ദൈവത്തിന്റെ അസാധാരണമായ സ്‌നേഹത്തിനും കാരുണ്യത്തിനും സാക്ഷ്യം വഹിക്കാന്‍ ഞാന്‍ നിങ്ങളുടെ മുമ്പാകെ വരുന്നു. എന്റെ പേര് ഡയാന്‍ ഫോളി.
നിങ്ങളില്‍ പലരെയും പോലെ, ഞാനും ഒരു രക്ഷിതാവും അമ്മയും, മുത്തശ്ശിയുമാണ്. 2012-ല്‍, ഞങ്ങളുടെ മൂത്ത മകന്‍ ജെയിംസ് റൈറ്റ് ഫോളിയെ സിറിയയില്‍ ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുന്നതിനിടെ തട്ടിക്കൊണ്ടുപോയി. ഏകദേശം 2 വര്‍ഷത്തോളം, മര്‍ദിക്കുകയും, പട്ടിണിക്കിടുകയും, പീഡിപ്പിക്കുകയും ചെയ്തശേഷം ഒടുവില്‍ 2014 ഓഗസ്റ്റില്‍ ജിം ശിരഛേദം ചെയ്യപ്പെട്ടു.
2011-ലെ നോമ്പുകാലത്ത് ലിബിയയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ജിമ്മിനെ ആദ്യമായി തട്ടിക്കൊണ്ടുപോയപ്പോഴാണ് എന്റെ കുരിശിന്റെ വഴി ആരംഭിച്ചത്. ആ ആദ്യ തടവ് 44 ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ. പക്ഷേ ഞങ്ങള്‍ പരിഭ്രാന്തിയിലും ഭയത്തിലും മുങ്ങി. ആ അനുഭവത്തിന് ശേഷം ജിം വീട്ടിലേക്ക് മടങ്ങിയപ്പോള്‍, തികച്ചും വ്യത്യസ്തനായി മാറിയിരുന്നു. അവന്റെ വിശ്വാസം ആഴത്തിലായി. തടവില്‍ കഴിയുമ്പോള്‍, ജിം മുട്ടിന്‍മേല്‍ നിന്ന് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും മറ്റൊരു തടവുകാരനില്‍ നിന്ന് വചനങ്ങള്‍ സ്വീകരിച്ച് പ്രത്യാശ നേടുകയും ചെയ്തിരുന്നു.
പുതിയൊരു ലക്ഷ്യബോധത്തോടെയാണ് ജിം വീട്ടിലെത്തിയത്. ധാര്‍മിക ധൈര്യമുള്ള ഒരു പത്രപ്രവര്‍ത്തകനാകാനും ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കാനും ആഗ്രഹിച്ചു. സംഘര്‍ഷ മേഖലയിലേക്ക് മടങ്ങരുതെന്ന് ഞാന്‍ അപേക്ഷിച്ചപ്പോള്‍, ജിം പറഞ്ഞു, ‘അമ്മേ, എന്റെ ‘പാഷന്‍’ ഞാന്‍ കണ്ടെത്തി.’ 2012-ല്‍ ജിം സിറിയയിലേക്ക് മടങ്ങി. നിരവധി റിപ്പോര്‍ട്ടിംഗ് യാത്രകള്‍ നടത്തി. തുടര്‍ന്ന് നവംബര്‍ 22-ന്, വീണ്ടും തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
നീണ്ട 10 മാസത്തേക്ക്, ജിം മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ജിമ്മിന്റെ ഭയാനകമായ ശിരഛേദത്തിന് തൊട്ടുമുമ്പ് മാത്രമാണ് ഞങ്ങള്‍ അവന്റെ ശബ്ദം കേട്ടത്. ഒരു ഫാമിലി നഴ്സ് പ്രാക്ടീഷണര്‍ എന്ന എന്റെ ജോലി ഉപേക്ഷിച്ച്, അടുത്ത 20 മാസങ്ങള്‍ വാഷിംഗ്ടണ്‍ ഡിസിയിലും ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലും, യുകെയിലും, ഫ്രാന്‍സിലും, സ്പെയിനിലും, ഐസിസ് തടവിലായിരുന്ന മറ്റ് പൗരന്മാരുടെ രാജ്യങ്ങളിലും ജിമ്മിന്റെ മോചനത്തിനായി തീവ്രശ്രമം നടത്തി. 2014 ജൂലൈ പകുതിയോടെ, ഞാന്‍ പൂര്‍ണമായും ക്ഷീണിതയായി. അങ്ങനെ ഞാന്‍ ഞങ്ങളുടെ ആരാധനാ ചാപ്പലില്‍ പോയി ജിമ്മിനെ നമ്മുടെ ദൈവത്തിന് ഏല്‍പ്പിച്ചു. ആ നിമിഷം, ദൈവം ജിമ്മിനെ മോചിപ്പിക്കുമെന്ന് എനിക്ക് ഉറപ്പായി. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞ്, ജിമ്മിനെ അവര്‍ ക്രൂരമായി തലയറുത്തു കൊലപ്പെടുത്തി.
ആദ്യം ഞെട്ടലിലായിരുന്ന എന്റെ ഉള്ളിലേക്ക് യാഥാര്‍ത്ഥ്യം ആഴ്ന്നിറങ്ങിയപ്പോള്‍, ഉള്ളില്‍ കോപം നുരഞ്ഞുപൊന്തി. ഐഎസിനോടും, യുഎസ് സര്‍ക്കാരിനോടും, സഹായിക്കാന്‍ വിസമ്മതിച്ച എല്ലാവരോടും ഉള്ള കോപം. കയ്പ്പ് എന്നെ വിഴുങ്ങുമെന്ന് ഞാന്‍ ഭയപ്പെട്ടു. ‘കര്‍ത്താവേ, ഞാന്‍ ജിമ്മിനെ അങ്ങേക്ക് സമര്‍പ്പിച്ചപ്പോള്‍ ഉദ്ദേശിച്ചത് ഇതല്ല. ഇതെങ്ങനെ സംഭവിച്ചു?’ ചോദ്യങ്ങള്‍ക്കൊണ്ട് എന്റെ മനസ് നിറഞ്ഞു. ആ നഷ്ടത്തിന്റെ ഭാരത്തില്‍ ഞാന്‍ ആടിയുലഞ്ഞു, എനിക്ക് മുന്നോട്ട് പോകാന്‍ കഴിയുമോ എന്ന് ഉറപ്പില്ല. ആ ഇരുണ്ട നിമിഷങ്ങളില്‍, ക്ഷമിക്കാനും കരുണ കാണിക്കാനും വേണ്ട കൃപ ലഭിക്കുവാന്‍ ഞാന്‍ തീവ്രമായി പ്രാര്‍ത്ഥിച്ചു.
യേശുവും മറിയയും എന്റെ നിത്യ കൂട്ടാളികളായി. മറിയം തന്റെ മകന്റെ വേദനയിലും ക്രൂശീകരണത്തിലും അരികില്‍ നിന്ന ചിത്രം എനിക്ക് ആശ്വാസം നല്‍കി. എന്തുകൊണ്ട് ഇങ്ങനെ ആയിരിക്കണമെന്ന് മനസിലാകാതിരുന്നപ്പോഴും, മറിയം വിശ്വസിച്ചു, വിശ്വസ്തയായി തുടര്‍ന്നു.
അതുപോലെ ചെയ്യാന്‍, എന്തുതന്നെയായാലും വിശ്വാസത്തില്‍ നടക്കാന്‍, മറിയം എന്നെയും പഠിപ്പിച്ചു. നമ്മള്‍ വേദനിക്കുമ്പോള്‍ യേശുവും അമ്മയും എത്ര അടുത്താണെന്ന് എനിക്ക് മനസിലായി.
2021-ല്‍, ജിമ്മിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് ജിഹാദികളെ അമേരിക്കയിലെ വിര്‍ജീനിയയില്‍ അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിധേയമാക്കി. തട്ടിക്കൊണ്ടുപോകല്‍, പീഡനം, കൊലപാതകം എന്നീ എട്ട് കുറ്റങ്ങളിലും അലക്‌സാണ്ടര്‍ കോഡി കുറ്റസമ്മതം നടത്തി, ഇരയുടെ കുടുംബങ്ങളെ കാണാന്‍ അപ്രതീക്ഷിതമായി അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ഞാന്‍ അലക്‌സാണ്ടറുമായി ഒരു കൂടിക്കാഴ്ച അഭ്യര്‍ത്ഥിച്ചു. വളരെയധികം പ്രാര്‍ത്ഥനയും ഒരു സുഹൃത്തിന്റെ സാന്നിധ്യവും കരുണയുള്ള അഭിഭാഷകരും കൂടിക്കാഴ്ച സാധ്യമാക്കി. ആദ്യം വിചിത്രമായി തോന്നിയെങ്കിലും, അലക്‌സാണ്ടറുമായുള്ള മൂന്ന് ദിവസത്തെ കൂടിക്കാഴ്ച കൃപയുടെ നിമിഷങ്ങളായി മാറി. പരസ്പരം കേള്‍ക്കാനും കരയാനും ഞങ്ങളുടെ കഥകള്‍ പങ്കിടാനും പരിശുദ്ധാത്മാവ് ഞങ്ങളെ അനുവദിച്ചു. അലക്‌സാണ്ടര്‍ വളരെയധികം പശ്ചാത്താപം പ്രകടിപ്പിച്ചു, എന്നെപ്പോലെ കരുണ ആവശ്യമുള്ള ഒരു സഹപാപിയായി അദ്ദേഹത്തെ കാണാന്‍ ദൈവം എനിക്ക് കൃപ നല്‍കി.’
Leave a Comment
Your email address will not be published. Required fields are marked with *