കൊച്ചി : അഗസ്തീനിയന്‍ സഭയുടെ ജനറലെന്ന നിലയില്‍ രണ്ട് തവണ കേരളം സന്ദര്‍ശിച്ച ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെക്കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മകളുമായി പാപ്പ അംഗമായ അഗസ്തീനിയന്‍ സന്യാസ സഭയിലെ അംഗങ്ങള്‍. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുമായി നിരവധിതവണ വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുള്ള ഫാ. മെട്രോ സേവ്യര്‍, ഒഎസ്എ, പുതിയ പാപ്പയെ ‘അഗാധമായ ആത്മീയതയുടെ മനുഷ്യന്‍’ എന്നാണ് വിശേഷിപ്പിച്ചത്. ‘ ദീര്‍ഘനേരം അദ്ദേഹം നിശബ്ദമായി ദിവ്യകാരുണ്യ ആരാധനയില്‍ ചെലവഴിക്കാറുണ്ട്. സഭയോട് അദ്ദേഹത്തിന് ആഴമായ സ്‌നേഹവും മജിസ്റ്റീരിയത്തോടുള്ള വലിയ ബഹുമാനവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മീയ ജീവിതം പ്രാര്‍ത്ഥനയിലും ലാളിത്യത്തിലും വേരൂന്നിയിരിക്കുന്നു,” ഫാ. മെട്രോ കൂട്ടിച്ചേര്‍ത്തു.
‘പുതിയ പാപ്പ അവിശ്വസനീയമാംവിധം ലളിത ജീവിതം നയിക്കുന്ന വ്യക്തിയും ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാന്‍ തയാറുള്ളവനുമായിരുന്നു എന്ന് രണ്ട് തവണ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയോടൊപ്പം ഉണ്ടായിരുന്ന ഫാ. ജേക്കബ് മുല്ലശേരി, ഒഎസ്എ അനുസ്മരിച്ചു. ‘അദ്ദേഹം ഒരിക്കലും പ്രത്യേക പരിഗണന ആവശ്യപ്പെട്ടിരുന്നില്ല. ചെറിയ വാഹനങ്ങളിലാണ് അദ്ദേഹം സഞ്ചരിച്ചത്, ആലുവയിലും ഇടക്കൊച്ചിയിലും അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള മുറികളിലാണ് അദ്ദേഹം താമസിച്ചത്. അദ്ദേഹത്തിന്റെ വിനയം ഞങ്ങളെയെല്ലാം ആഴത്തില്‍ സ്പര്‍ശിച്ചു,’ ഫാ. മുല്ലശേരി പറഞ്ഞു.
ആഗോള കത്തോലിക്ക സഭയുടെ തലവനായി തിരഞ്ഞെക്കപ്പെട്ട ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സെന്റ് അഗസ്തീനിയന്‍ സന്യാസ സമൂഹത്തിന്റെ ജനറല്‍ പദവി വഹിച്ചിരുന്ന കാലത്ത് 2004 ലും 2006 ലുമാണ് കേരളം സന്ദര്‍ശിച്ചത്. അദ്ദേഹം നടത്തിയ സന്ദര്‍ശനങ്ങള്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ അഗസ്തീനിയന്‍ സമൂഹാംഗങ്ങളില്‍ അന്ന് ശാശ്വതമായ ഒരു മുദ്ര പതിപ്പിച്ചു. 2004-ല്‍ അദ്ദേഹം ആദ്യമായി സന്ദര്‍ശിച്ചപ്പോള്‍, വരാപ്പള്ളി അതിരൂപതയുടെ കീഴിലുള്ള ആലുവയിലെ മരിയാപുരത്തെയും കൊച്ചി രൂപതയുടെ കീഴിലുള്ള ഇടക്കൊച്ചിയിലെയും അഗസ്തീനിയന്‍ ഭവനങ്ങളില്‍ ഒരു ആഴ്ചയിലധികം താമസിച്ചു. ഇവ രണ്ടും കേരളത്തിലെ എറണാകുളം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മരിയാപുരത്തെ മേരി ക്വീന്‍ ഓഫ് ഹെല്‍പ്പ് ഓഫ് ക്രിസ്ത്യന്‍ ഇടവകയിലും ഇടക്കൊച്ചിയിലെ സെന്റ് ആന്റണീസ് ദൈവാലയത്തിലും അന്ന് അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നു.
2004 ഏപ്രില്‍ 22-ന്, കലൂരിലെ കതൃക്കടവിലുള്ള സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ദൈവാലയത്തില്‍, അന്നത്തെ വരപ്പള്ളി ആര്‍ച്ചുബിഷപ്പായിരുന്ന ദിവംഗതനായ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിനൊപ്പം ആറ് അഗസ്തീനിയന്‍ ഡീക്കന്മാര്‍ക്ക് പൗരോഹിത്യം നല്‍കുന്ന ദിവ്യബലിയില്‍ ആഗോളസഭയുടെ പുതിയ പാപ്പ സഹകാര്‍മികനായിരുന്നു എന്നതും മലയാളികള്‍ക്ക് ഏറെ സന്തോഷകരമായ കാര്യമാണ്.
2006 ഒക്ടോബറില്‍, ആലുവയില്‍ നടന്ന സെന്റ് അഗസ്റ്റിന്‍ സന്യാസ സഭയുടെ ഏഷ്യ-പസഫിക് മീറ്റിംഗില്‍ പങ്കെടുക്കാനാണ് അദ്ദേഹം രണ്ടാമതും കേരളം സന്ദര്‍ശിച്ചത്. മരിയാപുരത്തെ അഗസ്തീനിയന്‍ ഭവനത്തില്‍ താമസിക്കുകയും അവിടുത്തെ ഇടവ ദൈവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.
ഈ യാത്രയ്ക്കിടെ, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ രൂപതയുടെ കീഴിലുള്ള അഗസ്റ്റീനിയന്‍ പിതാക്കന്മാര്‍ നടത്തുന്ന പൊള്ളാച്ചിയിലെ ഷെന്‍ബാഗം സ്‌കൂളിലും അദ്ദേഹം ഒരു ഹ്രസ്വ സന്ദര്‍ശനം നടത്തി.
റോമിലെ ബിഷപ്പായി തങ്ങളില്‍ ഒരാളെ തിരഞ്ഞെടുത്തതില്‍ ഇന്ത്യയിലെ അഗസ്തീനിയന്‍ ഓര്‍ഡറിന്റെ റീജിയണല്‍ വികാരി ഫാ. വില്‍സണ്‍ ഇഞ്ചെരാപ്പു, ഒ.എസ്.എ., സന്തോഷവും പ്രത്യാശയും പ്രകടിപ്പിച്ചു: ”ഞങ്ങള്‍ അതിയായ സന്തോഷവും ആഹ്ലാദവും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു അഗസ്തീനിയന്‍ സന്യാസിയെ പരിശുദ്ധ പിതാവായി ലഭിക്കുന്നത് ഞങ്ങള്‍ക്ക് വലിയ അനുഗ്രഹമാണ്. അദ്ദേഹത്തിനുവേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കാനും നമ്മുടെ പ്രാര്‍ത്ഥനകളാലും ത്യാഗങ്ങളാലും അദ്ദേഹത്തിന്റെ ദൗത്യത്തെ പിന്തുണയ്ക്കാനുമുള്ള നമ്മുടെ ഉത്തരവാദിത്തത്തെക്കുറിച്ചും ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.’
Leave a Comment
Your email address will not be published. Required fields are marked with *