Follow Us On

13

June

2025

Friday

ഓസ്ട്രിയയിലെ സ്‌കൂള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ക്കായി പാപ്പയുടെ പ്രാര്‍ത്ഥന

ഓസ്ട്രിയയിലെ സ്‌കൂള്‍ വെടിവയ്പ്പില്‍  കൊല്ലപ്പെട്ടവര്‍ക്കായി പാപ്പയുടെ പ്രാര്‍ത്ഥന

വിയന്ന/ഓസ്ട്രിയ: ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ ഹൈസ്‌കൂളില്‍ നടന്ന കൂട്ട വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാര്‍പാപ്പ അതിയായ ദു:ഖവും വേദനയും രേഖപ്പെടുത്തി. ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച്‌  മാര്‍പാപ്പ കൊല്ലപ്പെട്ടവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു.

ജൂണ്‍ 10-ന് മുന്‍ വിദ്യാര്‍ത്ഥിയായ 21 വയസുള്ള യുവാവ് സ്‌കൂളിനുള്ളില്‍ തോക്കുമായെത്തി നടത്തിയ ആക്രമണത്തിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തത്. ഇത് ഓസ്ട്രിയയുടെ ചരിത്രത്തില്‍ നടന്ന അതിദാരുണമായ അക്രമങ്ങളില്‍ ഒന്നാണ്. ‘എന്റെ ചിന്തകള്‍ ഓസ്ട്രിയയിലെ കുടുംബങ്ങളോടും, അധ്യാപകരോടും, വിദ്യാര്‍ത്ഥികളോടുമൊപ്പമാണ്. ഈ കുട്ടികളെ അവിടുത്തെ സമാധാനത്തിലേക്ക് സ്വാഗതം ചെയ്യണമേ’ എന്ന് ലിയോ 14 ാമന്‍ പാപ്പ പ്രാര്‍ത്ഥിച്ചു. ഓസ്ട്രിയന്‍ ചാന്‍സലര്‍ ക്രിസ്റ്റ്യന്‍ സ്റ്റോക്കര്‍ ഇത് ‘രാജ്യത്തിന്റെ ചരിത്രത്തിലെ ഇരുണ്ട ദിന’മാണെന്ന് പറഞ്ഞു. ഓസ്ട്രിയയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

വെടിവയ്പ്പിനെ തുടര്‍ന്ന് നിരവധി യൂറോപ്യന്‍ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. യുവത്വത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകങ്ങളായ സ്‌കൂളുകള്‍ അക്രമത്തിന്റെയും മരണത്തിന്റെയും കേന്ദ്രങ്ങളായി മാറുമ്പോള്‍ അതിനെതിരെ  പ്രതിരോധം തീര്‍ക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. ‘ഓരോ കുട്ടിക്കും സ്‌കൂളില്‍ സുരക്ഷിതത്വം തോന്നണം, ഭയത്തില്‍ നിന്നും അക്രമത്തില്‍ നിന്നും മുക്തമായി പഠിക്കാനുള്ള അവസരം ലഭിക്കണം’ എന്ന് യൂറോപ്യന്‍ യൂണിയന്റെ വിദേശനയ മേധാവി കാജ കല്ലാസ് പ്രതികരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?