പൗരോഹിത്യത്തിലേക്കും സമര്‍പ്പിത ജീവിതത്തിലേക്കുമുള്ള ദൈവവിളികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും, എല്ലാവരും പരസ്പരം സേവനം ചെയ്തു ജീവിക്കാനുമുള്ള ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക് മുമ്പ്, വത്തിക്കാന്‍ ചത്വരത്തില്‍ ഒത്തുകൂടിയ ജൂബിലി തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ആശംസകളറിയിച്ചുകൊണ്ട് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
മെയ് 11 ഞായറാഴ്ച തിരുസഭ നല്ല ഇടയന്റെ തിരുനാളായി ആഘോഷിച്ച ദിവസമാണ്. അന്ന് ദൈവവിളിക്കായുള്ള പ്രാര്‍ത്ഥനാ ദിനവും റോമിലെ ബാന്‍ഡുകളുടെയും ജനപ്രിയ വിനോദങ്ങളുടെയും ജൂബിലിയുടെ സമാപനദിനവുമായിരുന്നു. മാര്‍പാപ്പ എന്ന നിലയിലുള്ള തന്റെ സേവനത്തിന്റെ ആദ്യ ഞായറാഴ്ച നല്ല ഇടയന്റെ തിരുനാള്‍ ദിനത്തിലായത് ദൈവത്തില്‍ നിന്നുള്ള ഒരു സമ്മാനമായി കരുതുന്നുവെന്ന് പാപ്പ പറഞ്ഞു. തന്റെ ആടുകളെ അറിയുകയും സ്‌നേഹിക്കുകയും അവയ്ക്കുവേണ്ടി ജീവന്‍ നല്‍കുകയും ചെയ്യുന്ന യഥാര്‍ത്ഥ ഇടയനായി സ്വയം വെളിപ്പെടുത്തുന്ന യേശുവിനെക്കുറിച്ചായിരുന്ന അന്നത്തെ സുവിശേഷവായന.യുവജനങ്ങള്‍ തങ്ങളുടെ വിളി മനസിലാക്കി യാത്ര തുടരുമ്പോള്‍, അവര്‍ ആയിരിക്കുന്ന സമൂഹങ്ങളില്‍ സ്വീകാര്യതയും, പ്രോത്സാഹനവും ലഭിക്കേണ്ടത് അത്യന്തം പ്രധാനമാണെന്ന് പാപ്പ ഓര്‍മിപ്പിച്ചു.
യുവജനങ്ങള്‍ക്ക് ദൈവത്തോടുള്ള സമര്‍പ്പണത്തിന്റെ നല്ല മാതൃകകള്‍ സമൂഹത്തില്‍ കാണാന്‍ കഴിയണം. പരസ്പരം സേവനം ചെയ്ത് സ്‌നേഹത്തിലും, സത്യത്തിലും ജീവിക്കാനായി നമ്മെ ദൈവം സഹായിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു ‘നിങ്ങള്‍ ഭയപ്പെടേണ്ട! സഭയുടെയും, കര്‍ത്താവായ ക്രിസ്തുവിന്റെയും ക്ഷണം സ്വീകരിക്കൂ,’ പാപ്പ യുവജനങ്ങളോട് ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *