ബ്രസീലിയന്‍ നഗരമായ സാന്താ ബബാര ഡി ഓസ്റ്റെയില്‍ മെയ് 17-നു നടന്ന സമ്മര്‍ നൈറ്റ് സംഗീത ഫെസ്റ്റിവല്‍, ബ്രസീലില്‍ നടന്നതില്‍വച്ച് ഏറ്റവും വലിയ കത്തോലിക്കാ ജാഗരണ പ്രാര്‍ത്ഥനയായി മാറി. 12 മണിക്കൂര്‍ നീണ്ടുനിന്ന കത്തോലിക്കാ സംഗീതോത്സവത്തില്‍ 40,000-ത്തിലധികം പേര്‍ പങ്കെടുത്തു. ഈ സമയത്ത് പരിപാടിക്കെത്തിയ ആളുകള്‍ക്ക് കുമ്പസാരിക്കാനുള്ള അവസരവും പിരാസിക്കാബ രൂപത ഒരുക്കിയിരുന്നു. ആളുകളുടെ എണ്ണം കൂടിയപ്പോള്‍ കൂടുതല്‍ വൈദികര്‍ എത്തിയെങ്കിലും കുമ്പസാരത്തിനായുള്ള ആളുകളുടെ നിര പിന്നെയും നീണ്ടതേയുള്ളൂ!
നാല്പതോളം വൈദികരാണ് കുമ്പസാരം കേള്‍ക്കാന്‍ മാറിമാറി വന്നത്. 180,000-ത്തിലധികം ആളുകള്‍ താമസിക്കുന്ന ഈ നഗരം, ബ്രസീലിലെ പ്രധാന സാമ്പത്തിക കേന്ദ്രമായ സാവോ പോളോയില്‍ നിന്ന് ഏകദേശം 85 മൈല്‍ അകലെയാണ്. ഇത് ഇവിടെ നടന്ന രണ്ടാമത്തെ സമ്മര്‍ നൈറ്റ് ഫെസ്റ്റിവലായിരുന്നു. ആദ്യ ഫെസ്റ്റിവല്‍ 2014-ല്‍ സാവോ പോളോയില്‍ സംഘടിപ്പിച്ചിരുന്നു. 2006-ല്‍ ആരംഭിച്ച കത്തോലിക്കാ-സുവിശേഷ സംഗീതോത്സവമായ സമ്മര്‍ ബീറ്റ്‌സ് ഈ ഫെസ്റ്റിവലിന് പ്രചോദനമായിരുന്നു. 2018 മുതല്‍, സമ്മര്‍ ബീറ്റ്‌സ് ഒരു കത്തോലിക്കാ സംഗീതോത്സവമായി മാറി.
സാവോ പോളോ സംസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ചെറിയ നഗരത്തിലേക്ക് ഈ സംഗീത പരിപാടി നടത്താന്‍ ബിഷപ് ദേവെയര്‍ അരാജോ ഡാ ഫോണ്‍സെക്കയാണ് ബാന്‍ഡ് അംഗങ്ങളെ ക്ഷണിച്ചത്.
വൈകുന്നേരം 6 മുതല്‍ പിറ്റേന്ന് രാവിലെ 6 വരെ, രണ്ട് വേദികളില്‍ ഒരേസമയം 17 ഗായകരും ബാന്‍ഡുകളും കലാപരിപാടികള്‍ അവതരിപ്പിച്ചു. ബ്രസീലിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളെത്തിയ ഈ പരിപാടിയില്‍ കത്തോലിക്കര്‍ അല്ലാത്ത ആളുകളും ഏറെയുണ്ടായിരുന്നു. യുവാക്കളും കുട്ടികളും പ്രായമായ പൗരന്മാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ പരിപാടിയില്‍ പങ്കെടുത്തതായി ബിഷപ് ഡാ ഫോണ്‍സെക്ക പറഞ്ഞു. ‘ആരാധനയ്ക്കായി ഞങ്ങള്‍ ഒരു ചാപ്പല്‍ സ്ഥാപിച്ചു, അങ്ങനെ ആളുകള്‍ക്ക് രാത്രി മുഴുവനും പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞു. ഇത് വെറുമൊരു സംഗീത ഉത്സവമല്ല. ഇത് യേശുവുമായുള്ള ഒരു കൂടിക്കാഴ്ചയാണ്.’
കുമ്പസാരം കേള്‍ക്കാനെത്തിയ പുരോഹിതര്‍, അനുരഞ്ജന കൂദാശ സ്വീകരിച്ച ആളുകളുടെ ആത്മാര്‍ത്ഥത തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് സാക്ഷ്യപ്പെടുത്തി. ‘സംഗീതത്തിന്റെയും വിഷ്വല്‍ ഇഫക്റ്റുകളുടെയുംഅകമ്പടിയോടെ ഇത്രയധികം ആളുകളോടൊപ്പം ലഭിക്കുന്ന പ്രാര്‍ത്ഥനാനുഭവം നമ്മെ ക്രിസ്തുവിലേക്ക് കൊണ്ടുവരും.’ ബിഷപ് പറഞ്ഞു.
















Leave a Comment
Your email address will not be published. Required fields are marked with *