പോൾ സെബാസ്റ്റ്യൻ
മെൽബൺ: സെന്റ് തോമസ് സീറോമലബാർ മെൽബൺ സൗത്ത് ഈസ്റ്റ് ഇടവക ദൈവാലയത്തിന്റെ കൂദാശകർമ്മം സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ ജൂലൈ 12 ശനിയാഴ്ച മെൽബൺ സമയം രാവിലെ 9.30ന് നിർവ്വഹിക്കും.
മെൽബൺ രൂപതാധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിൽ, മെൽബൺ രൂപതയുടെ പ്രഥമ ബിഷപ് മാർ ബോസ്‌കോ പുത്തൂർ, മെൽബൺ അതിരൂപത സഹായ മെത്രാൻ ആന്റണി ജോൺ അയർലൻഡ്, വാഗ രൂപത ബിഷപ് മാർക്ക് എഡ്വേർഡ്, രൂപത വികാരി ജനറാളും ഇടവക വികാരിയുമായ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ, ഓസ്ട്രേലിയയിലെ വിവിധ രൂപതകളിലും മെൽബൺ സീറോ മലബാർ രൂപതയിലും സേവനം ചെയ്യുന്ന വൈദികർ, മെൽബൺ സീറോ മലബാർ രൂപതയിലെ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രതിനിധികൾ, ഓസ്ട്രേലിയയിലെ ഫെഡറൽ-സ്റ്റേറ്റ് മന്ത്രിമാർ, എം.പിമാർ, സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ഉൾപ്പെടെ 2,000 ഓളം പേർ കൂദാശകർമ്മത്തിൽ പങ്കെടുക്കും.
രാവിലെ 9 ന് മാർ റാഫേൽ തട്ടിലിന് ദൈവാലയങ്കണത്തിൽ സ്വീകരണം നൽ കും. ദൈവാലയ കൂദാശയുടെ ശിലാഫലകം മാർ റാഫേൽ തട്ടിൽ അനാച്ഛേദനം ചെയ്യും. കൂദാശകർമ്മത്തിനു ശേഷം മാർ റാഫേൽ തട്ടിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ മാർ ജോൺ പനംതോട്ടത്തിൽ, മാർ ബോസ്‌കോ പുത്തൂർ, രൂപത വികാരി ജനറാളും ഇടവക വികാരിയുമായ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, കത്തീഡ്രൽ വികാരി ഫാദർ മാത്യൂ അരീപ്ലാക്കൽ എന്നിവർ സഹകാർമ്മികരാകും. തിരുക്കർമ്മങ്ങൾക്ക് ശേഷം ദേവാലയ കൂദാശയോടനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്ന സുവനീയറിന്റെയും തീം സോങ്ങിന്റെയും പ്രകാശനകർമ്മവും നടക്കും.
2013 ഡിസംബർ 23 നാണ് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ മെൽബൺ ആസ്ഥാനമായി ഇന്ത്യക്ക് പുറത്തെ രണ്ടാമത്തെ സീറോ മലബാർ രൂപതയായി മെൽബൺ രൂപത പ്രഖ്യാപിച്ചത്. മെൽബൺ സീറോ മലബാർ രൂപതയിൽ പണി പൂർത്തീകരിച്ച ആറാമത്തെ ദൈവാലയമാണ് മെൽബൺ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് ഇടവക ദൈവാലയം. മെൽബൺ സീറോ മലബാർ രൂപതയിലെ ഏറ്റവും വലിയ ഇടവകകളിലൊന്നായ, ആയിരത്തിഒരുന്നൂറോളം കുടുംബങ്ങളുള്ള മെൽബൺ സൗത്ത് ഈസ്റ്റ് ഇടവകയിലെ വിശ്വാസീസമൂഹത്തിന്റെ കഴിഞ്ഞ ദീർഘനാളത്തെ പ്രാർത്ഥനയുടെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും സാമ്പത്തികസഹകരണത്തിന്റെയും ഫലമാണ് നിർമ്മാണം പൂർത്തിയാക്കി കൂദാശക്കായി ഒരുങ്ങുന്ന മെൽബൺ സൗത്ത് ഈസ്റ്റ് ഇടവക ദൈവാലയം.
2015 ലാണ് മാർ ബോസ്‌കോ പുത്തൂർ മെൽബൺ സൗത്ത് ഈസ്റ്റ് സീറോമലബാർ സമൂഹത്തെ ഇടവകയായി പ്രഖ്യപിച്ചത്. 2022 സെപ്റ്റംബർ 23 ന് മെൽബൺ രൂപതയുടെ പ്രഥമ രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ ദൈവാലയത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. 1500 സ്‌ക്വയർ മീറ്ററിൽ പൗരസ്ത്യപാരമ്പര്യ തനിമകളോടെ അതിമനോഹരമായാണ് മെൽബൺ സൗത്ത് ഈസ്റ്റ് ഇടവക ദേവാലയം നിർമ്മാണം പൂർത്തികരിച്ചിരിക്കുന്നത്. 1000 ഓളം പേർക്ക് ഒരേസമയം തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനുള്ള സൗകര്യം ദേവാലയത്തിൽ ഉണ്ട്. 250 ഓളം കാർപാർക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിൽ, ഇടവക വികാരിയും രൂപത വികാരി ജനറാളുമായ മോൺ. ഫ്രാൻസീസ് കോലഞ്ചേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിനു കുര്യൻ, ഫാ. സജി ഞവരക്കാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ദൈവാലയ കൂദാശകർമ്മം ഏറ്റവും മനോഹരമായും ഭക്തിനിർഭരമായും ക്രമീകരിക്കുവാൻ അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *