ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍
ദൈവത്തിന്റെ ഓരോ തിരഞ്ഞെടുപ്പും അനുഗ്രഹവും അത്ഭുതവും നിറഞ്ഞതാണ്. തിരുവചനത്തില്‍ നിറയെ ദൈവത്തിന്റെ തിരഞ്ഞെടുപ്പുകളുടെ സൗന്ദര്യം ആവോളം വര്‍ണ്ണിക്കുന്നുണ്ട്. വിക്കനായ മോശ ദൈവത്തോട് പലതവണ പറഞ്ഞു: ‘ദൈവമേ എനിക്ക് ഈ ജനത്തെ നയിക്കാനുള്ള കഴിവും സാമര്‍ത്ഥ്യവുമില്ല. കൂടാതെ എന്റെ ശരീരത്തില്‍ ഒരുപാട് ബലഹീനതകളുമുണ്ട്’.
ദൈവം മോശയോട് പറഞ്ഞു: ‘നിന്റെ ബലഹീനതയില്‍ ഞാന്‍ നിനക്ക് ബലം നല്‍കും. നിനക്ക് ഇസ്രായേല്‍ മക്കളെ നയിക്കാനുള്ള മുഴുവന്‍ കൃപയും കരുത്തും ഞാന്‍ നല്‍കും.’ ദൈവം ആ വാഗ്ദാനം നിറവേറ്റി എന്നാണ് പിന്നീടുള്ള ചരിത്രം മുഴുവന്‍ പറഞ്ഞുതരുന്നത്. ജെറമിയ പ്രവാചകനെ ദൈവം തിരഞ്ഞെടുത്ത് പ്രവാചക ഗണത്തില്‍ ചേര്‍ക്കുന്നതും ഇതേ ചൈതന്യത്തോടെയാണെന്ന് ജെറെമിയായുടെ ജീവിത സാക്ഷ്യം നമുക്ക് പകര്‍ന്നേകുന്നുണ്ട്.
ദൈവത്തിന്റെ തിരഞ്ഞെടുപ്പിന്റെ മാധുര്യവും അഭിഷേകവും പുതിയ നിയമത്തിലും നമ്മള്‍ കണ്ടുമുട്ടുന്നുണ്ട്. പത്രോസേ, നീ പാറയാണ് ഈ പാറമേല്‍ ഞാന്‍ എന്റെ ഭവനം പണിതുയര്‍ത്തും എന്ന് പറഞ്ഞു അവനെ തിരഞ്ഞെടുക്കുമ്പോള്‍ പത്രോസിനുപോലും വിശ്വസിക്കാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു.
2025 മെയ് മാസത്തില്‍ ദൈവം തിരഞ്ഞെടുത്ത് ഒരു പുതിയ മാര്‍പാപ്പയെ നമുക്ക് നല്‍കിയിരിക്കുന്നു. പഴയനിയമത്തിലെ മോശയെയും പുതിയ നിയമത്തിലെ പത്രോസിനെയും തിരഞ്ഞെടുത്ത് നല്‍കിയതു പോലെ നമ്മെ നയിക്കാനും ശക്തിപ്പെടുത്താനും ദൈവം തന്റെ ജനത്തോട് ഇന്ന് കാണിച്ച വലിയ കാരുണ്യമാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.
കൃപ നിറഞ്ഞ പുഞ്ചിരി
മാര്‍പാപ്പയെ നാം ആദ്യം കാണുമ്പോള്‍ തന്നെ ആ മുഖത്ത് ഈശോയെ ദര്‍ശിച്ച പുഞ്ചിരി നിഴലിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. അവനെ നോക്കിയവര്‍ പ്രകാശിതരായി എന്ന സങ്കീര്‍ത്തന വചനം പുതിയ മാര്‍പാപ്പയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ദൈവമക്കളുടെ സ്വാതന്ത്ര്യം അനുഭവിക്കുന്ന പുഞ്ചിരി ആ മുഖത്തിന്റെ അഴകാണെന്ന് പറയാതെ വയ്യ.
മാര്‍പാപ്പയുടെ സാന്നിധ്യം നമ്മില്‍, ലോകം മുഴുവനില്‍ ദൈവിക സ്‌നേഹത്തിന്റെ പുഞ്ചിരി സമ്മാനിക്കുമെന്ന് തീര്‍ച്ച. ഈശോ ആത്മാവില്‍ ആനന്ദിച്ചു എന്ന് ലൂക്കാ സുവിശേഷകന്‍ തന്റെ 10-ാം അധ്യായം 21 -ാം വാക്യത്തില്‍ പറയുന്നതുപോലെ, നമ്മുടെ പ്രിയ പാപ്പയും ആത്മാവില്‍ ആനന്ദിക്കുന്നതു കാണുമ്പോള്‍ മാനവകുലത്തിന്റെ കണ്ണീരൊപ്പാന്‍ ഈശോ ഈ ഇടയനെ തിരഞ്ഞെടുത്തു നല്‍കിയതാണെന്ന് നമുക്ക് വിശ്വസിക്കാം. പന്തക്കുസ്തക്ക് ഒരുങ്ങുന്ന നമുക്ക് മാര്‍പാപ്പയിലൂടെ പരിശുദ്ധാത്മാഭിഷേകം ലഭിക്കും. കാരണം പരിശുദ്ധാത്മാവില്‍ നിറഞ്ഞവര്‍ക്കേ ഹൃദയപൂര്‍വ്വം പുഞ്ചിരിക്കാനാവൂ എന്നാണ് വചനം പറയുന്നത്. പുഞ്ചിരി നഷ്ടപ്പെടുന്ന മാനവകുലത്തിന് പരിശുദ്ധാത്മാവില്‍ നിറഞ്ഞ ലിയോ പതിനാലാമന്‍ മാര്‍പാപ്പ കണ്ണീരിന്റെ മാനത്ത് ആനന്ദത്തിന്റെ മഴവില്ല് സമ്മാനിക്കും ഉറപ്പ്.
മനസലിവിന്റെ പ്രകൃതി
ലൂക്കായുടെ സുവിശേഷം പതിനഞ്ചാം അധ്യായം 20-ാം വാക്യത്തില്‍ നല്ലവനായ ഒരു അപ്പന്റ ചിത്രം യേശു വരച്ചു വച്ചിട്ടുണ്ട്. വചനത്തില്‍ നാം ഇങ്ങനെയാണ് വായിക്കുന്നത്: ദൂരെ വച്ച് തന്നെ പിതാവ് അവനെ കണ്ടു. അവന്‍ മനസലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു (ലൂക്കാ : 15/20).
ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ കര്‍ദിനാളായി ഉയര്‍ത്താനുള്ള പ്രധാനകാരണം ഒരു കര്‍ദിനാളിനുവേണ്ട മനസലിവ് അതിന്റെ ങമഃശാൗാ ത്തില്‍ അദ്ദേഹത്തില്‍ നിറഞ്ഞു നിന്നിരുന്നതുകൊണ്ടാണെന്നാണ് പറയുന്നത്. മിഷന്‍ പ്രദേശങ്ങളിലെല്ലാം ശുശ്രൂഷ ചെയ്യുമ്പോള്‍ പൂര്‍ണ്ണമായ മനസലിവില്ലാതെ ഒരിക്കല്‍ പോലും നമ്മുടെ ലിയോ മാര്‍പാപ്പ പെരുമാറിയിട്ടില്ല. കഠിനഹൃദയരെ പോലും ചേര്‍ത്തുപിടിക്കാനും അവരെ ഈശോയുടെ കാരുണ്യത്തിലേക്ക് നയിക്കാനുള്ള പ്രത്യേക കഴിവ് ലിയോ പാപ്പക്ക് ഉണ്ടെന്നാണ് പറയുന്നത്. ദൈവം അതുകൊണ്ടാവും നമുക്ക് ഈ മനസലിവിന്റെ മാര്‍പാപ്പയെ സമ്മാനിച്ചതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
കാരണം ഈ ലോകം മനസലിവ് നഷ്ടപ്പെട്ട, കരുണ വറ്റിയ, പിതൃവാത്സല്യം അനുഭവിക്കാത്ത ലോകമായി മാറുന്നുണ്ട്. ഫറവോയെ പോലെ കഠിനഹൃദയര്‍ നാട്ടില്‍ പെരുകുന്നു. യുദ്ധവും യുദ്ധഭീതിയും അഭയാര്‍ത്ഥികളുടെ പാലായനവും ദാരിദ്ര്യവുമെല്ലാം അരങ്ങുതകര്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ധൂര്‍ത്ത പുത്രനെ മനസലിഞ്ഞ് മാറോട് ചേര്‍ത്ത ആ പിതാവിനെ പോലെ നമ്മുടെ പുതിയ പാപ്പ നന്മയെയും ലോക രാഷ്ട്രങ്ങളെയും ചേര്‍ത്തുപിടിക്കും. അലിവുള്ള മാര്‍പാപ്പയുടെ ചിത്രം തന്നെയാണ് ആദ്യ പ്രസംഗത്തിലൂടെ ലിയോ പാപ്പ പങ്കുവെച്ചത്. അലിവിന്റെ സുവിശേഷമാണ് സെന്റ് പിറ്റേഴ്‌സ് ചത്വരത്തില്‍ നിന്ന വിശ്വാസികളോട് പാപ്പ പങ്കുവെച്ചത്.
സാന്നിധ്യം അനുഗ്രഹമാക്കുന്ന പാപ്പ
പാപ്പയുടെ സാന്നിധ്യത്തിന് ദൈവ സാന്നിധ്യത്തിന്റെ നിഴലാട്ടമുണ്ട്. മാര്‍പാപ്പയെ ജനം ഉറ്റുനോക്കുമ്പോള്‍ അവരെ ആശീര്‍വദിക്കുന്ന മാര്‍പാപ്പയുടെ സാന്നിധ്യം ലോകത്തിന് നല്‍കുന്ന പ്രത്യാശ ചില്ലറയല്ല. നാഥാ കൂടെ വസിക്കണേ എന്ന് ഈശോയോട് ആവശ്യപ്പെട്ടപ്പോള്‍ ഈശോ അവരോടൊപ്പം വസിക്കുകയും അവരെ ആശീര്‍വദിച്ച് അപ്പം മുറിച്ച് വിളമ്പിയതും അവരുടെ കണ്ണുകള്‍ തുറന്നതും നമ്മെ അത്ഭുതപ്പെടുത്തുന്ന ബൈബിള്‍ വചനങ്ങളാണെങ്കില്‍ ആ വചനത്തിന്റെ നേര്‍സാക്ഷ്യമായി പുതിയ മാര്‍പാപ്പ മാറും എന്നതിന് സംശയമില്ല. അതുകൊണ്ട് തന്നെയാണ് ഈ കോണ്‍ക്ലേവില്‍ കര്‍ദിനാള്‍ റോബോട്ട് ഫ്രാന്‍സിസിനെ പരിശുദ്ധാത്മാവ് തിരഞ്ഞെടുത്തത്.
Leave a Comment
Your email address will not be published. Required fields are marked with *