ജോസഫ് മൈക്കിള്‍
ഇന്ത്യക്ക് ലോകത്തിന്റെ മുമ്പില്‍ അപമാനഭാരത്താല്‍ തലകുനിക്കേണ്ടിവന്ന ദിനമായിരുന്നു 2021 ജൂലൈ അഞ്ച്. ജാര്‍ഖണ്ഡിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമി എന്ന ഈശോ സഭാ വൈദികന്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചത് അന്നായിരുന്നു. നീതിനിഷേധിക്കപ്പെട്ട ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കുവേണ്ടി നിലകൊണ്ടതാണ് അധികാരികളുടെ കണ്ണിലെ കരടായി അദ്ദേഹത്തെ മാറ്റിയത്. ഇല്ലാത്ത മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ എന്ന കടുത്ത വകുപ്പ് ചുമത്തി രാജ്യദ്രോഹിയെന്ന് മുദ്രകുത്തിയായിരുന്നു അദ്ദേഹത്തെ ജയിലില്‍ അടച്ചത്. അതുകൊണ്ടുതന്നെ ജാമ്യം അനുവദിക്കാന്‍ കഴിയാതെ നീതിപീഠങ്ങള്‍പ്പോലും നിസഹായരായി.
84-ാം വയസില്‍ ഒമ്പതു മാസത്തോളം ജയിലിലെ തണുത്ത തറയില്‍ അദ്ദേഹത്തിന് കഴിയേണ്ടിവന്നു എന്നത് നമ്മുടെ രാജ്യത്തെ നിയമസംവിധാനങ്ങള്‍ക്ക് എത്രയോ അപമാനകരമാണ്. പാര്‍ക്കിസണ്‍സ് രോഗംമൂലം കടുത്ത വിറയല്‍ ബാധിച്ച അദ്ദേഹത്തിന് വെള്ളം കുടിക്കാന്‍ ഒരു സ്‌ട്രോ യ്ക്കുവേണ്ടി കോടതിയുടെ കനിവു തേടേണ്ടിവന്നു. ഭരണകൂടം അത്ര നീചമായിട്ടായിരുന്നു ആ വന്ദ്യവയോധികനെ വേട്ടയാടിയത്.
ഫാ. സ്റ്റാന്‍ സ്വാമി വിസ്മയകരമായ വ്യക്തിയായിരുന്നെന്നും അദ്ദേഹത്തിന്റെ സേവനങ്ങള്‍ മഹത്തരമായിരുന്നെന്നും ഒടുവില്‍ നീതിപീഠവും ഏറ്റുപറഞ്ഞു. പക്ഷേ, മരണശേഷം ആയിരുന്നു എന്നു മാത്രം. ജസ്റ്റിസ് എസ്.എസ് ഷിന്‍ഡെ, ജസ്റ്റിസ് എന്‍.ജെ ജമാദര്‍ എന്നിവരടങ്ങിയ ബോംബെ ഹൈക്കോടതി ബഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ജാമ്യത്തിനായി ഫാ. സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച അപേക്ഷ മരണാനന്തരം പരിഗണിക്കുമ്പോഴാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹത്തിന് ഫാ. സ്റ്റാന്‍ സ്വാമി ചെയ്ത സേവനങ്ങളെ ഞങ്ങള്‍ അങ്ങേയറ്റം ആദരവോടെ കാണുന്നു എന്നായിരുന്നു ന്യായാധിപന്മാരുടെ വാക്കുകള്‍.
പരിഷ്‌കൃത സമൂഹത്തിലെ മറ്റേതു രാജ്യത്തായിരുന്നെങ്കിലും പരമോന്നത ബഹുമതികള്‍ നല്‍കി ഫാ. സ്റ്റാന്‍ സ്വാമി ആദരിക്കപ്പെടുമായിരുന്നു. കാരണം, ഒരു മനുഷ്യായുസ് മുഴുവനും പാവങ്ങള്‍ക്കുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം.
ആരൊക്കെയോ ചേര്‍ന്ന് തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റു ചെയ്യപ്പെട്ടത്. ജാര്‍ഖണ്ഡിലെ ആദിവാസി ഭൂമി ഖനി മാഫിയകള്‍ക്ക് തീറെഴുതാനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കണ്ടിവന്നിരുന്നു. നിയമനിര്‍മാണത്തിനെതിരെ ആദിവാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നതായിരുന്നു കാരണം. അതിനവരെ ശക്തരാക്കിയതില്‍ ഫാ. സ്റ്റാന്‍ സ്വാമി വലിയ പങ്കുവഹിച്ചിരുന്നു. അതേതുടര്‍ന്നാണ് ഫാ. സ്റ്റാന്‍ സ്വാമി ഭരണകൂടത്തിന്റെ ഹിറ്റ്‌ലിസ്റ്റിലായത്.
ഫാ. സ്റ്റാന്‍ സ്വാമിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചവര്‍ ആഗ്രഹിച്ചത് ഇനിയൊരിക്കലും ഒരു മിഷനറിയും ആദിവാസികള്‍ക്കുവേണ്ടി ശബ്ദിക്കരുതെന്നായിരുന്നു. എന്നാല്‍ ഒരു മിഷനറിയും ഭയന്നുപിന്മാറിയില്ലെന്നതു ചരിത്രം. കാരണം പൂ വിരിച്ച പാതകള്‍ താണ്ടി വന്നവരല്ല ക്രൈസ്ത മിഷനറിമാര്‍. അത്തരം ഭീഷണികള്‍കണ്ട് ഭയക്കുന്നവരുമല്ല അവര്‍.
ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണ വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഈ മനുഷ്യന്‍ നീതിമാനായിരുന്നെന്ന് ലോകം വിളിച്ചുപറഞ്ഞിരുന്നു. ഐക്യരാഷ്ട്ര സഭപോലും ഇക്കാര്യം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിനെതിരെയുള്ള തെളിവുകള്‍ അന്വേഷണ ഏജന്‍സി കൃത്രിമമായി ഉണ്ടാക്കിയതാണെന്ന വിവരം അമേരിക്കയിലെ ഫോറന്‍സിക് സ്ഥാപനമായ ബോസ്റ്റണിലെ ആഴ്‌സണല്‍ കണ്‍സള്‍ട്ടിംഗ് നടത്തിയ പരിശോധനയില്‍ പിന്നീട് തെളിഞ്ഞിരുന്നു. ഫാ. സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകരാണ് തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയത്. അദ്ദേഹത്തിന്റെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത് അതിലേക്ക് വ്യാജ മെയിലുകള്‍ നിക്ഷേപിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയത്.
പരിഷ്‌കൃത സമൂഹത്തിലെ മറ്റേതു രാജ്യത്തായിരുന്നെങ്കിലും രാജ്യത്തെ പരമോന്നത ബഹുമതികള്‍ നല്‍കി ഫാ. സ്റ്റാന്‍ സ്വാമി ആദരിക്കപ്പെടുമായിരുന്നു. കാരണം, ഒരു മനുഷ്യായുസ് മുഴുവനും പാവങ്ങള്‍ക്കുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. ഫാ. സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് തെറ്റുപറ്റിയെന്നു പറയാനുള്ള സാമാന്യ മര്യാദ ഈ വൈ കിയ വേളയിലെങ്കിലും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
Leave a Comment
Your email address will not be published. Required fields are marked with *