ന്യൂ ജന്‍ കാലത്തെ യുവാക്കള്‍ക്കു മുന്നില്‍ അത്ഭുതകരമായ മാതൃകകളാണ് പുണ്യപുഷ്പങ്ങളായ കാര്‍ലോ അക്യൂട്ടിസും പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയും. ഇവരുടെ ദിവ്യമായ ജീവതപാതകള്‍ സൂക്ഷ്മമായി വീക്ഷിച്ചാല്‍ അവര്‍തമ്മില്‍ സമാനതതകള്‍ ഏറെയുണ്ടെന്ന് കാണാന്‍ കഴിയും.
1 ആഴമേറിയ ദിവ്യകാരുണ്യ ഭക്തി
പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റി: ദിവ്യകാരുണ്യത്തോടുള്ള ആഴമായ സ്‌നേഹമായിരുന്നു ഫ്രാസാറ്റിയുടെ ജീവിതത്തിന്റെ ആണിക്കല്ല്. പതിവായി വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഉല്‍സാഹിച്ച ആ യുവാവ് മണിക്കൂറുകളോളം ദിവ്യകാരുണ്യ ആരാധനയില്‍ ചെലവഴിച്ചു. കൂടാതെ പരിശുദ്ധ കന്യകാമറിയത്തോട് അഗാധമായ ഭക്തിയും ജീവിതത്തിലുടനീളം പുലര്‍ത്തിയിരുന്നു.
കാര്‍ലോ അക്യുട്ടിസ്: ദിവ്യകാരുണ്യത്തെ ‘സ്വര്‍ഗ്ഗത്തിലേക്കുള്ള പാത’ എന്നാണ് കാര്‍ലോ വിളിച്ചിരുന്നത്. ദിവ്യബലിയില്‍ പതിവായി പങ്കെടുക്കുന്നതിലും, അടുക്കലടുക്കലുള്ള കുമ്പസാരത്തിലും, തന്റെ വെബ്‌സൈറ്റിലൂടെ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളിലും ആ കൊച്ചു വിശുദ്ധന്റെ ആഴമായ ദിവ്യകാരുണ്യ ഭക്തി പ്രകടമായിരുന്നു.
2 മറ്റുള്ളവര്‍ക്കായുള്ള സേവനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും
പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റി: തന്റെ വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അവന്‍ പ്രശസ്തനായിരുന്നു. പലപ്പോഴും കയ്യിലുള്ളത് വകവെക്കാതെ ദരിദ്രരെയും രോഗികളെയും അകമഴിഞ്ഞ് സഹായിച്ചു. താന്‍ സേവിക്കുന്നവരുടെ മുഖത്ത് ക്രിസ്തുവിനെ കാണാനായി ഫ്രാസാറ്റി നിരന്തരം പരിശ്രമിച്ചിരുന്നു. ധരിച്ചുകൊണ്ടിരുന്ന ഷൂസ് പോലും ആവശ്യക്കാര്‍ക്ക് ഊരി നല്‍കാന്‍ അവന് രണ്ടാമതൊന്നു ആലോചിക്കുക പോലും വേണ്ട!
കാര്‍ലോ അക്യുട്ടിസ്: മറ്റുള്ളവരെ സഹായിക്കാന്‍ കാര്‍ലോയ്ക്ക് വലിയ ഇഷ്ടമായിരുന്നു, പ്രത്യേകിച്ച്, തന്റെ സമപ്രായക്കാരെ ദൈവ വിശ്വാസത്തെക്കുറിച്ച് പഠിപ്പിക്കുന്നത്! ചെറു പ്രായത്തില്‍ തന്നെ ദിവ്യകാരുണ്യ അല്‍ഭുതങ്ങള്‍ വിവരിക്കുന്ന ഒരു വെബ്‌സൈറ്റ് ഉണ്ടാക്കാനും അതിലൂടെ സുവിശേഷം പങ്കുവെയ്ക്കാനും കാര്‍ലൊ പരിശ്രമിച്ചു. ഇങ്ങനെയൊക്കെ ചെയ്യാന്‍ ദിവ്യകാരുണ്യ നാഥന്‍ എത്രധികമാവും ആ കൊച്ചു ഹൃദയത്തെ സ്വാധീനിച്ചിരിക്കുക! ഒരു സൂപ്പ് കിച്ചണില്‍ സന്നദ്ധസേവനം ചെയ്യുന്നതിലൂടെ ഏറെപ്പേരെ നേരിട്ട് സഹായിക്കാനും അവനു കഴിഞ്ഞു. മാറ്റി നിര്‍ത്തപ്പെട്ട ആളുകളോടു വളരെയേറെ സ്‌നേഹം അവന്‍ പ്രകടിപ്പിച്ചിരുന്നു. തനിക്കുവേണ്ടി സാധനങ്ങള്‍ വാങ്ങുന്നതിനുപകരം, ഭവനരഹിതര്‍ക്ക് വേണ്ടി ആ പണം മാറ്റി വെച്ചിരുന്നു.
3 ദൈനംദിന ജീവിതത്തില്‍ സന്തോഷവും വിശുദ്ധിയും
പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റി: സമ്പന്ന കുടുംബത്തില്‍ വളര്‍ന്നിട്ടും ലാളിത്യത്തിന്റെയും സന്തോഷത്തിന്റെയും ജീവിതമാണ് അവന്‍ നയിച്ചത്. എപ്പോളും പുഞ്ചിരിക്കുന്ന മുഖം! എല്ലാവരോടും സന്തോഷത്തോടെ മാത്രമേ സംസാരിക്കൂ. ഫ്രാസാറ്റിയുടെ തമാശകള്‍ കൂടെയുള്ളവരെയും സന്തോഷിപ്പിക്കും. ആരെയും വേദനിപ്പിക്കാതെ തമാശകള്‍ പറഞ്ഞു രസിപ്പിക്കാന്‍ അവന് പ്രത്യേക കഴിവുണ്ടായിരുന്നു. പര്‍വതാരോഹണത്തോടു വളരെ താല്പര്യം ഉണ്ടായിരുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വിശുദ്ധി പാലിക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.
കാര്‍ലോ അക്യുട്ടിസ്: എപ്പോഴും സന്തോഷത്തോടെ ഇരിക്കുക എന്നത് കാര്‍ലോയുടെയും പ്രത്യേകത ആയിരുന്നു. ആഴമായ ദൈവവിശ്വാസം കൂടി ചേര്‍ന്നപ്പോള്‍ ആ സന്തോഷം പതിന്മടങ്ങായി. സാധാരണ പ്രവര്‍ത്തനങ്ങളില്‍ വിശുദ്ധി കൈവരിക്കാനാകുമെന്ന് തെളിയിച്ചുകൊണ്ട് കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍, വീഡിയോ ഗെയിമുകള്‍, പ്രോഗ്രാമിംഗ് എന്നിവയില്‍ അവന്‍ ഉല്‍സാഹത്തോടെ പങ്കെടുത്തു.
4 കുടുംബജീവിതങ്ങള്‍
പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റി: ശക്തമായ കത്തോലിക്കാ മൂല്യങ്ങളുള്ള ഒരു സമ്പന്ന കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. മാതാപിതാക്കള്‍ക്ക് മകന്റെ ആഴമായ വിശ്വാസത്തെക്കുറിച്ച് ആദ്യം തെറ്റിദ്ധാരണ ഉണ്ടായിരുന്നിട്ടും, പിന്നീട് അവര്‍ അവന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചു. കുടുംബത്തോടുള്ള ആഴമായ സ്‌നേഹം അവനുണ്ടായിരുന്നു. സ്വയം മറന്നുകൊണ്ട് അവരെ ഒന്നാമതായി പരിഗണിച്ചു, തന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പോലും അവരെ അറിയിക്കാതെ നിശബ്ദം സഹിച്ചു.
കാര്‍ലോ അക്യുട്ടിസ്: കാര്‍ലോയുടെ കുടുംബം, പ്രത്യേകിച്ച് അമ്മ, തന്റെ മകനില്‍ വിശ്വാസം വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. കാര്‍ലോ ജനിക്കുന്നതിനുമുമ്പ് അവര്‍ കുര്‍ബാനയ്ക്ക് പോയിരുന്നില്ലെങ്കിലും, അക്യുട്ടിസിന്റെ ഭക്തി അവരേ പള്ളിയിലേക്കുള്ള തിരിച്ചുവരവിനു പ്രോത്സാഹിപ്പിച്ചു. മകന്റെ താല്‍പ്പര്യങ്ങളെയും ഭക്തിയെയും മാതാപിതാക്കള്‍ രണ്ടുപേരും പിന്തുണച്ചു, അത് അവന്റെ ആത്മീയ വികാസത്തിന് ഏറെ സഹായം ചെയ്തു.
5 ആദ്യകാല ഭക്തി
പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റി: ചെറുപ്പം മുതലേ, അവന്‍ വിശ്വാസത്തോട് ശക്തമായ ചായ്‌വ് കാണിച്ചിരുന്നു. കൗമാരപ്രായത്തില്‍ മരിയന്‍ സൊഡാലിറ്റിയിലും മറ്റ് പ്രാര്‍ത്ഥന സംഘടനകളിലും ചേര്‍ന്നു പ്രവര്‍ത്തിച്ചു.
കാര്‍ലോ അക്യുട്ടിസ്: ചെറുപ്പം മുതലേ ദിവ്യകാരുണ്യ സന്നിധിയില്‍ ദിവസേന സന്ദര്‍ശനം നടത്തുകയും ജപമാല ചൊല്ലുകയും ചെയ്യുന്ന സ്വഭാവം കാര്‍ലോയ്ക്കുണ്ടായിരുന്നു. മതബോധന ക്ലാസുകളിലും സഭാ ചരിത്രം അറിയാനും അവന്‍ അതീവ താല്പര്യം കാണിച്ചിരുന്നു.
6 അക്കാദമിക്, പാഠ്യേതര താല്‍പ്പര്യങ്ങള്‍
പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റി: പഠനം ബുദ്ധിമുട്ടാണെന്ന് തോന്നിയെങ്കിലും, അവന്‍ ഒരു ഉത്സാഹിയായ വിദ്യാര്‍ത്ഥിയായിരുന്നു, യൂണിവേഴ്‌സിറ്റിയില്‍ എഞ്ചിനീയറിംഗ് പഠിച്ചു. പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യുന്നവരെ സേവിക്കാന്‍ തന്റെ വിദ്യാഭ്യാസം ഉപയോഗിക്കാന്‍ ഫ്രാസാറ്റി പദ്ധതിയിട്ടു. അവന്റെ പാഠ്യേതര താല്‍പ്പര്യങ്ങള്‍ പര്‍വതാരോഹണത്തിലേക്കും മറ്റ് നിരവധി കായിക ഇനങ്ങളിലേക്കും വ്യാപിച്ചു. അവന്‍ ഒരു മികച്ച ഭാഷാ വിദഗ്ദ്ധനായിരുന്നു, ഡാന്റേയുടെ കൃതികള്‍ പാരായണം ചെയ്യാന്‍ വരെ അവന് സാധിച്ചിരുന്നു.
കാര്‍ലോ അക്യുട്ടിസ്: ഫ്രാസാറ്റിയില്‍ നിന്ന് വ്യത്യസ്തമായി, കമ്പ്യൂട്ടര്‍ സയന്‍സില്‍ അഭിനിവേശമുള്ള മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു കാര്‍ലോ. എന്നിരുന്നാലും, അദ്ദേഹവും തന്റെ കഴിവുകള്‍ മറ്റുള്ളവരുടെ നന്മയ്ക്കായി ഉപയോഗിക്കുകയും ദിവ്യകാരുണ്യ അത്ഭുതങ്ങളെ പട്ടികപ്പെടുത്തുന്ന ഒരു വെബ്‌സൈറ്റ് സൃഷ്ടിക്കുകയും ചെയ്തു. തന്റെ വിശ്വാസത്തെ സാങ്കേതിക വൈദഗ്ധ്യവുമായി സംയോജിപ്പിച്ചുകൊണ്ട് ഇന്നത്തെ യുവാക്കള്‍ക്ക് വലിയൊരു മാതൃകയാണ് ആ കൊച്ചു ബാലന്‍ നല്കിയത്.
7 ഭാഷാ വൈദഗ്ദ്ധ്യം
പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റി: മാതൃഭാഷയായ ഇറ്റാലിയന്‍ കൂടാതെ ജര്‍മ്മന്‍, ഫ്രഞ്ച്, ലാറ്റിന്‍ എന്നിവയും സംസാരിക്കാന്‍ അവനു കഴിഞ്ഞു. തന്റെ സുഹൃത്ത് കാര്‍ലോ ബെല്ലിഞ്ചേരിക്ക് അയച്ച കത്തില്‍, മറ്റൊരു ക്ലാസിക് പഠിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പങ്കുവെച്ചു: ‘എനിക്ക് ഒന്നും അറിയാത്ത ഗ്രീക്ക് വരെ ഞാന്‍ അവലോകനം ചെയ്യും’
കാര്‍ലോ ഇംഗ്ലീഷും ഇറ്റാലിയനും എളിമയോടെ സംസാരിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് പഠിക്കാന്‍ അവസരം നല്‍കണമെന്ന ഉദ്ദേശത്തില്‍, അക്യൂട്ിസ് ചിലപ്പോഴില്‍ ക്ലാസില്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അറിയില്ലെന്നുപോലെ നടിക്കുമായിരുന്നു, അദ്ദേഹത്തിന്റെ വിനയത്തിന്റെ തെളിവാണ് ഇത്.
8 ഷൂസ്!
പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റി: പിയര്‍ ജോര്‍ജിയോയ്ക്ക് എപ്പോളും ചെയ്യാന്‍ ഇഷ്ടപ്പെട്ട ഒരേയൊരു കാര്യം ദരിദ്രരെ സഹായിക്കുക എന്നതായിരുന്നു. ദരിദ്രര്‍ക്ക് നല്‍കാന്‍ അവന്‍ സന്തോഷത്തോടെ കാലില്‍ നിന്ന് ഷൂസ് ഊരിവെക്കുമായിരുന്നു ഇത് പലപ്പോഴും മാതാപിതാക്കളെ വളരെയധികം അലോസരപ്പെടുത്തുകയും ചെയ്തു!
കാര്‍ലോ അക്യുട്ടിസ്: ഇന്നത്തെ യുവാക്കളെ പ്രതിനിധീകരിക്കുന്ന ജീന്‍സും ഷൂവും ധരിച്ച കാര്‍ലോ പുതു തലമുറയ്ക്ക് മാതൃകയാണ്. ഒരു ജോഡി നൈക്ക്‌സ് ധരിച്ച് വിശ്രമിക്കുന്ന ഒരു വിശുദ്ധനെ കാണുന്നത് പതിറ്റാണ്ടുകള്‍ക്കും നൂറ്റാണ്ടുകള്‍ക്കും മുമ്പുള്ള വിശുദ്ധന്മാരേക്കാള്‍ ഇന്നത്തെ ലോകത്തോട് കാര്‍ലോയേ കൂടുതല്‍ അടുപ്പിക്കുന്നു. ആ രൂപം കണ്ടാല്‍ നമ്മില്‍ ഒരാള്‍ തന്നെ അല്ലേ അത് എന്നു തീര്‍ച്ചയായും തോന്നും.
9 വളരെ ചെറുപ്പത്തിലേ ദൈവ സന്നിധിയിലേക്ക്
പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റി: രണ്ടുപേരും തമ്മിലുള്ള ഏറ്റവും സങ്കടകരമായ സാമ്യങ്ങളിലൊന്ന്, അവര്‍ രണ്ടുപേരും ചെറുപ്രായത്തില്‍ തന്നെ മരിച്ചു എന്നതാണ്. 99 വര്‍ഷം മുമ്പ് ജൂലൈ 4 ന് 24 വയസ്സുള്ളപ്പോള്‍ ഫ്രാസാറ്റി പോളിയോ ബാധിച്ച് മരിച്ചു. ഫ്രാസാറ്റിയുടെ മരണത്തിന് മൂന്ന് ദിവസം മുമ്പ് മുത്തശ്ശിയുടെ മരണസമയത്ത് പോലും അവന്റെ കുടുംബത്തിന് ഫ്രാസാറ്റി എത്രമാത്രം രോഗിയാണെന്ന് മനസ്സിലായിരുന്നില്ല. മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പലപ്പോഴായി അവന്‍ സഹായിച്ചവര്‍ ഉള്‍പ്പെടെ ഒരു വലിയ ജനക്കൂട്ടംതന്നെ ഉണ്ടായിരുന്നു, അപ്പോഴാണ് അവന്റെ സേവനത്തിന്റെ വ്യാപ്തി ആളുകള്‍ക്ക് മനസ്സിലായത്.
കാര്‍ലോ അക്യുട്ടിസ്: പതിനഞ്ചാം വയസ്സില്‍ രക്താര്‍ബുദം ബാധിച്ച് ആ യുവ വിശുദ്ധന്‍ ദൈവ സന്നിധിയിലേക്ക് യാത്രയായി . ഫ്രാസാറ്റിയെപ്പോലെ തന്നെ തന്റെ രോഗവസ്ഥയെ ഓര്‍ത്ത് കാര്‍ലോയും നിരാശനായില്ല, അതിനെക്കുറിച്ച് ഒരു ബഹളവും ഉണ്ടാക്കിയില്ല. മാര്‍പാപ്പായ്ക്കും തിരുസഭയ്ക്കും വേണ്ടി തന്റെ കഷ്ടപ്പാടുകള്‍ സമര്‍പ്പിച്ചു. കാര്‍ലോയുടെ മൃത സംസ്‌കാര ചടങ്ങിലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു.
വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനെയും പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും യുവതലമുറയ്ക്കും ന്യുജനറേഷനും മാത്രമല്ല ഏവര്‍ക്കും അനുകരിക്കുകയും വിശുദ്ധിയിലേക്ക് നടന്നടുക്കാന്‍ പരിശ്രമിക്കുകയും ചെയ്യാം. സ്വര്‍ഗീയരാമത്തിലെ ഈ തുവല്‍പക്ഷികളെ അടുത്തു തന്നെ വിശുദ്ധരായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസ സമൂഹം.
Leave a Comment
Your email address will not be published. Required fields are marked with *