കൊച്ചി: മലയോര, തീരദേശ ജനതയുടെ ദുരിതങ്ങള്‍ക്കു പരിഹാരം കാണാനും ലഹരി വ്യാപനം തടയാനും സമഗ്രമായ പദ്ധതി വേണമെന്ന് കെസിബിസി അല്മായ കമ്മിഷന്‍ ചെര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍. കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) സംസ്ഥാന നേതൃസംഗമം മുവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.
കാട് നാട്ടിലേക്കിറങ്ങിയും കടല്‍ കരയിലേക്കു കയറിയും കേരളം ചുരുങ്ങുകയാണ്. കര്‍ഷകരെയും തൊഴിലാളികളെയും അവഗണിച്ച് കോര്‍പറേറ്റ് ഏജന്‍സികള്‍ക്കു വേണ്ടിയാണു ഭരണകര്‍ത്താക്കള്‍ നിലകൊള്ളുന്നതെന്നും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള അനിയന്ത്രിതമായ വിദേശകുടിയേറ്റം സംസ്ഥാനത്തിന്റെ ബൗദ്ധിക വിഭവശേഷി വലിയതോതില്‍ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗ ശല്യത്താല്‍ പൊറുതിമുട്ടുന്ന ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് വനംവകുപ്പുമന്ത്രി തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്നു സമ്മേളനം കുറ്റപ്പെടുത്തി. വിഷയത്തില്‍ നിസംഗത തുടര്‍ന്നാല്‍ വരും തിരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരിനു തിരിച്ചടി ഉണ്ടാകുമെന്ന് സമ്മേളനം മുന്നറിയിപ്പ് നല്‍കി.
ജെ.ബി കോശി റിപ്പോര്‍ട്ടു നടപ്പാക്കണമെന്നും ആശാ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ്കുട്ടി, ട്രഷറല്‍ ബിജു കുണ്ടുകുളം, ബിജു പറയനിലം, ജോസുകുട്ടി ഒഴുകയില്‍, ഭാരവാഹികളായ ജയ്മോന്‍ തോട്ടുപുറം, ധര്‍മരാജ് പി, ടെസി ബിജു, സിന്ധുമോള്‍ ജസ്റ്റസ്, എബി കുന്നേല്‍ പറമ്പില്‍, രൂപതാ പ്രസിഡന്റ് സണ്ണി കടുത്താഴെ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *