കോതമംഗലം: സമ്പൂര്‍ണ മലയാളം, ഇംഗ്ലീഷ് ബൈബിളുകള്‍ പകര്‍ത്തിയെഴുതിയതിനുശേഷം ഹിന്ദി ബൈബിള്‍ പകര്‍ത്തിയെഴുതുന്നതിന്റെ തിരക്കിലാണ് 74-ാം വയസില്‍ എമിലി മാത്യു. വളരെ വേഗത്തിലാണ് എഴുതുന്നതെങ്കിലും ആരെയും ആകര്‍ഷിക്കുന്ന അച്ചടിച്ചതുപോലെ മനോഹരമായ കൈയക്ഷരങ്ങളാണ് ഈ ബൈബിള്‍ പകര്‍ത്തിയെഴുത്തിനെ വേറിട്ടതാക്കുന്നത്.
10 മാസം കൊണ്ടാണ് മലയാളം ബൈബിള്‍ പൂര്‍ത്തിയാക്കിയത്. 2020 ഓഗസ്റ്റ് ഒന്നിന് തുടങ്ങി 2021 ജൂണ്‍ 14ന് പൂര്‍ത്തിയായി. ജൂണ്‍ 14 ആകുമ്പോള്‍ പൂര്‍ത്തിയാക്കണമെന്ന വലിയ ആഗ്രഹം എമിലി മാത്യുവിന് ഉണ്ടായിരുന്നു. അന്ന് ജന്മദിനമായിരുന്നു. ഇത്രയും കാലം തന്നെ ആരോഗ്യത്തോടെ കാത്തുപരിപാലിച്ച ദൈവത്തോടുള്ള നന്ദിപ്രകാശനമായിരുന്നത്. മലയാളം സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതുന്നതിനായി 3810 പേജുകള്‍ വേണ്ടിവന്നു.

2021 നവംബറിലാണ് ഇംഗ്ലീഷ് ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ ആരംഭിച്ചത്. 2024 -ല്‍ പൂര്‍ത്തിയായി. മൂന്നു വര്‍ഷമെടുക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഇളയ മകന്‍ സിറില്‍ മാത്യുവിന് കുഞ്ഞ് ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഇംഗ്ലീഷ് ബൈബിള്‍ എഴുതിതുടങ്ങിയത്. കുഞ്ഞിന്റെ പരിപാലനവും അവന്റെ കുസൃതികളുമൊക്ക കാരണമാണ് മൂന്നു വര്‍ഷം നീണ്ടത്. തുടര്‍ന്നാണ് ഹിന്ദി ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ ആരംഭിച്ചത്. നാലു സുവിശേഷങ്ങളും കഴിഞ്ഞ് എഴുത്ത് വേഗത്തില്‍ മുമ്പോട്ടുപോകുകയാണ്.
കോതമംഗലം രൂപതയിലെ പരീക്കണ്ണി ഇടവകയിലെ വടക്കേല്‍ മാത്യുവിന്റെ ഭാര്യയാണ് എമിലി മാത്യു. അഞ്ച് മക്കളാണ് ഈ ദമ്പതികള്‍ക്ക്. ഭര്‍ത്താവിന്റെയും മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും പ്രാത്സാഹനമാണ് എഴുത്തു തുടരാനുള്ള പ്രേരകശക്തി. ഇളയമകന്‍ സിറില്‍ മാത്യുവും ഭാര്യ റീനു വുമാണ് ഇപ്പോള്‍ തറവാട്ടില്‍. എഴുതാനുള്ള പേനയും പേപ്പറുകളും വാങ്ങി നല്‍കി എപ്പോഴും പ്രോത്സാഹനവുമായി സിറില്‍ കൂടെയുണ്ട്. സാധാരണ രീതിയില്‍ രാത്രി എട്ടു മുതല്‍ രാത്രി 11 വരെയാണ് എഴുതുന്നത്.

പകല്‍ സമയത്ത് വീട്ടിലെ ജോലികള്‍ക്കിടയില്‍ ലഭിക്കുന്ന ഇടവേളകളിലും എഴുതാറുണ്ട്. ഇടവകയിലെ സംഘടനാ പ്രവര്‍ത്തനങ്ങളിലും വളരെ സജീവമാണ് എമിലി മാത്യു. 10 വര്‍ഷം പരീക്കണ്ണി ഇടവകയിലെ മാതൃദീപ്തിയുടെ പ്രസിഡന്റായിരുന്നു. ഇപ്പോഴും മാതൃദീപ്തിയുടെ ഫൊറോന ട്രഷററാണ്. ബൈബിള്‍ പകര്‍ത്തിയെഴുതിയതിന് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. ഒരു ദിവസംപോലും എമിലി മാത്യു വിശുദ്ധ കുര്‍ബാന മുടക്കാറില്ല.
Leave a Comment
Your email address will not be published. Required fields are marked with *