ഇടുക്കി: ഇടുക്കി രൂപതാ ദിനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ച രൂപതാ ദിനാചരണം മെയ് 13ന് ചൊവ്വാഴ്ച നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദൈവാലയത്തില്‍ നടക്കും.
2003ല്‍ കോതമംഗലം രൂപത വിഭജിച്ച് രൂപീകരിക്കപ്പെട്ട ഇടുക്കി രൂപതയുടെ ഇരുപത്തിരണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആണ് ഈ വര്‍ഷം രൂപതാദിനം ആചരിക്കുന്നത്. ക്രിസ്തുജയന്തിയുടെ ജൂബിലി വര്‍ഷം കൂടിയായ ഈ വര്‍ഷം വിപുലമായ പരിപാടികളോടെയാണ് രൂപതാ ദിനാചരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി മെയ് 9ന് ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ രൂപതയിലെ 2500 ഓളം കലാകാരികള്‍ അണിനിരക്കുന്ന മെഗാ മാര്‍ഗംകളി നടക്കും.
ഹൈറേഞ്ചില്‍ ആദ്യമായാണ് ഇത്തരത്തില്‍ മെഗാ മാര്‍ഗംകളി സംഘടിപ്പിക്കപ്പെടുന്നത്. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും എത്തിച്ചേരുന്ന കലാകാരികള്‍ ഇടുക്കി ന്യൂമാന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ അണിനിരക്കും. അവിടെനിന്നും റാലിയായി അവര്‍ ഇടുക്കി ഗ്രൗണ്ടില്‍ എത്തിച്ചേരും. കുട്ടികളും യുവതികളും അമ്മമാരും പങ്കെടുക്കുന്ന ഈ മെഗാ മാര്‍ഗംകളി ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. രൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ഈ നൃത്തവിരുന്ന് ആസ്വദിക്കാന്‍ എത്തിച്ചേരും.
12 തിങ്കളാഴ്ച രൂപതയിലെ ജൂബിലി തീര്‍ഥാടന കേന്ദ്രങ്ങളായ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നിന്നും വിശുദ്ധ തോമാശ്ലീഹായുടെ ഛായാചിത്ര പ്രയാണവും അടിമാലി സെന്റ് ജൂഡ് ദൈവാലയത്തില്‍ നിന്ന് ദീപശിഖാ പ്രയാണവും രാജകുമാരി ദൈവമാതാ ദൈവാലയത്തില്‍ നിന്നും പതാക പ്രയാണവും നെടുങ്കണ്ടത്തേക്ക് പുറപ്പെടും. വൈകുന്നേരം 5 മണിക്ക് നെടുങ്കണ്ടം കരുണ ആനിമേഷന്‍ സെന്ററില്‍ ഈ പ്രയാണങ്ങള്‍ എത്തിച്ചേരും. 5.30ന് അവിടെനിന്നും രൂപതാദിന വിളംബര വാഹന ജാഥ ആരംഭിക്കും. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന ഈ വിളംബര ജാഥ നെടുങ്കണ്ടം ടൗണിലൂടെ കടന്ന് സമ്മേളന നഗരിയില്‍ എത്തിച്ചേരും.
13 ചൊവ്വാഴ്ച രാവിലെ 8:45ന് സമൂഹ ബലിക്ക് ഒരുക്കമായുള്ള പ്രദക്ഷിണം നെടുംകണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ നിന്നും ആരംഭിക്കും. സമൂഹ ബലിക്ക് രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. രൂപതയിലെ മുഴുവന്‍ വൈദികരും സഹകാര്‍മികരായിരിക്കും. രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന സമര്‍പ്പിതരും എല്ലാ ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികളും പങ്കെടുക്കും.
തുടര്‍ന്നു നടക്കുന്ന സമ്മേളനം സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിക്കും. കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തും. ജഗദല്‍പൂര്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, എം.എം മണി എംഎല്‍എ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളവരുമായ രൂപതാഗംങ്ങളെ വേദിയില്‍ ആദരിക്കുമെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ട് അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *