Follow Us On

28

July

2025

Monday

മാര്‍ മാത്യു മാക്കീല്‍ ധന്യപദവിയിലേക്ക്

മാര്‍ മാത്യു മാക്കീല്‍ ധന്യപദവിയിലേക്ക്
വത്തിക്കാന്‍ സിറ്റി: ചങ്ങനാശേരി വികാരിയാത്തിന്റെയും കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷന്‍ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ ധന്യന്‍ പദവിയിലേക്ക്.
1889 മുതല്‍ കോട്ടയം വികാരിയാത്തില്‍ തെക്കുംഭാഗക്കാര്‍ക്കായുള്ള വികാരി ജനറാളും തുടര്‍ന്ന് 1896 മുതല്‍ ചങ്ങനാശേരിയുടെയും 1911 ല്‍ ക്‌നാനായ കത്തോലിക്കര്‍ക്കായി സ്ഥാപിക്കപ്പെട്ട കോട്ടയത്തിന്റെയും പ്രഥമ തദ്ദേശീയ അപ്പസ്‌തോലിക വികാരിയായിരുന്നു ദൈവദാസന്‍ ബിഷപ് മാര്‍ മാത്യു മാക്കീല്‍.
1851 മാര്‍ച്ച് 27 ന് കോട്ടയത്തിനടുത്തുള്ള മാഞ്ഞൂരില്‍ ജനിച്ച അദ്ദേഹം 1914 ജനുവരി 26 ന് കോട്ടയത്താണ് ദിവംഗതനായത്. ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലാണ് കബറിടം സ്ഥിതിചെയ്യുന്നത്.
ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ ഉള്‍പ്പെടെ മൂന്നു ധന്യാത്മാക്കളുടെ വീരോചിത സുകൃതങ്ങള്‍ വത്തിക്കാന്‍ അംഗീകരിച്ചു. ഇതോടെ ഇവര്‍ വൈകാതെ ധന്യരായി പ്രഖ്യാപിക്കപ്പെടും.
സ്‌പെയിനില്‍നിന്നുള്ള ദൈവദാസന്‍ ബിഷപ് അലെജാന്‍ദ്രോ ലബാക്ക ഉഗാര്‍ത്തെ, കൊളംബിയയില്‍നിന്നുള്ള ദൈവദാസി സിസ്റ്റര്‍ അഞ്ഞേസെ അറാങ്കോ വെലാസ്‌കസ്, ദൈവദാസന്‍ മാര്‍ മാത്യു മാക്കീലിനൊപ്പം ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെടും.
സ്‌പെയിനിലെ ബെയ്‌സാമയില്‍ 1920 ഏപ്രില്‍ 19 ന് ജനിച്ച ബിഷപ് അലെജാന്‍ദ്രോ ലബാക്ക ഉഗാര്‍ത്തെ 1987 ജൂലൈ 21 ന് ഇക്വഡോറിലെ തിഗ്വിനോ പ്രദേശത്താണ് ദിവംഗതനായത്. ഫ്രാന്‍സിസ്‌കന്‍ കപ്പൂച്ചിന്‍ സന്യാസസമൂഹാംഗമായിരുന്ന അദ്ദേഹം അഗ്വാറികോയുടെ അപ്പസ്‌തോലിക വികാരിയായിരുന്നു.
കൊളംബിയയിലെ മെദലീനില്‍ 1937 ഏപ്രില്‍ ആറിന് ജനിച്ച ദൈവദാസി സിസ്റ്റര്‍ അഞ്ഞേസെ അറാങ്കോവെലാസ്‌കസ് തിരുക്കുടുംബത്തിന്റെ കപ്പൂച്ചിന്‍ മൂന്നാം സഭയെന്ന സന്യാസസമൂഹത്തിലെ അംഗമായിരുന്നു. 1987 ജൂലൈ 21 ന് ഇക്വഡോറിലെ തിഗ്വിനോ പ്രദേശത്താണ് മരിച്ചത്.
തദ്ദേശീയ ജനതകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുവരവേ ബിഷപ് ഉഗാര്‍ത്തെയും സിസ്റ്റര്‍ വെലാസ്‌കസും മതപീഡകരാല്‍ കൊല്ലപ്പെടുകയായിരുന്നു.
ദൈവദാസരെ വിശുദ്ധരായി നാമകരണം ചെയ്യുന്നതിലേക്ക് നയിക്കുന്ന നടപടികളില്‍ ഒന്നാണ് ഈ പ്രഖ്യാപനം. സാധാരണയായി ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടാല്‍ പിന്നീട് ധന്യന്‍ പദവിയിലേക്കും തുടര്‍ന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും ഉയര്‍ത്തിയശേഷമാണ് വിശുദ്ധനായി പ്രഖ്യാപിക്കുക.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?