കാക്കനാട്: കല്‍ദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത മാര്‍ അപ്രേം തിരുമേനിയുടെ ദേഹവിയോഗത്തില്‍ സീറോ മലബാര്‍ സഭയുടെ അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുന്നതായി സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അറിയിച്ചു.
തൃശൂരിന്റെ ആത്മീയ സാംസ്‌കാരിക മണ്ഡലത്തില്‍ നിറ സാന്നിധ്യമായിരുന്ന മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ സംഭാവനകള്‍ നിസ്തുലമായിരുന്നെന്നു മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരിച്ചു. ചെറുപ്രായത്തില്‍ മെത്രാപ്പോലീത്ത പദവിയിലെത്തിയ അദ്ദേഹം മികച്ച ഭരണകര്‍ത്താവും ആത്മീയ നേതാവും എന്ന നിലയില്‍ സ്തുത്യര്‍ഹമാംവിധം സഭയെ നയിച്ച വ്യക്തിയായിരുന്നു.
പൗരസ്ത്യ ദൈവശാസ്ത്രത്തില്‍ വലിയ അവഗാഹം ഉണ്ടായിരുന്ന മാര്‍ അപ്രേം മെത്രാപ്പോലീത്ത പൗരസ്ത്യ സുറിയാനി ഭാഷാ പണ്ഡിതന്‍ എന്നനിലയിലും എഴുപതില്‍ പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവ് എന്നനിലയിലും വലിയ സംഭാവനകള്‍ വൈജ്ഞാനിക രംഗത്ത് നല്‍കിയിട്ടുണ്ട്.
മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ ദുഃഖിക്കുന്ന കല്‍ദായ സുറിയാനി സഭയോടും മാര്‍ ഔഗേന്‍ മെത്രാപ്പോലീത്ത അടങ്ങുന്ന സഭാ നേതൃത്വത്തോടുമുള്ള സീറോ മലബാര്‍ സഭയുടെ അനുശോചനം അറിയിക്കുന്നതായും കാലം ചെയ്ത മാര്‍ അപ്രേം തിരുമേനിയെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നതായും മേജര്‍ ആര്‍ച്ചുബിഷപ് പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *