Follow Us On

09

June

2025

Monday

പരിശുദ്ധാത്മാവ് നമ്മുടെ ചങ്ങലകള്‍ തകര്‍ക്കും,നമ്മെ പുതിയ മനുഷ്യരാക്കും; പാപ്പയുടെ പന്തക്കുസ്താ സന്ദേശം

പരിശുദ്ധാത്മാവ് നമ്മുടെ ചങ്ങലകള്‍ തകര്‍ക്കും,നമ്മെ പുതിയ മനുഷ്യരാക്കും; പാപ്പയുടെ പന്തക്കുസ്താ സന്ദേശം

വത്തിക്കാന്‍ സിറ്റി:  സെഹിയോന്‍ മാളികയില്‍ പന്തക്കുസ്താ തിരുനാളില്‍ സംഭവിച്ച കാര്യങ്ങള്‍ ഇന്നും നമ്മുടെ ഇടയില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്ന് ലിയോ 14 മന്‍ മാര്‍പാപ്പ.  അപ്പസ്‌തോലന്‍മാരുടെ ജീവിതത്തിലേക്ക് അസാധാരണമായ വിധത്തില്‍ ആവസിച്ച പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന ആന്തരിക ചങ്ങലകളെയും ഭയങ്ങളെയും തകര്‍ക്കുന്നതിനും ശിലാഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനായി ഇന്നും നമ്മിലേക്ക് ആവസിക്കുന്നുണ്ടെന്ന് പന്തക്കുസ്താ തിരുനാള്‍ദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ പാപ്പ പറഞ്ഞു. അപ്പസ്‌തോലന്‍മാരുടെ മേല്‍ ഇറങ്ങിയ പരിശുദ്ധാത്മാവിന്റെ അഗ്‌നിയെ പ്രതിനിധീകരിക്കുന്ന ചുവന്ന കുര്‍ബാന വസ്ത്രം ധരിച്ചാണ് മാര്‍പാപ്പ ദിവ്യബലിയര്‍പ്പിച്ചത്.

യേശുവിന്റെ ശിഷ്യന്മാരുടെ ജീവിതത്തില്‍ ‘അസാധാരണമായ കാര്യങ്ങള്‍’ ചെയ്ത പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തെയും നവീകരിക്കുമെന്ന്  മാര്‍പാപ്പ ഓര്‍മപ്പെടുത്തി. പന്തക്കുസ്താ തിരുനാളിന് മുന്‍പുവരെ അപ്പോസ്തലന്മാര്‍ ഭയപ്പെട്ട് അടച്ചിട്ട മുറികളിലായിരുന്നു ഇരുന്നത്. എന്നാല്‍, ആത്മാവിന്റെ വരവോടെ, എല്ലാ ഭയങ്ങളില്‍ നിന്നും അവര്‍ സ്വതന്ത്രരായി. ഭയത്തിലും ദുഃഖത്തിലും ഇരുന്നവര്‍ ആത്മാവിന്റെ ശക്തിയാല്‍ ധൈര്യം നേടി. സധൈര്യം ലോകമെങ്ങും പോയി ദൈവത്തിന്റെ അത്ഭുത പ്രവൃത്തികള്‍ പ്രഘോഷിച്ചു. ഇന്ന്, അതേ ആത്മാവ് തന്നെയാണ് നമ്മിലേക്കും  ഇറങ്ങിവരുന്നത്. അന്ന് അപ്പോസ്തലന്മാര്‍ക്കു ലഭിച്ച അതേ മാറ്റം, ഇന്നത്തെ വിശ്വാസികള്‍ക്കും ലഭിക്കുമെന്ന് പാപ്പ പറഞ്ഞു.

നമ്മള്‍ യഥാര്‍ത്ഥത്തില്‍ ‘ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ സഭയും പന്തക്കോസ്ത് ശിഷ്യന്മാരുമാണെന്ന്’ പാപ്പ പറഞ്ഞു. അതിനാല്‍ നാം ആത്മാവിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരാകണം. സ്‌നേഹമുള്ളിടത്ത് മുന്‍വിധികള്‍ക്കും ഭിന്നതയ്ക്കും സ്ഥാനമില്ല. തിരുസഭ എല്ലാവരേയും  സ്വാഗതം ചെയ്യുന്ന ഇടമാകണം. മറ്റുള്ളവരെ  സഹോദരീസഹോദരന്മാരായി കാണാന്‍ ആത്മാവു നമ്മെ പ്രേരിപ്പിക്കുന്നു.

സമകാലിക ലോകത്തില്‍ നടക്കുന്ന ആക്രമണങ്ങളെ പാപ്പ വേദനയോടെ ഓര്‍മപ്പെടുത്തി. സമീപ കാലത്തുണ്ടായ സ്ത്രീ ഹത്യകള്‍ ഉല്‍പ്പടെയുള്ള ദാരുണമായ  സംഭവങ്ങളെ പാപ്പ അപലപിച്ചു. മനുഷ്യബന്ധങ്ങളെ തകര്‍ക്കുന്ന ഇത്തരം അസ്വസ്ഥതകളെ നീക്കാന്‍ പരിശുദ്ധാത്മാവിന് മാത്രമേ കഴിയുകയുള്ളൂ എന്ന് പാപ്പ പറഞ്ഞു. എല്ലാ വിരോധങ്ങളുടെയും ആക്രമങ്ങളുടെയും മൂല കാരണമായ സംശയം, മുന്‍വിധി, അല്ലെങ്കില്‍ മറ്റുള്ളവരെ നിയന്ത്രിക്കാനുള്ള മനോഭാവം ഇവയെല്ലാം ആത്മാവിനാല്‍ മാറ്റം വരുത്തപ്പെടണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. നമ്മുടെ സഹോദരീസഹോദരന്മാര്‍ക്ക് വേണ്ടി ഹൃദയങ്ങള്‍ തുറക്കാനും, നമ്മുടെ ഹൃദയ കാഠിന്യത്തെ മറികടക്കാനും, അധമ വികാരങ്ങളെ കീഴടക്കാനും ആത്മാവ്  നമ്മെ പ്രാപ്തരാക്കുമെന്ന് പാപ്പാ പറഞ്ഞു. പരിശുദ്ധാത്മാവ് മനുഷ്യഹൃദയങ്ങളിലെ അതിര്‍ത്തികള്‍ തുറക്കുന്നു, മനസ്സുകളെ ബന്ധിപ്പിക്കുന്നു, ഹൃദയങ്ങളില്‍ സമാധാനവും ഐക്യവും നല്‍കുന്നു. അതിനാല്‍ ആത്മാവിനായി തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാന്‍ പാപ്പ ദൈവജനത്തോട് ആഹ്വാനം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?