Follow Us On

21

July

2025

Monday

‘നീതിയും സമാധാവും ആശ്ലേഷിക്കട്ടെ’; വികാരനിര്‍ഭര ആഹ്വാനവുമായി ദക്ഷിണ സുഡാനിലെ ബിഷപ്പുമാര്‍

‘നീതിയും സമാധാവും ആശ്ലേഷിക്കട്ടെ’;  വികാരനിര്‍ഭര ആഹ്വാനവുമായി ദക്ഷിണ സുഡാനിലെ ബിഷപ്പുമാര്‍

ജുബ/ദക്ഷിണ സുഡാന്‍: ദക്ഷിണ സുഡാനിലെ അക്രമം അവസാനിപ്പിക്കാനും രാജ്യത്ത് ഒരു ‘പുതിയ പ്രഭാതം സൃഷ്ടിക്കാനും’ ആഹ്വാനം ചെയ്ത് ദക്ഷിണ സുഡാന്‍ മെത്രാന്‍മാര്‍. ദക്ഷിണ സുഡാനിലെ ഗവണ്‍മെന്റിനെയും പൗരന്മാരെയും അഭിസംബോധന ചെയ്യുന്ന വികാരഭരിതമായ കത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമവും നശീകരണവും അവസാനിപ്പിക്കണമെന്ന് കത്തോലിക്കാ ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. ജൂലൈ 7 മുതല്‍ 11 വരെ നടന്ന ബിഷപ്പുമാരുടെ വാര്‍ഷികസമ്മേളനത്തിന് ശേഷമാണ് ‘നീതിയും സമാധാനവും ആശ്ലേഷിക്കട്ടെ’ എന്ന തലക്കെട്ടിലുള്ള കത്ത്  പ്രസിദ്ധീകരിച്ചത്.

‘വ്യോമാക്രമണങ്ങളുടെയും ഷെല്ലാക്രമണങ്ങളുടെയും റിപ്പോര്‍ട്ടുകള്‍, റോഡുകളിലും നദികളിലും ഹൈവേകളിലും നടക്കുന്ന സായുധ ഒളിയാക്രമണങ്ങള്‍, സൈനിക ഏറ്റുമുട്ടലുകള്‍, പൗരന്‍മാരുടെ ഇടങ്ങളുടെ ചുരുങ്ങലും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും, കന്റോണ്‍മെന്റ് സ്ഥലങ്ങളിലും ഗ്രാമങ്ങളിലും നടക്കുന്ന മാരകമായ ഏറ്റുമുട്ടലുകള്‍, തട്ടിക്കൊണ്ടുപോകലുകളും ബലാത്സംഗങ്ങളും, സമൂഹങ്ങള്‍ക്ക് നേരെ നടക്കുന്ന വിനാശകരമായ റെയ്ഡുകള്‍, ദക്ഷിണ സുഡാനിലുടനീളമുള്ള തടങ്കലുകളും ഭയാനകമായ ശത്രുതയും  എന്നിങ്ങനെ രാജ്യം അനുദിനം കടന്നുപോകുന്ന അരക്ഷിതാവസ്ഥയിലുള്ള നിരാശ’ പ്രകടിപ്പിച്ചുകൊണ്ടാണ് ബിഷപ്പുമാര്‍ കത്തെഴുതിയിരിക്കുന്നത്. ഈ അക്രമം ‘സമൂഹങ്ങളെ ഛിന്നഭിന്നമാക്കുന്നതിനും, നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും, ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതിനും, ഭവനരഹിതരാകുന്നതിനും’ കാരണമാകുന്നുവെന്ന്  ബിഷപ്പുമാര്‍ പറഞ്ഞു.
‘മാരകമായ തോക്കുകളുടെയും വിവേകശൂന്യമായ കൊലപാതകങ്ങളുടെയും  മുന്‍കാല കയ്‌പേറിയ അനുഭവങ്ങളില്‍ നാം വേണ്ടത്ര കഷ്ടത അനുഭവിച്ചല്ലേ? അക്രമം നമ്മുടെ ജനങ്ങളുടെ പ്രതീക്ഷകളെ നിശബ്ദമാക്കുകയും സമാധാനവും വികസനവും തളര്‍ത്തുകയും ചെയ്തത് പലപ്പോഴും നാം കണ്ടിട്ടില്ലേ?,’ ബിഷപ്പുമാര്‍ ചോദിച്ചു.

‘രാഷ്ട്രീയ പ്രേരിതമായി നടക്കുന്ന അക്രമം ന്യായീകരിക്കാനാവില്ല. അത് നിങ്ങളുടെ ശ്രേഷ്ഠമായ വിളിയോടുള്ള വഞ്ചനയാണ്. ഇതില്‍ നിന്ന് വിട്ടുനില്‍ക്കുക. ദക്ഷിണ സുഡാനിലെ ജനങ്ങളുടെയും രാജ്യത്തിന്റെ പരമോന്നത നിയമമെന്ന നിലയില്‍ ഭരണഘടനയുടെ സംരക്ഷകരും പ്രദേശിക സുരക്ഷയുടെ കാര്യസ്ഥരുമാകുവാന്‍’ നേതാക്കളോട് ബിഷപ്പുമാര്‍ ആഹ്വാനം ചെയ്തു.

2011 ജൂലൈ 9 നാണ് ഹിതപരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ സുഡാനില്‍ നിന്ന് വേര്‍പെട്ട് ദക്ഷിണ സുഡാന്‍ ഒരു സ്വതന്ത്ര രാജ്യമായി സ്ഥാപിതമായത്. എന്നാല്‍ അതിനുശേഷം, രാജ്യം ഏതാണ്ട് തുടര്‍ച്ചയായ സംഘര്‍ഷാവസ്ഥയിലൂടെ കടന്നുപോവുകയാണ്. ഈ സാഹര്യത്തിലാണ് ‘ക്രിസ്ത്യാനികളും ദൈവവിശ്വാസികളും എന്ന നിലയില്‍, സമാധാനത്തിന്റെയും നീതിയുടെയും സാക്ഷികളാകാനും അനുരഞ്ജനത്തിന്റെയും സൗഖ്യത്തിന്റെയും ഉപകരണങ്ങളായി മാറുവാനും’ ആഹ്വാനം ചെയ്തുകൊണ്ട് ബിഷപ്പുമാര്‍ കത്തെഴുതിയത്. ‘ഈ പ്രത്യാശയുടെ ജൂബിലി വര്‍ഷം ദക്ഷിണ സുഡാനില്‍ ഒരു പുതിയ പ്രഭാതം ഉദയം ചെയ്യട്ടെ’ എന്ന്  ബിഷപ്പുമാര്‍ ആശംസിച്ചു. രാജ്യത്തെ 60 ശതമാനത്തിലധികം ജനങ്ങള്‍ ക്രൈസ്തവ വിശ്വാസികളാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?