തൃശൂര്‍: തിരുവചനം പങ്കുവയ്ക്കുന്നതിനൊപ്പം അതുപ്രവൃത്തിപഥത്തില്‍ എത്തിക്കുന്നതിന്റെ അനുഭവവും കൂടി പങ്കുവയ്ക്കാനുണ്ട് ദൈവശബ്ദം കണ്വന്ഷന്. 31 കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായപ്പോള്‍ 274 നിര്‍ദ്ധനരായ പെണ്‍കുട്ടികളെ വിവാഹ ജീവിതത്തിലേക്ക് ആനയിക്കാന്‍ ദൈവശബ്ദം കണ്വന്ഷന് സാധിച്ചു.
തൃശൂര്‍ ശക്തന് തമ്പുരാന് പച്ചക്കറി മാര്‍ക്കറ്റിലെ പൊതുപ്രാര്‍ത്ഥനാ സമൂഹമായ മീറ്റ് ജീസസ് പ്രെയര്‍ ടീം നേതൃത്വം നല്കുന്ന ശുശ്രൂഷയാണ് ദൈവശബ്ദം കണ്വന്ഷന്. ഓരോ കണ്വന്ഷന് കഴിഞ്ഞ് മിച്ചമുള്ള പണവും ഉദാരമതികളുടെ സഹായവും ചേര്‍ത്താണ് നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം കണ്ടെത്തിയത്.
2024-ലെ ദൈവശബ്ദം കണ്‍വന്‍ഷനില്‍ ലഭിച്ച പണവും മറ്റുള്ളവരുടെ സഹായവും കൂടിച്ചേര്‍ന്നപ്പോള്‍ 10 യുവതികള്‍ക്ക് സ്വര്‍ണവും പണവുമായി രണ്ടര ലക്ഷം രൂപ വീതം വിവാഹധനസഹായമായി നല്കാന് കഴിഞ്ഞു. ഇക്കഴിഞ്ഞ മെയ് 25-നായിരുന്നു ആ 10 പേരുടെയും വിവാഹം നടന്നത്. ഓരോരുത്തരുടെയും വിശ്വാസവും ആചാരവുമനുസരിച്ച് അവരവര്‍ക്ക് താല്പര്യമുള്ള ആരാധാനലയങ്ങളില്‍ നടന്ന വിവാഹത്തിനുശേഷം വൈകുന്നേരം 10 ദമ്പതിമാര്‍ക്കും തൃശൂര്‍ ബസലിക്ക ബെയ് സ്മെന്റ് ഹാളില്‍ സ്വീകരണം നല്കി.
തൃശൂര്‍ അതിരൂപതാ സഹായ മെത്രാന് മാര്‍ ടോണി നീലങ്കാവില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. തൃശൂര്‍ രൂപതാ കരിസ്മാറ്റിക് നവീകരണ മുന്നേറ്റം ഡയറക്ടര്‍ ഫാ. റോയി വേളക്കൊമ്പില്‍ അധ്യക്ഷത വഹിച്ചു.
ഫാ. ഷാജന് തേര്‍മഠം, ഫാ. തോമസ് കാക്കശേരി, ഫാ. സിന്റോ പൊന്നേക്കന്, ഫാ. ആന്റണി, ഫാ. തോമസ് വാഴക്കാല സിഎംഐ, ഷാജു പൊന്നൂക്കര, ബാബു എംഎ, സി.വി സില്‍വസ്റ്റര്‍, കെ.ടി ബേബി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കണ്വന്ഷന് കമ്മറ്റി അംഗങ്ങളും പ്രേഷിതരും ദമ്പതിമാരുടെ ബന്ധുമിത്രാധികളും സന്നിഹിതരായിരുന്നു. 2025-ലെ ദൈവശബ്ദം കണ്വന്ഷന് നവംബര്‍ 15 മുതല്‍ 19 വരെ നടക്കും.
Leave a Comment
Your email address will not be published. Required fields are marked with *