ന്യൂഡല്‍ഹി: ദേശവിരുദ്ധ സംഘടനകളെ നിരോധിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). മതപരിവര്‍ത്തനം നടത്താന്‍ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ച് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരോട് പകയോടുകൂടിയ സമീപനം സ്വീകരിച്ചത് ബജ്‌റംഗ്ദള്‍ ആണ്. ഇത്തരത്തിലുള്ള സംഘടനകളെ നിരോധിക്കണമെന്ന് സിബിസിഐ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
രണ്ടു മലയാളി കന്യാസ്ത്രീകല്‍ക്കുനേരെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിലും വൈദികര്‍ക്കുനേരെ മഹാരാഷ്ട്ര എംഎല്‍എ നടത്തിയ പ്രകോപനപരമായ പരാമര്‍ശത്തിലും സിബിസിഐ ആശങ്ക പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണത്തില്‍ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ചുമതലപ്പെട്ടവര്‍ മൗനം പാലിക്കുന്നത് കൂടുതല്‍ അസ്വസ്ഥത ഉളവാക്കുന്നതാണ്.
മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ വൈദികരെ മര്‍ദിക്കന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ചു. പ്രകോപനപരമായ കുറ്റകൃത്യം കണ്‍മുന്നില്‍ നടന്നിട്ടും കേസെടുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറായില്ലെന്നും മെത്രാന്‍സമിതി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിഷയം ധരിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. മാത്യു കോയിക്കല്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുഭാവപൂര്‍ണമായ നടപടികള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *