരു കാലിലെ മന്ത് അടുത്ത കാലിലേക്ക് മാറ്റുക എന്നതുപോലെയാകും. മണിപ്പൂരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന സമാധാനം അങ്ങനെയേ തിരിച്ചുപിടിക്കാനാവൂ.
‘നാനാത്വത്തില്‍ ഏകത്വം’ എന്ന ഭാരതത്തിന്റെ കൊടിയടയാളത്തിനുമേല്‍ ബിരേന്‍ സിംഗുമാരുടെ കറുത്ത നിഴല്‍ വീഴാതിരിക്കട്ടെ. വര്‍ഗീയതയും ഫാസിസവും അറബിക്കടലിന്റെ അഗാധതകളിലേക്ക് എടുത്തെറിയപ്പെടട്ടെ, ജനാധിപത്യം പുലരട്ടെ.
Leave a Comment
Your email address will not be published. Required fields are marked with *