പാരിസ്/ഫ്രാന്‍സ്: ബ്രെട്ടന്‍ കര്‍ഷകനായ യോവോണ്‍ നിക്കോളാസിക്കിന് വിശുദ്ധ ആനി പ്രത്യക്ഷപ്പെട്ടതിന്റെ 400-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂലൈയില്‍ ഫ്രാന്‍സിലെ സെയിന്റ്-ആന്‍-ഡി’ഔറേ ദൈവാലയത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കര്‍ദിനാള്‍ റോബര്‍ട്ട് സാറയെ നിയമിച്ചു.
ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് എമരിറ്റസ് ആയ കര്‍ദിനാള്‍ സാറ ജൂലൈ 25-26 തീയതികളില്‍ വടക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ വാന്‍സ് രൂപതയില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. ജൂലൈ 26 ന് നടക്കുന്ന പ്രദക്ഷിണത്തിനും പൊന്തിഫിക്കല്‍ കുര്‍ബാനക്കും കര്‍ദിനാള്‍ നേതൃത്വം നല്‍കും.
1623-ല്‍ ക്രിസ്തുവിന്റെ മുത്തശ്ശിയെ ആദ്യമായി കണ്ടതായി പറയപ്പെടുന്ന ഇവോണ്‍ നിക്കോളാസിക് എന്ന കര്‍ഷകന് സെന്റ് ആനി പ്രത്യക്ഷപ്പെട്ട സ്ഥലത്താണ് ഈ ദൈവാലയം നിര്‍മിച്ചിരിക്കുന്നത്. നിക്കോളാസിക്കിന് സെന്റ് ആനി പ്രത്യക്ഷപ്പെട്ടതിന്റെ ചരിത്രം തീര്‍ത്ഥാടനകേന്ദ്രത്തിന്റെ വെബ്സൈറ്റില്‍ വിവരിച്ചിട്ടുണ്ട്.
1623 ആഗസ്റ്റിലാണ് ആദ്യ പ്രത്യക്ഷീകരണം നടന്നത്. ജോലി കഴിഞ്ഞ്, നിക്കോളസിക് തന്റെ കാളകളെ കൊണ്ടുപോകുമ്പോള്‍, പ്രകാശത്താല്‍ പ്രകാശിതയായി പുഞ്ചിരിക്കുന്ന ഒരു ഗാംഭീര്യമുള്ള സ്ത്രീയെ അദ്ദേഹം കണ്ടു, പക്ഷേ അവള്‍ സംസാരിച്ചില്ല. അടുത്ത മാസം, വിശുദ്ധ ആനി പലതവണ നിക്കോളസിക്കിന് പ്രത്യക്ഷപ്പെട്ടു. ഒരു തവണ പ്രത്യക്ഷപ്പെട്ടപ്പോള്‍ നിക്കോളസിക് അവളുടെ പേര് ചോദിച്ചു.
1624 ജൂലൈ 25-ന് രാത്രി അവള്‍ സ്വയം വെളിപ്പെടുത്തി:
”യോവോണ്‍ നിക്കോളസിക്, ഭയപ്പെടേണ്ട: ഞാന്‍ ആനി, മേരിയുടെ അമ്മ. ബോസെന്നോ എന്ന ഈ സ്ഥലത്ത് വളരെ കാലം മുമ്പ് തന്നെ, ഒരു ചാപ്പല്‍ ഉണ്ടായിരുന്നുവെന്ന് റെക്ടറോട് പറയുക. മുമ്പ് ബ്രെട്ടണ്‍സ് ജനങ്ങള്‍ എനിക്ക് സമര്‍പ്പിച്ചിരുന്ന ഒരു ചാപ്പലാണ് അത്. ഇന്ന് അത് തൊള്ളായിരത്തി ഇരുപത്തിനാല് വര്‍ഷവും ആറ് മാസവുമായി അത് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. എത്രയും വേഗം അത് പുനര്‍നിര്‍മിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ നേരിട്ട് അതില്‍ പങ്കെടുക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഇവിടെ ബഹുമാനിക്കപ്പെടണമെന്നത് ദൈവത്തിന്റെ ആഗ്രഹമാണ്. നിങ്ങള്‍ അവിടെ ഘോഷയാത്രയായി വരണമെന്ന് ദൈവം ആഗ്രഹിക്കുന്നു.”
1625 വരെ ആ പ്രത്യക്ഷീകരണങ്ങള്‍ തുടര്‍ന്നു.
Leave a Comment
Your email address will not be published. Required fields are marked with *