Follow Us On

31

July

2025

Thursday

ഇതാണ് മാര്‍പാപ്പയില്‍നിന്ന് പൗരോഹിത്യം സ്വീകരിക്കുന്ന ജോര്‍ജ് അന്റോണിയോ

ഇതാണ് മാര്‍പാപ്പയില്‍നിന്ന്  പൗരോഹിത്യം സ്വീകരിക്കുന്ന ജോര്‍ജ് അന്റോണിയോ

വത്തിക്കാന്‍ സിറ്റി: കൗമാരപ്രായത്തില്‍ മെക്‌സിക്കോയുടെ വടക്ക് ഭാഗത്തുള്ള ഗ്രാമീണ സമൂഹങ്ങള്‍ സന്ദര്‍ശിക്കുവാന്‍ തന്റെ ഇടവക വികാരിയോടൊപ്പം പോകാന്‍ തുടങ്ങിയപ്പോഴാണ് ഗ്രാമങ്ങളിലുള്ളവരുടെ നിഷ്‌കളങ്കമായ വിശ്വാസം  ജോര്‍ജ് അന്റോണിയോ ആദ്യമായി അടുത്തറിഞ്ഞത്. എളിമയുള്ള ആ ഗ്രാമീണരുടെ വിശ്വാസത്തിന്റെ ഊഷ്മളതയിലാണ് അദ്ദേഹത്തിന്റെ ദൈവവിളി രൂപപ്പെട്ടത്.

സ്വര്‍ഗത്തിലേക്ക് തുറന്ന ഹൃദയത്തോടെയും നിലം ഉഴുതുമറിച്ച കൈകളോടെയും പ്രാര്‍ത്ഥിക്കുന്ന കര്‍ഷകര്‍ക്കിടയില്‍, ‘ദൈവത്തിനായുള്ള വലിയ വിശപ്പ്’  അദ്ദേഹം തിരിച്ചറിഞ്ഞു. ”ഇവ വിദൂര പ്രദേശങ്ങളാണ്, എത്തിച്ചേരാന്‍ വളരെ പ്രയാസമാണ്. ടാര്‍ ചെയ്യാത്ത മണ്‍പാതകളിലൂടെ  ട്രക്കില്‍ മണിക്കൂറുകള്‍ യാത്ര ചെയ്യണം. അവര്‍ ദരിദ്രരായ കര്‍ഷക സമൂഹങ്ങളാണ്. പക്ഷേ ദൈവത്തില്‍ പൂര്‍ണമായും വിശ്വസിക്കുന്നതിനാല്‍ അവര്‍ വളരെയധികം സന്തുഷ്ടരാണ് ,’ അദ്ദേഹം വിശദീകരിക്കുന്നു. ഈ അനുഭവങ്ങളാണ് ഒരു പുരോഹിതനാകാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.

ഇത്  നാളെ പൗരോഹിത്യം സ്വീകരിക്കുന്ന മെക്‌സിക്കോയിലെ ലിനാരസ് രൂപതയില്‍ നിന്നുള്ള 27 വയസുള്ള  ജോര്‍ജ് അന്റോണിയോ എസ്‌കോബെഡോ റോസാലെസ്. അദ്ദേഹം പൗരോഹിത്യശുശ്രൂഷയിലേക്ക് പ്രവേശിക്കുമ്പോള്‍ ലോകം മുഴുവന്‍ അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ടാകും. കാരണം അദ്ദേഹം പൗരോഹിത്യം സ്വീകരിക്കുന്നത് സാക്ഷാല്‍ ലിയോ 14 ാമന്‍ മാര്‍പാപ്പയില്‍നിന്നാണ്.
ഒരു മിഷനറിയാകുക, ലോകത്തില്‍ നിന്ന് മറഞ്ഞിരിക്കുന്ന സമൂഹങ്ങളുമായി ദൈവവചനം പങ്കിടുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ സ്വപ്‌നം. ‘ഒരു ഓഫീസില്‍ അടച്ചിടപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ തെരുവിനോട്  ഇണങ്ങിയ വ്യക്തിയാണ്. ഒരിക്കലും അതില്‍ നിന്ന് മുക്തി നേടാനാകുമെന്ന് ഞാന്‍ കരുതുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

1998 മാര്‍ച്ച് 18 ന് ന്യൂവോ ലിയോണിലെ സാന്‍ നിക്കോളാസ് ഡി ലോസ് ഗാര്‍സയിലാണ് എസ്‌കോബെഡോ ജനിച്ചത്. രൂപതാ വൈദികനാകാനാണ് ഒരുങ്ങുന്നതെങ്കിലും വിശുദ്ധ ഡോണ്‍ബോസ്‌കോയുടെ ജീവിതമാതൃകയാണ് അദ്ദേഹം അനുകരിക്കാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്. ലിയോ പതിനാലാമന്‍ പാപ്പയുടെ പക്കല്‍ നിന്നുള്ള ഈ പൗരോഹിത്യ സ്വീകരണം അദ്ദേഹത്തിന്റെ സ്വപ്‌നത്തില്‍ പോലുമില്ലായിരുന്നു. അതുകൊണ്ടുതന്നെ ബിഷപ് അദ്ദേഹത്തോട് ഈ വാര്‍ത്ത പറഞ്ഞയുടനെഅദ്ദേഹം പൊട്ടിക്കരഞ്ഞു. നാളെ, വൈദികരുടെ ജൂബിലിയുടെ ഭാഗമായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പാപ്പയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന തിരുക്കര്‍മങ്ങളില്‍ അദ്ദേഹം പുരോഹിതനായി അഭിഷിക്തനാകും.

മയക്കുമരുന്ന് കടത്തും സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അക്രമങ്ങളും നിമിത്തം മെക്‌സിക്കോ ഏറ്റവും വേദനാജനകമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സമയമാണിത്. അപകടസാധ്യതയുള്ള പ്രദേശത്തിലേക്കാണ് താന്‍ കടന്നുപോകുന്നതെന്ന് എസ്‌കോബെഡോ റോസാലെസിന് നന്നായി അറിയാം. പക്ഷേ അദ്ദേഹം ഭയപ്പെടുന്നില്ല. ‘സഹായം ഏറ്റവും ആവശ്യമുള്ളവരെ ശ്രദ്ധിക്കുക. ഒരു പിതാവായിരിക്കുക. തന്റെ കുട്ടികള്‍ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നില്ലെന്ന് ഉറപ്പാക്കുക. അക്രമത്തിന്റെ ഉത്ഭവം സ്‌നേഹത്തിന്റെ അഭാവമാണ്. ക്രിസ്തുവിനെ സ്‌നേഹിക്കാന്‍ യുവാക്കളെ പഠിപ്പിക്കാന്‍ ആരുമില്ല. സംഘടിത കുറ്റകൃത്യങ്ങള്‍ക്കും മറ്റും കാരണമാകുന്നത് അതാണ്. അതിനാല്‍,  യുവാക്കളെ ദൈവത്തിലേക്ക് അടുക്കാന്‍ ക്ഷണിക്കുക എന്നതാണ്, ഞാന്‍ വളരെ ധൈര്യത്തോടെ ഏറ്റെടുക്കേണ്ട  വെല്ലുവിളിയും ദൗത്യവും,’ അദ്ദേഹം ഉപസംഹരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?