
കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ എഴുതുന്നു
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടതോ, ഏതെങ്കിലും വിധത്തില്‍ ബന്ധിപ്പിക്കാവുന്നതോ ആയ അനിഷ്ടസംഭവങ്ങള്‍ വലിയ വിവാദങ്ങളായി മാറുകയും സ്ഥാപനങ്ങള്‍ക്കും ക്രൈസ്തവ സമൂഹത്തിനും സഭയ്ക്കും എതിരായ ആശയ പ്രചാരണങ്ങള്‍ക്ക് വേദിയൊരുക്കപ്പെടുകയും ചെയ്യുന്ന പതിവ് അടുത്തകാലത്തായി കണ്ടുവരുന്നതാണ്. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കാരണത്താലുള്ള ജീവനക്കാരുടെ ആത്മഹത്യകള്‍, വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍, ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
ക്രൈസ്തവ മാനേജ്മെന്റുകളുമായി ബന്ധപ്പെട്ടവയെങ്കില്‍ മാത്രമാണ് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ വലിയ വിവാദങ്ങളായി മാറുകയും വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്യുന്നതായി കാണുന്നത്. ഇത്തരം വിവാദങ്ങള്‍ക്ക് അനുബന്ധമായി ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള നൂറുകണക്കിന് മറ്റു സ്ഥാപനങ്ങളെയും വൈദികരെയും സന്യസ്തരെയും മോശമായി ചിത്രീകരിക്കുന്ന വിധത്തിലുള്ള കാമ്പയ്‌നുകളും പതിവായി ഉണ്ടാകാറുണ്ട്.
വിവാദങ്ങളുടെ പിന്നാമ്പുറങ്ങള്‍
അടുത്ത നാളുകളില്‍ ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്‌സ് സ്‌കൂള്‍, രാജഗിരി ഹോസ്പിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഉദാഹരണങ്ങള്‍ മാത്രം. കോട്ടയം കാരിത്താസ് ഹോസ്പിറ്റല്‍, പാലാ മാര്‍ സ്ലീവാ മെഡിസിറ്റി തുടങ്ങിയ ആശുപത്രികള്‍ക്കെതിരെയും മുമ്പ് സമാനമായ വിധത്തിലുള്ള ദുഷ്പ്രചാരണങ്ങള്‍ നടന്നിരുന്നു. മൂവാറ്റുപുഴ നിര്‍മ്മല കോളേജ്, കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയും താമരശേരി രൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിക്കെതിരെയും സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ മുമ്പ് നടന്നിരുന്നു.
അപ്രതീക്ഷിതമായ അനിഷ്ട സംഭവങ്ങള്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു മാത്രമല്ല കേരളം കാണാറുള്ളത്. കൂടുതല്‍ ഗുരുതരമായ പലതും കാര്യമായ വാര്‍ത്തകള്‍ പോലുമാകാത്ത പശ്ചാത്തലത്തിലും ക്രൈസ്തവ സ്ഥാപനങ്ങളെങ്കില്‍ ചില കോണുകളില്‍ അമിതാവേശം പ്രകടമാകുന്നു എന്നുള്ളതാണ് വസ്തുത.
തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിലെ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായുള്ള വാര്‍ത്ത ജൂലൈ 14 നാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അതൊരു വിവാദമായില്ല എന്ന് മാത്രമല്ല, യാതൊരുവിധ ചര്‍ച്ചകളും അതുമായി ബന്ധപ്പെട്ട് കാണാനായില്ല. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കോതമംഗലം സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്തതിന് കാരണം മേലുദ്യോഗസ്ഥനില്‍നിന്നുള്ള പീഡനമാണെന്നും സമാനമായ പീഡന പരാതികള്‍ പലരില്‍നിന്നും ഉണ്ടായി ട്ടുണ്ടെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ആശുപത്രിയുടെ പേരുപോലും പുറത്തറിഞ്ഞിട്ടില്ല.
മൂടിവയ്ക്കുന്ന വാര്‍ത്തകള്‍
ഇപ്രകാരം മറ്റു സ്ഥാപനങ്ങളില്‍ സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ രഹസ്യമായി നിലനിര്‍ത്തുന്നതോടൊപ്പം ക്രൈസ്തവ മാനേജ്മെന്റ് സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളെങ്കില്‍ അത് വലിയ വിവാദമാക്കി മാറ്റാന്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വയ്ക്കുന്ന ചില തല്പര കക്ഷികള്‍ക്കൊപ്പം ഒരു മീഡിയ സിന്‍ഡിക്കേറ്റ് കൂടി ഇവിടെ പ്രവര്‍ത്തനനിരതമാണെന്ന് കരുതേണ്ടിയിരിക്കുന്നു.
ജൂണ്‍ 23 ന് പാലക്കാട് ശ്രീകൃഷ്ണപുരത്ത് വലിയ കോളിളക്കം സൃഷ്ടിച്ച ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയ്ക്ക് പുറമെ, കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ കേരളത്തില്‍ ആത്മഹത്യ ചെയ്ത കുട്ടികള്‍ നിരവധിയാണ്. ചാലക്കുടിയിലെ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയും തിരുവനന്തപുരം സ്വദേശിനിയായ പോളിടെക്‌നിക് വിദ്യാര്‍ത്ഥിനിയും എറണാകുളത്ത് പാരാമെഡിക്കല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും ഹരിപ്പാട് അഞ്ചാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയും ഇടുക്കി കുളത്തിന്‍മേടിലെ പതിനേഴു വയസുകാരനും അതില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരം ശാന്തിവിളയില്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഒമ്പതുവയസുകാരി ആത്മഹത്യ ചെയ്തതും ജൂണ്‍മാസമാണ്.
ശ്രീകൃഷ്ണപുരത്ത് ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത് കേവലം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ശ്രീകൃഷ്ണപുരത്തെ മറ്റൊരു സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്യുകയുണ്ടായി. ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ ഒമ്പത്, പത്ത് തിയതികളിലായി പതിമൂന്ന്, പതിനഞ്ച് വയസ് പ്രായമുള്ള കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. ജവഹര്‍ നവോദയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു 15 വയസുകാരി.
പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങള്‍
രണ്ടു വര്‍ഷം മുമ്പ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവമാണ് വലിയ വിവാദമായി മാറിയ മറ്റൊരു ആത്മഹത്യ. അന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗം ചോദ്യം ചെയ്തതും ഫോണ്‍ പിടിച്ചുവച്ചതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയിരുന്നു. ഇക്കാലയളവില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ കേരളത്തില്‍ ഒട്ടേറെ നടന്നിട്ടുണ്ടെങ്കിലും അക്കൂട്ടത്തില്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കിടയില്‍ നടന്ന രണ്ടേരണ്ട് ആത്മഹത്യകള്‍ മാത്രമാണ് വിവാദങ്ങള്‍ക്കും മാധ്യമ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയത് എന്നതാണ് വാസ്തവം. ആ രണ്ടു സംഭവങ്ങളും കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ആയുധങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.
ഇത്തരത്തില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നതിനും പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതിനുമുള്ള ആസൂത്രിത ശ്രമങ്ങള്‍ നമുക്കിട യില്‍ നടന്നുവരുന്നുണ്ട് എന്നത് വ്യക്തമാണ്. സംഭവിച്ചേക്കാവുന്ന പിഴവുകള്‍ അതത് സമയങ്ങളില്‍ തിരുത്തി കുറ്റമറ്റ രീതിയില്‍ മുന്നോട്ടുപോകാനുള്ള പ്രത്യേകമായ ശ്രദ്ധ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് എക്കാലവുമുണ്ട്. മുന്‍കാല സംഭവങ്ങളില്‍നിന്ന് അക്കാര്യം വ്യക്തവുമാണ്.
വാസ്തവങ്ങളെ തമസ്‌കരിച്ചുകൊണ്ട് നിഗൂഢമായ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടര്‍ വീണുകിട്ടുന്ന അവസരങ്ങള്‍ മുതലെടുത്ത് ക്രൈസ്തവ സമൂഹത്തിനും സഭയ്ക്കും എതിരായ ദുഷ്പ്രചാരണങ്ങള്‍ തുടരുകയാണ്. തീവ്രമത ചിന്താഗതിയുള്ള ചില സംഘടനകളും വ്യക്തികളും ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്ന സംശയവും ശക്തമാണ്. ഇത്തരക്കാര്‍ക്കെതിരെ പൊതുസമൂഹവും ക്രൈസ്തവ വിശ്വാസികളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *