വൈദിക പരിശീലനത്തിനായി സെമിനാരിയില്‍ ചേരുമ്പോള്‍ വളരെ കാര്യമായി കാത്തുസൂക്ഷിച്ചു കൊണ്ടുവരുന്ന ഒന്നാണ് ഒരു വിശുദ്ധ ബൈബിള്‍. സെമിനാരിയില്‍ ചേര്‍ന്ന് ആദ്യനാളുകളില്‍ തന്നെ അത് മനോഹരമായി പൊതിഞ്ഞു സൂക്ഷിക്കാനും ആദ്യ താളുകളില്‍ പേരെഴുതുവാനും ഓരോരുത്ത രുടെയും ഹൃദയത്തിനും താല്പര്യങ്ങള്‍ക്കും ചേര്‍ന്ന കുഞ്ഞു കുറിപ്പുകള്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്ന ഒരു നല്ല പതിവുണ്ട്.
അപ്രകാരം ഫാ. സുരേഷ് പട്ടേട്ട് എംസിബിഎസ് തന്റെ ബൈബിളിന്റെ ആദ്യ പേജില്‍ എഴുതി വച്ചിരിക്കുന്നത് ഇപ്രകാരമാണ്. തുടക്കത്തില്‍ കുഞ്ഞുനാളിലെ എല്ലാവരുടെയും മനസില്‍ പതിഞ്ഞിരിക്കുന്ന ഇരടികള്‍.
‘കുഞ്ഞു മനസിന്‍ നൊമ്പരങ്ങള്‍
ഒപ്പിയെടുക്കാന്‍ വന്നവനാം
ഈശോയെ…. ഈശോയെ…
ആശ്വാസം നീയല്ലോ.’
ജീവിതത്തെ ഒറ്റപേജില്‍ ചുരുക്കിയപ്പോള്‍
തുടര്‍ന്ന് ആ പേജിന്റെ സൈഡില്‍ കുരിശില്‍ കരങ്ങള്‍ വിരിച്ച് കിടക്കുന്ന ക്രൂശിതനായി ഈശോയുടെ ചിത്രം. ക്രൂശിതനായി ഈശോ തന്റെ ശിരസ് സ്വര്‍ഗത്തിലേക്കാണ് ഉയര്‍ത്തി യിരിക്കുന്നത്. അല്പം ചിത്രപ്പണികള്‍ ചെയ്തിരിക്കുന്ന ആ കുരിശിന്റെ കാല്‍ച്ചുവട്ടിലെ ആണിപ്പഴുതുകളോട് ചേര്‍ന്ന് ഒരു തിരുവചനം. അതിപ്രകാരമാണ്: ‘എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അവന്‍ എന്റെ ഹിതം നിറവേറ്റും’ (അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 : 22-23).
ജീവിതത്തിന് ശക്തി പകരുന്ന പല വചനങ്ങളും ഓരോരുത്തരും സൂക്ഷിക്കാറുണ്ട്. അത് പിന്നീട് ചിലപ്പോള്‍ ജീവിതം തന്നെയായിട്ട് മാറും. അങ്ങനെ സുരേഷ് അച്ചന്റെ ഇഷ്ടപ്പെട്ട വചനമാണിത്. ജീവിതം തന്നെ കാച്ചിക്കുറുക്കി എഴുതിയിരിക്കുന്നതുപോലെ തന്നെയാണ് ഇന്നു മനസിലാക്കുവാന്‍ പറ്റുന്നത്.
പിന്നെ പേജിന്റെ അവസാനം ഈശോയുടെ കുരിശിന്റെ ചുവട്ടിലെ ചിത്രം വരച്ചിട്ട് തന്റെ മോട്ടോ എഴുതി വച്ചിരിക്കുകയാണ്. ‘എന്റെ ഈശോയെ ഇനി നീ എന്റെ ചങ്ങാതി.’
ഇതാണ് സുരേഷ് അച്ചന്റെ ബൈബിളിന്റെ ആദ്യത്തെ പേജ്. ഒറ്റപേജില്‍ അങ്ങനെ ജീവിതത്തെ ഇപ്രകാരം ഒതുക്കാന്‍ സുരേഷ് അച്ചന് കഴിഞ്ഞു. ഇതായിരുന്നു ഫാ. സുരേഷ് പട്ടേട്ട് എംസിബിഎസ് എന്ന ഞങ്ങളുടെ കുഞ്ഞനുജന്‍.
മികച്ച ചിത്രകാരന്‍
സെമിനാരിയില്‍ ചേര്‍ന്നതിനുശേഷം ആദ്യ നാളുകളില്‍ കുറിച്ച കാര്യങ്ങളാണിത്. എത്ര മനോഹരമായാണ്, എത്ര ആഴമായാണ് തന്റെ ജീവിതത്തെ സുരേഷ് അച്ചന്‍ തിരിച്ചറിഞ്ഞതും ജീവിച്ചതും എന്നതിന് മറ്റൊരു തെളിവ് വേണ്ട.
ഫിലോസഫി പഠനകാലത്താണ് ആദ്യമായിട്ട് കണ്ടുമുട്ടുന്നത്. ഫിലോസഫിയും തിയോളജിയും എല്ലാം സമകാലികരായി പഠിച്ചു പോയത് ഓര്‍ക്കുന്നു. രണ്ടുവര്‍ഷം ഇളയതാണെങ്കിലും ഒരു കുഞ്ഞനുജനെ പോലെ കൂടെ കൂട്ടാന്‍ ആഗ്രഹിച്ചുപോകുന്ന ഒരു വ്യക്തിത്വം ആയിരുന്നു സുരേഷ് അച്ചന്റെത്.
‘അതീവ ശാന്തനായ ഒരു വ്യക്തി, അതുല്യ പ്രതിഭയായ ചിത്രകാരന്‍…’ അച്ചനെ ഓര്‍ക്കുമ്പോള്‍ മനസില്‍ ആദ്യം വരുന്ന രണ്ട് കാര്യങ്ങളാണ് ഇത്. പല കാര്യങ്ങളും ഒന്നിച്ച് ചെയ്തതെല്ലാം ഓര്‍മ്മകളായി നിലനില്‍ക്കുന്നു.
ഗോഹാട്ടിയില്‍ നിന്നും ഡല്‍ഹിയിലേക്ക് എയര്‍ ആംബുലന്‍സില്‍ ഹെലികോപ്റ്ററില്‍ പ്രത്യേകം കൊണ്ടു വന്നപ്പോള്‍ പ്രതീക്ഷയോടെ കാത്തിരുന്നുവെങ്കിലും ഒത്തിരി സങ്കടം ഉളവാക്കുന്നതാണ് അച്ചന്റെ വിടവാങ്ങല്‍. കൂട്ടുകാരുമായും സുരേഷച്ചന്റെ ബാച്ചുകാരുമായും ഈ ദിവസങ്ങളില്‍ സംസാരിച്ചപ്പോള്‍ എല്ലാവരുടെയും വാക്കുകളില്‍ ഇടറി വീണ സ്വരമായിരുന്നു സുരേഷ് അച്ചന്റെ ഓര്‍മ്മകള്‍. ഫോണ്‍ കോളുകളില്‍ പലരും പലതവണ ആവര്‍ത്തിച്ച ഒരു കാര്യം ഇതായിരുന്നു. ‘എത്ര സിമ്പിള്‍ ആയിരുന്നു നമ്മുടെ സുരേഷച്ചന്‍.’ അതെ, ‘സിമ്പിള്‍ സുരേഷ് അച്ചന്‍.’
വീണ്ടും ഒരു തച്ചന്റെ മകന്‍ 33 -മത്തെ വയസില്‍ യാത്രയായി. യൗസേപ്പിതാവിനെ പോലെ സുരേഷച്ചന്റെ അപ്പച്ചനും വളരെ നല്ല ശില്പിയായിരുന്നു. അതുപോലെതന്നെ പ്രഗല്‍ഭ്യമുള്ള ഒരു ആര്‍ട്ടിസ്റ്റും.
സെമിനാരിക്കാലത്തെ എന്നല്ല അച്ചന്റെ സമയത്ത് നടന്നിരിക്കുന്ന എല്ലാ കാര്യങ്ങളിലും വരച്ചും അലങ്കാരങ്ങള്‍ ചെയ്തും ചൂവരുകളില്‍ ചിത്രങ്ങള്‍ തയ്യാറാക്കിയും നിറക്കൂട്ടുകളിലും അലങ്കാരങ്ങളിലും വിസ്മയങ്ങള്‍ തീര്‍ത്ത ഒരു കലാകാരന്‍ സ്വര്‍ഗത്തിലെ ക്യാന്‍വാസുകളെ കൂടുതല്‍ മനോഹരമാക്കാന്‍ യാത്രയായി.
