Follow Us On

07

January

2026

Wednesday

യുവജനങ്ങള്‍ ജീവിതവിശുദ്ധിക്ക് പ്രാധാന്യം നല്‍കണം; പോണോഗ്രഫിക്കെതിരെ മുന്നറിയിപ്പുമായി യുഎസ് ബിഷപ്പുമാര്‍

യുവജനങ്ങള്‍ ജീവിതവിശുദ്ധിക്ക് പ്രാധാന്യം നല്‍കണം; പോണോഗ്രഫിക്കെതിരെ മുന്നറിയിപ്പുമായി യുഎസ് ബിഷപ്പുമാര്‍
വാഷിംഗ്ടണ്‍ ഡിസി:  പോണോഗ്രഫിയുടെ സ്വാധീനത്തെ ചെറുക്കുന്നതിന് മാതാപിതാക്കള്‍, വൈദികര്‍, അധ്യാപകര്‍, സിവില്‍ നേതാക്കള്‍  തുടങ്ങിയവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി യുഎസ് മെത്രാന്‍സമിതി. പോണോഗ്രഫിയോടുള്ള സഭയുടെ പ്രതികരണം വ്യക്തമാക്കുന്ന പ്രധാന രേഖയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് യുഎസ് കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം (യുഎസ്സിസിബി) 50 പേജുകളുളള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
‘ശുദ്ധമായ ഒരു ഹൃദയം എന്നില്‍ സൃഷ്ടിക്കുക: പോണോഗ്രഫിയ്ക്കെതിരായ  പാസ്റ്ററല്‍ പ്രതികരണം’ എന്ന തലക്കെട്ടിലുള്ള  രേഖ വിശുദ്ധിയോടുള്ള പുതുക്കിയ പ്രതിബദ്ധത ആവശ്യപ്പെടുന്നു. പോണോഗ്രഫിയിലൂടെ മുറിവേറ്റവര്‍ക്ക് ഒരു ”ഫീല്‍ഡ് ആശുപത്രി” ആയി  മാറിക്കൊണ്ട്  ക്രിസ്തുവിലൂടെയും  വിവിധ ശുശ്രൂഷകളിലൂടെയും പ്രത്യാശയുടെയും സൗഖ്യത്തിന്റെയും  സന്ദേശം നല്‍കാന്‍ സഭയെ  രേഖ ക്ഷണിക്കുന്നു.
മാതാപിതാക്കള്‍, മക്കളുടെ പ്രായത്തിനനുസരിച്ച് അവരോടു ശുദ്ധതയെയും ലൈംഗികതയും കുറിച്ച്  ചര്‍ച്ച ചെയ്യാന്‍ തയാറാകണമെന്ന് രേഖയില്‍ പറയുന്നു. മാധ്യമങ്ങളെക്കുറിച്ച് വിമര്‍ശനാത്മക ചിന്ത കുട്ടികളില്‍ വളര്‍ത്തണം. സാങ്കേതികവിദ്യ ഉപയോഗത്തിനു  രക്ഷാകര്‍തൃ നിയന്ത്രണങ്ങളും, കണ്‍ടെന്റ് ഫില്‍ട്ടറുകളും ഉപയോഗിക്കണം. കുട്ടികള്‍ക്കിടയില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം വൈകിപ്പിക്കുന്നത് പരിഗണിക്കാനും രേഖ മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു.
വൈദികര്‍  യുവജനങ്ങളിലേക്ക് സുവിശേഷം എത്തിക്കുകയും  കുമ്പസാരം എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യണം. ശുദ്ധതയുടെ പ്രാധാന്യത്തെക്കുറിച്ച് യുവാക്കളെ ബോധവന്മാരാക്കുകയും സഹായം ആവശ്യമായവരെ കൗണ്‍സിലര്‍മാരുടെ പക്കലേക്ക് പറഞ്ഞുവിടാനും വൈദികര്‍ക്ക് സാധിക്കണം.
അശ്ലീലദൃശ്യങ്ങള്‍ കാണുന്നതിന്റെ ദോഷങ്ങളെക്കുറിച്ച് മിഡില്‍ സ്‌കൂളില്‍ തന്നെ കുട്ടികളെ പഠിപ്പിക്കണമെന്ന്  ബിഷപ്പുമാര്‍ പറഞ്ഞു. ഏകാന്തത, ഒറ്റപ്പെടല്‍, അനാരോഗ്യകരമായ പെരുമാറ്റം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ക്കു തങ്ങളുടെ പ്രായത്തിന് അനുയോജ്യമായ ശരീര പാഠ്യപദ്ധതി ഉണ്ടാകണം. പോണ്‍ നിര്‍മാണം ഇല്ലാതാക്കാന്‍ നിയമംകൊണ്ടുവരുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇത്തരം ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുകയും വേണം. കുടുംബം സമൂഹത്തിന്റെ കേന്ദ്രം ആയിരിക്കണം. കുട്ടികളെ ഓണ്‍ലൈന്‍ അപായങ്ങളില്‍ നിന്നും രക്ഷിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നും ബിഷപ്പുമാര്‍ രേഖയില്‍ ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?