ബംഗളൂരു: ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയിലുടെനീളം വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ണാടകയിലെ വിജയപുരയില്‍ പ്രതിഷേധ റാലി നടത്തി. ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ടു കന്യാസ്ത്രീകള്‍ നേരിടേണ്ടിവന്ന കടുത്ത അനീതിക്കെതിരെയും റാലിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
അംബേദ്കര്‍ ചൗക്കില്‍ ആരംഭിച്ച പ്രകടനം ഗാന്ധി ചൗക്കിലൂടെ നീങ്ങി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുമ്പില്‍ അവസാനിച്ചു. വൈദികര്‍, കന്യാസ്ത്രീകള്‍, പ്രാദേശിക നേതാക്കള്‍, വിശ്വാസികള്‍ എന്നിവര്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി റാലിയില്‍ അണിനിരന്നു.
ക്രൈസ്തവരുടെ മൗലികാവകാശങ്ങള്‍, മതസ്വാതന്ത്ര്യം എന്നിവയെ ദുര്‍ബലപ്പെടുത്തുന്നതില്‍ തുടര്‍ന്നു നടന്ന സമ്മേളനം ആശങ്ക രേഖപ്പെടുത്തി. മിഷന്‍ സുപ്പീരിയര്‍ ഫാ. സുനില്‍ ഫെര്‍ണാണ്ടസ് എസ്.ജെ മുഖ്യപ്രഭാഷണം നടത്തി.
കന്യാസ്ത്രീകള്‍ക്കു നേരെ നടന്ന നീതിനിഷേധങ്ങളെ അദ്ദേഹം അപലപിച്ചു. വിജയപുരയിലെ സെന്റ് ആന്‍ ദൈവാലയ വികാരി ഫാ. ജോസഫ് വാസ് എസ്.ജെ, മറ്റ് ജെസ്യൂട്ട് വൈദികര്‍, സന്യാസിനികള്‍ എന്നിവരും സന്നിഹിതരായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *