വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനയുടെ ഭവനവും സ്‌നേഹത്തിന്റെ ആലയും വിശുദ്ധിയുടെ മാതൃകയുമാണ് നസ്രത്തിലെ തിരുക്കുടുംബമെന്ന് ലിയോ 14 ാമന്‍ പാപ്പ. നാല് സന്യാസിനിസഭകളുടെ ജനറല്‍ ചാപ്റ്ററുകളില്‍ പങ്കെടുക്കാനെത്തിയ സന്യാസിനിമാരെ അപ്പസ്‌തോലിക കൊട്ടാരത്തിലെ കണ്‍സിസ്റ്ററി ഹാളില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പാപ്പ. മിഷനറി ഡോട്ടേഴ്‌സ് ഓഫ് ഹോളി ഫാമിലി ഓഫ് നസ്രത്ത്, ഡോട്ടേഴ്‌സ് ഓഫ് നസ്രത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, അപ്പസ്‌തോല്‍സ് ഓഫ് ഹോളി ഫാമിലി ഇന്‍സ്റ്റിറ്റ്യൂട്ട്, സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെയ്ന്റ് മേരി എന്നീ സന്യാസിനിസഭകളിലെ സന്യാസിനിമാരാണ് പാപ്പയെ സന്ദര്‍ശിച്ചത്.
നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മൂല്യങ്ങള്‍ ജീവിക്കാനും അത് സഹോദരങ്ങള്‍ക്ക് കൈമാറാനുമുള്ള ആഗ്രഹം എല്ലാ സന്യസ്തരുടെയും പൊതുവായ സ്വഭാവമാണെന്ന് പാപ്പ നിരീക്ഷിച്ചു. കുടുംബത്തിന്റെ പ്രാധാന്യം, അവിടെയുള്ള സ്‌നേഹത്തിന്റെ കൂട്ടായ്മ, അതിന്റെ ലളിതവും ആഴമുള്ളതുമായ സൗന്ദര്യം, അതിന്റെ പവിത്രവും അലംഘനീയവുമായ സ്വഭാവം, സൗമ്യമായ അധ്യാപനരീതി, സമൂഹത്തിലെ അതിന്റെ സ്വാഭാവികവും മാറ്റാനാകാത്തതുമായ പ്രവര്‍ത്തനം എന്നിവ യേശുവിലും മറിയത്തിലും യൗസേപ്പിതാവിലും നിന്ന് കൂടുതല്‍ വ്യക്തമായി മനസിലാക്കാന്‍ കഴിയുമെന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയെ ഉദ്ധരിച്ചുകൊണ്ട് പാപ്പ പറഞ്ഞു.
ഇന്ന് ഇത് വളരെ അത്യാവശ്യമാണ്. കാരണം കുടുംബങ്ങള്‍ക്ക് എക്കാലത്തേക്കാളും സഹായം, പ്രോത്സാഹനം, പ്രാര്‍ത്ഥന, മാതൃക, സാമൂഹിക ആവശ്യങ്ങളിലെ ഉത്സാഹപൂര്‍വമായ ഇടപെടലുകള്‍ എന്നിവ ആവശ്യമാണ്. കരിസ്മാറ്റിക് സാക്ഷ്യത്തിലൂടെയും സമര്‍പ്പിതരായ സ്ത്രീകള്‍ എന്ന നിലയിലും സന്യാസിനിമാര്‍ക്ക് ഏറെ കാര്യങ്ങള്‍ കുടുംബങ്ങള്‍ക്ക് വേണ്ടി ചെയ്യാനാകും. കാലക്രമത്തില്‍ സന്യാസിനിസമൂഹങ്ങള്‍ കുടുംബങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് വിചിന്തം ചെയ്യണമെന്നും പാപ്പ ആഹ്വാനം ചെയ്തു. ഓരോ ഭവനത്തിലും മൂല്യങ്ങള്‍ തഴച്ചുവളരാനും സ്‌നേഹം സജീവമായി നിലനിര്‍ത്താനും വേണ്ടി തങ്ങളുടെ പ്രതിബദ്ധത പുതുക്കാന്‍ പാപ്പ സന്യാസിനിമാരെ പ്രോത്സാഹിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *