ഫാ. ജോസഫ് വയലില്‍ CMI
(ചെയര്മാന്, ശാലോം ടി.വി)
ശാസ്ത്ര-സാങ്കേതിക വിദ്യകളില്‍ ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചന്ദ്രനിലേക്ക് നമ്മള് ചന്ദ്രയാന്‍ എന്ന ചന്ദ്രപേടകം അയച്ചു. ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ നേടിയ പുരോഗതിയെപ്പറ്റി എല്ലാവര്ക്കും അറിയാം. നിരവധി ലോകരാജ്യങ്ങള്‍ക്കുവേണ്ടി റോക്കറ്റുകള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നത് ഇസ്റോ ആണ്. 2024 ജനുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അടല്സേതുപാലത്തെപ്പറ്റി നമുക്കറിയാം. 21.8 കിലോമീറ്റര്‍ നീളമുള്ള കടല്‍പാലമാണിത്. ആറുലൈന്‍ ട്രാഫിക് ഇതിലൂടെ നടക്കുന്നു. നൂറുകിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കാം. ഇന്ത്യയിലെ ഏറ്റവും വലതും ലോകത്തിലെ പന്ത്രണ്ടാമത്തെ വലുപ്പമുള്ളതുമായ കടല്‍പാലമാണിത്. ഉദംപൂര്‍-ശ്രീനഗര്‍-ബാരമുള്ള പോലുള്ള റെയില്‍വേ ലൈനുകള്‍ ഉണ്ട്. ഈ റെയില്‍വേലൈനില്‍ നിരവധി നീളമേറിയ ടണലുകള്‍ ഉണ്ട്. അവയില്‍ ഏറ്റവും വലിയ ടണല്‍ 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബനിഹാള്‍ ടണല്‍ ആണ്.
നിര്‍മാണത്തില്‍ ഇരിക്കുന്ന ലൂഫികേശ്-കര്‍ണപ്രയാഗ് റെയില്‍വേ ലൈനിന്റെ നീളം 125 കിലോമീറ്റര്‍ ആണ്. അതിന്റെ 80 ശതമാനവും ഭൂഗര്‍ഭപാതയാണ്.ഇങ്ങനെയുള്ള നിരവധി ശാസ്ത്ര-സാങ്കേതികവിസ്മയങ്ങള് ഇന്ത്യയ്ക്ക് സ്വന്തമായുണ്ട്. അതില്‍ ഒന്നാണ് ഏകദേശം 644 കിലോമീറ്റര്‍ നീളമുള്ള എന്‍എച്ച് 66 എന്ന കേരളത്തിലൂടെ കടന്നുപോകുന്ന നാഷണല്‍ ഹൈവേ. 45 മീറ്റര്‍ വീതിയിലുള്ള ആറുലൈന്‍ ട്രാഫിക് നടത്താവുന്ന വലിയൊരു പദ്ധതിയാണിത്. 2017 ല്‍ ഇതിന്റെ നിര്‍മാണം തുടങ്ങി. ഇപ്പോള്‍ ഇതിന്റെ 60 ശതമാനത്തിലധികം പണികള്‍ പൂര്‍ത്തിയായി. 2025 ഡിസംബറില്‍ ഇതിന്റെ പണി പൂര്‍ത്തിയാകേണ്ടതാണ്. ഈ റോഡിന്റെ നിര്‍മാണച്ചെലവ് ഏകദേശം 65000 കോടി രൂപയാണ്. ഒരു കിലോമീറ്റര്‍ റോഡിന്റെ ശരാശരി നിര്‍മാണച്ചെലവ് വളരെ വലുതാണ്. തലപ്പാടി-ചെങ്ങള റീച്ചിന് ഒരു കിലോമീറ്ററിന്റെ നിര്‍മാണച്ചെലവ് 43.7 കോടിയും.
കഴക്കൂട്ടം-കടമ്പാട്ടുകോണം റീച്ചിന്റെ ഒരു കിലോമീറ്റര്‍ നിര്‍മാണച്ചെലവ് 34.1 കോടിയും കൊല്ലം തിരുവനന്തപുരം റീച്ചിന്റെ ഒരു കിലോമീറ്റര്‍ നിര്‍മാണച്ചെലവ് 103.2 കോടിയുമാണ്. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകള്‍ ആണ് ഈ ചെലവ് വ്യത്യാസത്തിന് കാരണം. ഈ തുകയില്‍ സ്ഥലം ഏറ്റെടുക്കാന്‍ വേണ്ടിവന്ന ചെലവ് ഉള്‍പ്പെടും. നമ്മള് ഓര്‍ക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. ഈ റോഡുനിര്‍മാണത്തിന് വേണ്ടിവരുന്ന 65,000 കോടിരൂപയും നല്‍കുന്നത് ജനങ്ങള്‍ ആണ്. ജനങ്ങളില്‍നിന്നും നികുതികളായും മറ്റ് മാര്‍ഗങ്ങളിലൂടെയും പിരിക്കുന്ന തുകയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് കിട്ടുന്ന ലാഭവും കടം വാങ്ങുന്ന പണവുമെല്ലാം ഉപയോഗിച്ചാണ് ഈ തുക കണ്ടെത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം ജനങ്ങളുടെ പണമാണ്. കടം വാങ്ങുന്ന പണവും പലിശയും തിരിച്ചടയ്ക്കേണ്ടത് ജനങ്ങളാണ്.
ശ്രദ്ധിക്കേണ്ട രണ്ടാമത്തെ പ്രധാന കാര്യം ഇതാണ്. ജനങ്ങളുടെ പണം ഉപയോഗിച്ച്, ഓരോ കിലോമീറ്ററിനും ഇത്ര ഭീമമായ തുക ചെലവഴിച്ച് നിര്‍മിച്ചുകൊണ്ടിരിക്കുന്ന ഈ റോഡ് നിരവധി സ്ഥലങ്ങളില്‍ തകര്‍ന്നിരിക്കുന്നു. ഇതുമൂലം അതിഭീമമായ നഷ്ടങ്ങളും സാമ്പത്തിക നഷ്ടവും ജനങ്ങള്‍ക്ക് ഉണ്ടാവുകയാണ്. ഈ റോഡുനിര്മാണത്തിനുവേണ്ടി പലയിടത്തും റോഡുകള്‍ അടയ്ക്കുകയും വഴിതിരിച്ചു വിടുകയും മറ്റും ചെയ്യേണ്ടിവന്നു. അല്ലാതെ നിവൃത്തിയില്ല. പക്ഷേ ഇത് യാത്രക്കാര്‍ക്ക് ഉണ്ടാക്കിയ ദുരിതങ്ങള്‍ ചെറുതല്ല. വഴി തിരിച്ചുവിടുമ്പോള്‍ പലയിടത്തും ശരിയായ ദിശാസൂചകബോര്ഡുകള് വയ്ക്കാതിരുന്നതും വലിയ ബുദ്ധിമുട്ടുകള്‍ക്ക് കാരണമായി. രണ്ടാമതായി, ഈ റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഇനിയും വളരെ കാലതാമസം നേരിടും. അത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. മൂന്നാമതായി, ഇതു പുതുക്കി പണിയാനുള്ള പണവും ജനങ്ങള്‍ നല്‍കണം. നാലാമതായി, റോഡ് തകര്‍ന്നപ്പോള്‍ പരിസരവാസികള്‍ക്ക് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ വലുതാണ്.
ഇനി പ്രധാന വിഷയത്തിലേക്ക് വരാം. എന്തുകൊണ്ടാണ് ഈ റോഡ് തകര്‍ന്നത്? നിര്‍മാണ കമ്പനിയും വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ ചുമതലക്കാരും മറ്റും പലതരം ന്യായങ്ങള്‍ പറയുന്നുണ്ട്. മഴയാണ്, ഭൂമിയുടെ പ്രത്യേകതയാണ് കാരണം എന്നൊക്കെയുള്ള പല ന്യായങ്ങള്‍. എന്നാല്‍ ഇതൊന്നുമല്ല യഥാര്‍ത്ഥ കാരണമെന്ന് ജനം വിശ്വസിക്കുന്നു. റോഡുനിര്‍മാണത്തിലെ അഴിമതിയും കള്ളത്തരവും ശ്രദ്ധയില്ലായ്മയും മറ്റുമാണ് കാരണങ്ങള്‍ എന്ന് ജനം വിശ്വസിക്കുന്നു. ഇതിന്റെ പേരില്‍ കേന്ദ്രഗവണ്മെന്റിനെയോ സംസ്ഥാന ഗവണ്മെന്റിനെയോ നേരിട്ട് കുറ്റംപറയാന്‍ കഴിയില്ല. ഇത് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരും കരാറുകാരുമാണ് മുഖ്യപ്രതികള്‍. കേരളത്തില്‍ മഴ ഉണ്ടാകും എന്ന് അവര്‍ക്ക് അറിഞ്ഞുകൂടായിരുന്നുവോ? കേരളത്തില്‍ ഓരോ സ്ഥലങ്ങളിലുമുള്ള മണ്ണിന്റെ പ്രത്യേകതകളെപ്പറ്റി അവര്‍ക്ക് അറിവില്ലായിരുന്നുവോ? ഇല്ലെങ്കില്‍ അത് പരിശോധിച്ചു കണ്ടുപിടിക്കാനുള്ള സാങ്കേതിവിദ്യ ഇന്ത്യയ്ക്ക് ഇല്ലേ? ഏറ്റവും ചുരുങ്ങിയത് നിര്‍മാണസമയത്ത് ഓരോരോ അപാകതകള്‍ കണ്ട് തദ്ദേശവാസികളും തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികളും ചൂണ്ടിക്കാണിച്ചപ്പോള്‍ എങ്കിലും ശ്രദ്ധിക്കാമായിരുന്നില്ലേ? അപ്പോള്‍ ചൂണ്ടിക്കാണിച്ചവരെ നിന്ദിച്ചു, അവഗണിച്ചു.
ഒരു സ്ഥലത്താണ് പ്രശ്നം ഉണ്ടായതെങ്കില്‍ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യാമായിരുന്നു. ഒരു കിലോമീറ്റര്‍ റോഡിന് 40 മുതല്‍ 100 കോടിവരെ ചെലവഴിച്ചിട്ട് ഇങ്ങനെ സംഭവിച്ചതിന് കേരളത്തിലെ മണ്ണിനെയും മഴയെയും കുറ്റം പറയരുത്. ഓരോ കിലോമീറ്ററിനും ചെലവാക്കി എന്നു പറയുന്ന തുക കണക്കില്‍ മാത്രമായിരിക്കും. കുറെ പണം ചോര്‍ത്തിയിട്ടുണ്ടാകും. എന്നിട്ട് മണ്ണിനെയും മഴയെയും കുറ്റംപറയുന്നു. മലയാളികള്‍ അത്ര ഭോഷന്മാരാണോ അത് വിശ്വസിക്കാന്‍? നിര്‍മാണ കമ്പനിയെ കരിമ്പട്ടികളില്പെടുത്തിയാല് മാത്രംപോരാ. കട്ടവരുടെയും ഉഴപ്പിയവരുടെയും പക്കല്‍നിന്ന് നഷ്ടം വസൂലാക്കണം. കരിമ്പട്ടികയില്‍നിന്ന് കുറച്ചുനാള്‍ കഴിയുമ്പോള്‍ ഊരിപ്പോരാം. പക്ഷേ കുറച്ച് പണം അവരില്‍നിന്ന് വാങ്ങിയാല്‍ അത്രയെങ്കിലുമായി. ഏതായാലും ഇതു ക്ഷമിക്കാന്‍ പറ്റാത്ത തെറ്റാണ്.
Leave a Comment
Your email address will not be published. Required fields are marked with *