Follow Us On

15

July

2025

Tuesday

ദൈവം ഒരുക്കിവച്ചിട്ടുള്ള രാജ്യത്തേക്ക് ഒരുമിച്ച് പ്രയാണം ചെയ്യാം ലിയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ പ്രസംഗത്തിന്റെ മലയാള പരിഭാഷ

ദൈവം ഒരുക്കിവച്ചിട്ടുള്ള രാജ്യത്തേക്ക് ഒരുമിച്ച് പ്രയാണം ചെയ്യാം  ലിയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ പ്രസംഗത്തിന്റെ മലയാള പരിഭാഷ
‘നിങ്ങള്‍ക്കു സമാധാനം!’
പ്രിയ സഹോദരീ സഹോദരന്മാരേ, ഇതായിരുന്നു ദൈവത്തിന്റെ അജഗണത്തിനായി സ്വന്തം ജീവന്‍ നല്‍കിയ നല്ല ഇടയനായ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ അഭിവാദ്യം. സമാധാനത്തിന്റെ ഈ അഭിവാദ്യം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിക്കാനും നിങ്ങളുടെ കുടുംബങ്ങളിലും എല്ലാ ആളുകളിലും, അവര്‍ എവിടെയായിരുന്നാലും, എല്ലാ രാജ്യങ്ങളിലും, ഭൂമി മുഴുവന്‍ എത്താനും ഞാനും ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ!
ഇതാണ് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം – നിരായുധമായ, നിരായുധീകരിക്കുന്ന, താഴ്മയും സ്ഥിരോത്സാഹവുമുള്ള സമാധാനം! അത് വരുന്നത് നമ്മെയെല്ലാം നിരുപാധികമായി സ്‌നേഹിക്കുന്ന ദൈവത്തില്‍ നിന്നാണ്. ഈസ്റ്റര്‍ പ്രഭാതത്തില്‍ റോമായ്ക്കും ലോകത്തിനും ആശീര്‍വാദം നല്‍കിയ ഫ്രാന്‍സിസ് പാപ്പയുടെ ദുര്‍ബലവും എന്നാല്‍ സുധീരവുമായ ആ ശബ്ദം ഇപ്പോഴും നമ്മുടെ ചെവികളില്‍ മുഴങ്ങുന്നുണ്ട്! അതേ അനുഗ്രഹം തുടരാന്‍ എന്നെ അനുവദിക്കുക.
ദൈവം നമ്മെയെല്ലാവരെയും സ്‌നേഹിക്കുന്നു, തിന്മ പ്രബലപ്പെടില്ല! നാമെല്ലാവരും ദൈവത്തിന്റെ കൈകളിലാണ്. അതിനാല്‍, ഭയമില്ലാതെ, ദൈവവുമായും പരസ്പരവും കൈകോര്‍ത്ത് നമുക്കു മുന്നോട്ട് പോകാം. നമ്മളെല്ലാം ക്രിസ്തുവിന്റെ ശിഷ്യരാണ്. ക്രിസ്തു നമുക്ക് മുമ്പേയുണ്ട്. ലോകത്തിന് അവിടുത്തെ പ്രകാശം ആവശ്യമാണ്. ദൈവത്തിനും അവിടുത്തെ സ്‌നേഹത്തിനും എത്തിച്ചേരാനുള്ള ഒരു പാലമായി ക്രിസ്തുവിനെ മനുഷ്യരാശിക്ക്  ആവശ്യമുണ്ട്. സംഭാഷണത്തി ലൂടെയും കണ്ടുമുട്ടലുകളിലൂടെയും പാലം പണിയുന്നവരാകാന്‍ നിങ്ങള്‍ ഞങ്ങളെയും പരസ്പരവും സഹായിക്കുക. അങ്ങനെ എല്ലായ്‌പ്പോഴും സമാധാനത്തോടെ ഒരു ജനമായി നമുക്ക് ഒരുമയോടെ നീങ്ങാം. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നന്ദി!
എല്ലായ്‌പ്പോഴും സമാധാനവും നീതിയും തേടുന്ന, സുവിശേഷം പ്രഘോഷിക്കാനും മിഷനറിമാരായിരിക്കാനും ഭയമില്ലാത്ത, യേശുക്രിസ്തുവിനോട് വിശ്വസ്തതയുള്ള സ്ത്രീ-പുരുഷന്മാരായി വര്‍ത്തിക്കുന്ന ഒരുമയുള്ള സഭയില്‍ പത്രോസിന്റെ പിന്‍ഗാമിയാ യിരിക്കാനും നിങ്ങളോടൊപ്പം ചരിക്കാനുമായി എന്നെ തിരഞ്ഞെടുത്ത എല്ലാ സഹോദര കര്‍ദിനാളന്മാര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
‘നിങ്ങളോടൊപ്പം ഞാന്‍ ഒരു ക്രിസ്ത്യാനിയും നിങ്ങള്‍ക്കു വേണ്ടി ഒരു മെത്രാനുമാണ്’ എന്ന് പറഞ്ഞ വിശുദ്ധ അഗസ്റ്റിന്റെ മകനാണ് ഞാന്‍. ഈയര്‍ത്ഥത്തില്‍, നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് ദൈവം നമുക്കായി ഒരുക്കിവച്ചിട്ടുള്ള മാതൃരാജ്യത്തേക്ക് പ്രയാണം ചെയ്യാം.
റോമിലെ സഭയ്ക്ക് ഒരു പ്രത്യേക അഭിവാദ്യം! ഒരു മിഷനറി സഭയായിരിക്കാന്‍, പാലങ്ങളും സംഭാഷണങ്ങളും സൃഷ്ടിക്കുന്ന, ഈ ചത്വരം പോലെ എപ്പോഴും തുറന്ന കൈകളോടെ നമ്മുടെ സഹായവും സാന്നിധ്യവും സംഭാഷണവും സ്‌നേഹവും ആവശ്യമുള്ള ഏവരെയും സ്വീകരിക്കുന്ന ഒരു സഭയായിരിക്കാന്‍ നാം നിരന്തരം പരിശ്രമിക്കണം.
പരിഭാഷ: ഫാ. ജോഷി മയ്യാറ്റില്‍
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?