നിഷ്‌കളങ്കതയോടെയും ശാന്തതയോടെയും പരിഭവങ്ങള്‍ക്ക് അതീതനായും സ്വയംമറന്ന് ആത്മാര്‍ത്ഥത നിറഞ്ഞ, തീഷ്ണ തയുള്ള ഒരു മിഷനറി ആയും ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ ഞങ്ങളുടെ കുഞ്ഞനുജന്‍ മാറിയിരുന്നു എന്നതില്‍ ഞങ്ങള്‍ക്കേവര്‍ക്കും അഭിമാനം തോന്നുന്ന കാര്യമാണ്.
അരുണാചലിലെ 5 വര്‍ഷങ്ങള്‍
2020 ജനുവരി 1 ന് പൗരോഹിത്യം സ്വീകരിച്ച സുരേഷച്ചന്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി അരുണാചല്‍പ്രദേശില്‍ ദിവ്യകാരുണ്യ മിഷനറിയായി സേവനം ചെയ്യുകയായിരുന്നു. കിലോമീറ്ററുകള്‍ താണ്ടി ഗ്രാമങ്ങളിലേക്കുള്ള തന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ അച്ചന്റെ പ്രത്യേക തീക്ഷ്ണത സഹപ്ര വര്‍ത്തകര്‍ എടുത്തുപറയുകയുണ്ടായി. അസുഖം കഠിനമായി മാറുന്നതിനു തൊട്ടുമുമ്പു വരെയും തന്റെ പ്രിയപ്പെട്ടവരായ ആളുകളുടെ ഇടയിലേക്ക്, ഗ്രാമങ്ങളിലേക്ക് അച്ചന്‍ കടന്നു പോയിരുന്നു. കുറഞ്ഞ കാലയളവില്‍ എത്ര മനോഹരമായി ജീവിക്കാമെന്ന് സുരേഷ് അച്ചന്‍ എല്ലാവര്‍ക്കും മാതൃകയാ വുകയാണ്.
33 കാരനായ ഈശോ ഒരു വികാരമാണ്. പ്രത്യേകിച്ച് വൈദികരായ ഞങ്ങള്‍ക്ക്. ക്രിസ്തുവിന്റെ പ്രായം 33. അത് മനോഹരമായി മനസില്‍ സൂക്ഷിക്കാറുണ്ട്. വൈദികരെല്ലാം ഹൃദയംകൊണ്ട് പ്രണയിച്ചു പോകുന്ന, ഉള്ളുകൊണ്ട് കൊതിച്ചുപോകുന്ന 33 എന്ന നസ്രായന്റെ പ്രായത്തില്‍ തന്നെ ഭാഗ്യപ്പെട്ട ഒരു വിടവാങ്ങലായി… നെഞ്ചിനുള്ളില്‍ വേദനയോടെ യെങ്കിലും ഓര്‍ത്ത് ആശ്വസിക്കുകയാണ്.
കഴിഞ്ഞപ്രാവശ്യം അവധിക്ക് വന്നപ്പോള്‍ പ്രിയപ്പെട്ടവരെ എല്ലാം പോയി കണ്ടത് യാത്ര പറയാന്‍ ആയിരുന്നല്ലേ!… ഒരു കാര്യം ഇനി ഉറപ്പാണ്. നമ്മള്‍ എത്തുമ്പോഴേക്കും സ്വര്‍ഗം അല്പംകൂടി മനോഹരമാകും. കാരണം സുരേഷ് അച്ചന്റെ അലങ്കാരങ്ങളും നിറക്കൂട്ടുകളുടെ ചിത്രങ്ങളുകൂടി ഇനി സ്വര്‍ഗത്തില്‍ ഉണ്ടാകുമല്ലോ.
ഓര്‍മ്മകളോടെ,
ഫാ. വിന്‍സെന്റ് ഇടക്കരോട്ട് എംസിബിഎസ്.
Leave a Comment
Your email address will not be published. Required fields are marked with *