Follow Us On

05

July

2025

Saturday

100 രൂപക്ക് രണ്ട് താഴ് വാങ്ങിയിരുന്നെങ്കില്‍ മെഡിക്കല്‍ കോളജിലെ മരണം ഒഴിവാക്കാമായിരുന്നില്ലേ?

100 രൂപക്ക് രണ്ട് താഴ് വാങ്ങിയിരുന്നെങ്കില്‍ മെഡിക്കല്‍ കോളജിലെ മരണം ഒഴിവാക്കാമായിരുന്നില്ലേ?
ഫാ. ജോസഫ് വയലില്‍ സിഎംഐ
ഡോക്ടര്‍മാരെ കാണപ്പെടുന്ന ദൈവങ്ങളും നഴ്‌സുമാരെ മാലാഖമാരും ആയി കാണുന്ന ഒരാളാണ് ഞാന്‍. പലതവണ ഞാന്‍ മരണത്തില്‍നിന്ന് രക്ഷപെട്ടതും കഠിനരോഗങ്ങളില്‍നിന്നും സൗഖ്യം പ്രാപിച്ചതും ഈ ദൈവങ്ങളും മാലാഖമാരും മറ്റ് ആശുപത്രി സ്റ്റാഫും കാരണമാണ്. പിന്നെയെങ്ങനെ അവരെ ദൈവങ്ങള്‍ എന്നും മാലാഖമാര്‍ എന്നും വിളിക്കാതിരിക്കും?
എന്നാലും ഈ ദൈവങ്ങളുടെയും മാലാഖമാരുടെയും ഇതര സ്റ്റാഫ് അംഗങ്ങളുടെയും അശ്രദ്ധ, അവഗണന, മടി, ജ്ഞാനമില്ലായ്മ, ആത്മാര്‍ത്ഥതക്കുറവ് തുടങ്ങിയ പല കാരണങ്ങളാല്‍ എത്രയോ രോഗികള്‍ അകാലത്തില്‍ മരിക്കുന്നു; എത്രയോ പേര്‍ മാറാരോഗികള്‍ ആകുന്നു. എത്രയോ പേരുടെ രോഗം കലശലാകുന്നു, എത്രയോ രോഗികള്‍ക്ക് വലിയ പണച്ചെലവുകള്‍ ഉണ്ടാകുന്നു, എത്രയോ രോഗികളുടെയും കുടുംബാംഗങ്ങളുടെയും ജീവിതം ദുരിതപൂര്‍ണമാകുന്നു. കേട്ടിട്ടുള്ള ചില സംഭവങ്ങള്‍ പറയാം.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില്‍ കത്രികവച്ച് തുന്നിക്കെട്ടിയതുമൂലം ആ സ്ത്രീയും കുടുംബാംഗങ്ങളും എത്രമാത്രം വേദനയും ഇതര വിഷമങ്ങളും സാമ്പത്തിക പ്രയാസങ്ങളും അനുഭവിക്കുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് വയറ്റില്‍ കോട്ടണ്‍വച്ച് (അശ്രദ്ധ കാരണം അത് മാറ്റിയില്ല) മുറിവ് തുന്നിക്കെട്ടി രോഗിയെ വിട്ടു. മുറിവ് പഴുത്തു. ആ രോഗി സഹിച്ചതിന് കണക്കില്ല. ചെലവാക്കിയ പണത്തിനും.
 രോഗിക്ക് കൊടുക്കേണ്ട മരുന്ന് അതാത് സമയം കൊടുക്കാതെ മരുന്ന് വെയ്സ്റ്റ് ബോക്‌സില്‍ ഇട്ടിട്ട് മരുന്ന് കൊടുത്തതായി ഫയലില്‍ എഴുതിവച്ചതുമൂലം രോഗം വഷളായ രോഗികളെപ്പറ്റി കേട്ടിട്ടുണ്ട്. അനസ്‌തേഷ്യ കൊടുക്കുന്നതിലെ ശ്രദ്ധക്കുറവുകൊണ്ട് രോഗികള്‍ക്ക് ഉണ്ടായ സഹനങ്ങളെപ്പറ്റിയും മരണത്തെപ്പറ്റിയും കേട്ടിട്ടുണ്ട്. അടുത്തകാലത്ത് കേട്ട ഒരു സംഭവം ഇങ്ങനെയായിരുന്നു. ഒരു മനുഷ്യന്റെ വയറ്റില്‍ ഓപ്പറേഷന്‍ ചെയ്തു. അശ്രദ്ധകാരണം ഓപ്പറേഷന്‍ സമയത്ത് ഒരു രക്തക്കുഴല്‍ മുറിഞ്ഞു. അതറിയാതെ മുറിവ് തുന്നിക്കെട്ടി.
സാവകാശം രോഗിക്ക് വയറുവീര്‍ക്കുന്ന പ്രശ്‌നം ഉണ്ടായി. ഡോക്ടറോട് പറഞ്ഞപ്പോള്‍ ഗ്യാസ് ആയിരിക്കും എന്നുപറഞ്ഞ് ഗ്യാസിനുള്ള മരുന്നു കൊടുത്തു. പക്ഷേ, ഗുണം കിട്ടിയില്ല. രോഗി അവശനിലയിലായപ്പോള്‍ സ്‌കാന്‍ ചെയ്തു. അപ്പോഴാണ് രക്തക്കുഴല്‍ മുറിഞ്ഞിരിക്കുന്നതും രക്തപ്രവാഹം നടക്കുന്നതുമായി ഡോക്ടര്‍ കണ്ടത്. ഈ ഡോക്ടര്‍ക്ക് ജ്ഞാനം ഉണ്ടായിരുന്നെങ്കില്‍ ആദ്യംതന്നെ സ്‌കാന്‍ ചെയ്യാന്‍ പറയുകയും പ്രശ്‌നം കണ്ടുപിടിച്ച് രോഗിയെ രക്ഷിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, അങ്ങനെ ഡോക്ടര്‍ക്ക് തോന്നിയില്ല. രോഗി മരിച്ചു, പഴിയും പേരുദോഷവും ആശുപത്രിക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോ. ഹാരിസ് അവതരിപ്പിച്ച പ്രശ്‌നം നോക്കുക. വേണ്ടപ്പെട്ടവര്‍ ജനരോഷംമൂലം ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ ചുവപ്പുനാടകള്‍ മണിക്കൂറുകള്‍കൊണ്ട് അഴിഞ്ഞു. മുടന്തന്‍ ന്യായങ്ങള്‍ വിഴുങ്ങി. ഹൈദരാബാദില്‍നിന്നും വിമാനത്തില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിച്ചു. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും. പക്ഷേ വേണമെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് തോന്നണ്ടേ?
കോട്ടയം മെഡിക്കല്‍ കോളജില്‍ പഴയ ആശുപത്രിക്കെട്ടിടം ഇടിഞ്ഞുവീണ് ഒരു രോഗിയുടെ കൂട്ടിരുപ്പുകാരിയായ അമ്മ മരിച്ചു. ഇവിടെ മുഖ്യപ്രതി ആരോഗ്യമന്ത്രിയാണെന്ന് തോന്നുന്നില്ല. മന്ത്രിക്ക് എല്ലാ ആശുപത്രികളും കയറിയിറങ്ങി മുക്കും മൂലയും പരിശോധിക്കാന്‍ കഴിയില്ല. പക്ഷേ, ആശുപത്രിഭരണം നടത്തിക്കൊണ്ടിരിക്കുന്ന ചില അധികാരികള്‍ ആശുപത്രിയില്‍ത്തന്നെ ഉണ്ടല്ലോ. അവര്‍ക്ക് അല്‍പംകൂടി ആത്മാര്‍ത്ഥതയും ജാഗ്രതയും കാണിക്കാമായിരുന്നില്ലേ? എല്ലാം കഴിഞ്ഞപ്പോള്‍ അവരുടെ വിശദീകരണം കേട്ടു. ആ ഭാഗത്തേക്ക് ആരും പോകരുതെന്ന് കര്‍ശനനിര്‍ദേശം നല്‍കിയിരുന്നതാണ്. ഈ പ്രസ്താവനയിലെ വിവരം ഇല്ലായ്മ ഒന്ന് ഓര്‍ത്തുനോക്കിക്കേ.
ആയിരക്കണക്കിന് രോഗികളും കൂട്ടിരുപ്പുകാരും കൂടെ വരുന്നവരും കാണാന്‍ വരുന്നവരുമായ മനുഷ്യര്‍ ഓരോ ദിവസവും ആശുപത്രിയില്‍ ഉണ്ട്. രാവിലെ ഉള്ളവര്‍ ഉച്ചകഴിഞ്ഞ് ഉണ്ടാകണം എന്നില്ല. അതായത് മണിക്കൂറുകളുടെയും ദിവസത്തിന്റെയും വ്യത്യാസം അനുസരിച്ച് ആളുകള്‍ മാറിക്കൊണ്ടിരിക്കും. അങ്ങനെയുള്ള സഅഥലത്ത് ഏതാനുംതവണ ‘അങ്ങോട്ട് കയറരുത്, ആ ടോയ്‌ലറ്റ് ഉപയോഗിക്കരുത്’ എന്ന് പറഞ്ഞാലും ഫലം കിട്ടില്ലല്ലോ? എന്നിട്ട്, ഞങ്ങള്‍ അവിടെ കയറരുത് എന്ന് കര്‍ശനമായി പറഞ്ഞിരുന്നുവെന്ന് ന്യായം പറഞ്ഞാല്‍ ശരിയാകുമോ? നൂറ് രൂപ കൊടുത്ത് രണ്ട് താഴ് വാങ്ങി ഈ രണ്ട് ടോയ്‌ലറ്റുകളും പൂട്ടിയിട്ടിരുന്നെങ്കില്‍ മരണം ഉണ്ടാകുമായിരുന്നോ? അഥവാ ആ പഴയ കെട്ടിടത്തിലേക്കുള്ള പ്രവേശനം എന്തെങ്കിലും താല്‍ക്കാലിക സംവിധാനം ഉപയോഗിച്ച് തടഞ്ഞിരുന്നെങ്കില്‍  ദുരന്തം ഉണ്ടാകുമായിരുന്നോ?
പറഞ്ഞുവരുന്നത് ഇതാണ്. ഡോക്ടര്‍മാര്‍ ദൈവങ്ങളെപ്പോലെയാണ്. അവര്‍ക്ക് അറിവ്, കഴിവ് എല്ലാം ഉണ്ട്. പക്ഷേ, ചിലര്‍ക്ക്, ചില സമയത്ത് ജ്ഞാനവും വിവേകവും ആത്മാര്‍ത്ഥതയും കുറവുള്ളതുപോലെ തോന്നുകയാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?