കൊച്ചി: ഭരണഘടന അനുശാസിക്കുന്ന സംവരണാനൂകൂല്യങ്ങള്‍ ദലിത് ക്രൈസ്തവര്‍ക്ക് നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ കെസിബിസി എസി/എസ്ടി/ബിസി കമ്മീഷന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 10ന് പ്രതിഷേധ ദിനമായും സിബിസിഐയുടെ ആഹ്വാന പ്രകാരം ഓഗസ്റ്റ് 17ന് ജസ്റ്റിസ് സണ്‍ഡേയുമായും ആചരിക്കുന്നു.
കെസിബിസി എസി/എസ്ടി/ബിസി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം, കമ്മീഷന്‍ വൈസ് ചെയര്‍മാന്മാരായ ബിഷപ് ഡോ. വിന്‍സെന്റ് വിതയത്തില്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ എന്നിവര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഒരു പൗരന്റെയും അവകാശങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 വ്യക്തമാക്കുമ്പോള്‍ കഴിഞ്ഞ 75 വര്‍ഷമായി സ്വന്തം രാജ്യത്ത് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് കഴിയുകയാണ് ദലിത് ക്രൈസ്തവരെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി.
ക്രിസ്തുമതം സ്വീകരിച്ചു എന്ന ഒറ്റക്കാരണത്താലാണ് പട്ടികജാതി സംവരണം ഇവര്‍ക്ക് നിഷേധിക്കപ്പെട്ടത്. 1950 ഓഗസ്റ്റ് 10ന് ഇന്ത്യന്‍ പ്രസിഡന്റ് ഇറക്കിയ പ്രത്യേക ഉത്തരവിലൂടെയാണ് ഹിന്ദുമതവിശ്വാസികളായ ദലിതര്‍ക്കുമാത്രമായി പട്ടികജാതി സംവരണം പരിമിതപ്പെടുത്തിയത്. എന്നാല്‍, 1956-ല്‍ സിക്ക് ദലിതരെയും 1990-ല്‍ ബുദ്ധമത ദലിതരെയും ഈ പട്ടികയില്‍ കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്നുള്ള കാലഘട്ടത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്നാക്ക വിഭാഗങ്ങളെക്കുറിച്ച് പഠിക്കുവാന്‍ നിയോഗിച്ച കമ്മീഷനുകള്‍ എല്ലാം ക്രിസ്തുമതം സ്വീകരിച്ച ദലിതരും പിന്നാക്കമാണെന്നും അവരെയും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ അധികാരികാരികള്‍ ഇക്കാര്യം അംഗീകരിക്കാന്‍ ഇതുവരെയും തയാറായിട്ടില്ല. അതിനാല്‍ ഭരണപങ്കാളിത്വവും ഉദ്യോഗ-വിദ്യാഭ്യാസ പ്രവേശനവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും നിയമനങ്ങളും ദലിത് ക്രൈസ്തവര്‍ക്ക് ലഭിക്കുന്നില്ല; സര്‍ക്കുലറില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ പട്ടികജാതി സംവരണം ദലിത് ക്രൈസ്തവര്‍ക്ക് നിഷേധിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ ഉത്തരവുകളിലൂടെ അവരെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 1959 മുതല്‍ കേരളത്തില്‍ ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി നിഷേധിച്ചുകൊണ്ടിരിക്കുന്നു. മാനേജ്‌മെന്റ് ക്വാട്ടയിലും കമ്മ്യൂണിറ്റി ക്വാട്ടയിലും ദലിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചാല്‍ ലംസംഗ്രാന്റ് ലഭിക്കുന്നില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *