Follow Us On

04

July

2025

Friday

ലോകജനസംഖ്യയുടെ 31.2% ക്രൈസ്തവര്‍; ഏറ്റവും വലിയ മതസമൂഹമായി തുടരുന്നു

ലോകജനസംഖ്യയുടെ 31.2% ക്രൈസ്തവര്‍; ഏറ്റവും വലിയ മതസമൂഹമായി തുടരുന്നു

ലോക ജനസംഖ്യയുടെ 31.2% വരുന്ന ഏറ്റവും വലിയ മതമായി ക്രിസ്തുമതം തുടരുന്നു. 2010 -2020 ദശകത്തില്‍ ലോകത്തിന്റെ മതഭൂപ്രകൃതിയില്‍ വന്ന മാറ്റങ്ങളെക്കുറിച്ച്് പ്യൂ റിസര്‍ച്ച് സെന്റര്‍  അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജനസംഖ്യാ വളര്‍ച്ച, വിവിധ മതവിശ്വാസങ്ങള്‍ പിന്തുടരുന്നവരുടെ സംഖ്യയില്‍ വന്നിരിക്കുന്ന ഏറ്റക്കുറിച്ചിലുകള്‍, വര്‍ധിച്ചുവരുന്ന മതേതരത്വം എന്നിവ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ പത്ത് വര്‍ഷത്തിനിടെ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരുടെ ആഗോളസംഖ്യ ഗണ്യമായി വളര്‍ന്നുവെന്ന് റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു, 2010 ല്‍ ഏകദേശം 590 കോടിയായിരുന്ന മതവിശ്വാസികള്‍ 2020 ല്‍ ഏകദേശം 690 കോടിയായി. ഉയര്‍ന്ന ജനനനിരക്കും ഊര്‍ജ്ജസ്വലമായ മതസമൂഹങ്ങളുടെ വളര്‍ച്ചയും സബ്-സഹാറന്‍ ആഫ്രിക്ക പോലുള്ള പ്രദേശങ്ങളിലെ ജനസംഖ്യാ വളര്‍ച്ചയുമാണ് ഈ വര്‍ധനവിന് പ്രധാന കാരണം.

ലോക ജനസംഖ്യയുടെ 23.2% ശതമാനമായിരുന്ന മുസ്ലീം ജനസംഖ്യ 2020 ആയപ്പോഴേക്കും 24.1% ആയി വര്‍ധിച്ചു എന്നത് ശ്രദ്ധേയമാണ്. അതേസമയം, ലോക ജനസംഖ്യയുടെ ഏകദേശം 31.2% വരുന്ന ഏറ്റവും വലിയ മതമായി ക്രിസ്തുമതം തുടരുന്നുണ്ടെങ്കിലും, ആഗോള ജനസംഖ്യാ വളര്‍ച്ചയുടെ വേഗതയില്‍ മുന്നേറാന്‍ കഴിയുന്നില്ല എന്നതും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.ലോകത്തില്‍ എല്ലാ പ്രായത്തിലുമുള്ള വിശ്വാസികള്‍ ഏറ്റവും തുല്യമായുള്ള മതവിഭാഗം ക്രൈസ്തവരാണ്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങളില്‍ ബഹുഭൂരിപക്ഷവും 50 വയസിന് താഴെയുള്ളവരാണ്. ബുദ്ധമതക്കാര്‍ മറ്റ് മതവിഭാഗങ്ങളെ അപേക്ഷിച്ച് പ്രായമുള്ളവരാണെന്നും ശ്രദ്ധേയമാണ്.

ഒരു മതത്തിലും വിശ്വസിക്കാത്തവരായി സ്വയം കരുതുന്ന ‘നോണ്‍’സിന്റെ ശ്രദ്ധേയമായ വര്‍ധനവാണ് ഈ കാലഘട്ടത്തില്‍ സംഭവിച്ച മറ്റൊരു പ്രധാന മാറ്റം. ഈ ഗ്രൂപ്പ് ഇപ്പോള്‍ യൂറോപ്യന്‍ ജനസംഖ്യയുടെ ഏകദേശം 17% വരും, ഇത് മതേതരവല്‍ക്കരണത്തിന്റെയും മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക മനോഭാവങ്ങളുടെയും വിശാലമായ പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു.  ഉപസംഹാരമായി, മതപരമായ സ്വത്വത്തിന്റെ കാര്യത്തില്‍ ലോകം കൂടുതല്‍ വൈവിധ്യപൂര്‍ണവും സങ്കീര്‍ണവുമായി മാറുകയാണെന്ന് പ്യൂ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. ജനസംഖ്യ വളരുകയും മാറുകയും ചെയ്യുമ്പോള്‍, ആളുകള്‍ ആത്മീയ സംതൃപ്തി കണ്ടെത്തുകയും അവരുടെ സമൂഹങ്ങളുമായി ഇടപഴകുകയും ചെയ്യുന്ന രീതിയും മാറിവരുന്നതിന്റെ സൂചനകളാണ് റിപ്പോര്‍ട്ടിലുള്ളത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?