വത്തിക്കാന്‍ സിറ്റി: യേശുവിന്റെ സ്‌നേഹത്തിന്റെ വിശ്വസ്തത നാം നഷ്ടപ്പെട്ടിടത്ത് നമ്മെ അന്വേഷിച്ചെത്തുമെന്ന് ലിയോ 14 ാമന്‍ പാപ്പ. തിന്മയുടെയും പാപത്തിന്റെയും ‘പാതാളത്തില്‍’ പതിച്ചവരെപ്പോലും രക്ഷിക്കാന്‍ ക്രിസ്തു കടന്നുവരുമെന്ന് ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന പ്രബോധനപരമ്പരയുടെ ഭാഗമായി പൊതുകൂടിക്കാഴ്ചയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ വ്യക്തമാക്കി.
ഇരുട്ടിലും മരണത്തിന്റെ നിഴലിലും ആയിരുന്ന എല്ലാവര്‍ക്കും പുനരുത്ഥാനത്തിന്റെ വാര്‍ത്ത എത്തിക്കാന്‍ ക്രിസ്തു മരിച്ചവരുടെ മണ്ഡലത്തിലേക്ക് ഇറങ്ങിയ ദിവസമാണ് ദുഃഖശനി. എല്ലാം നിശ്ചലവും നിശബ്ദവുമായി അനുഭവപ്പെടുന്ന ദുഃഖശനിയാഴ്ച, യേശു അദൃശ്യമായ രക്ഷയുടെ പ്രവൃത്തി, ‘പാതാള’-ത്തില്‍ മരിച്ചവരുടെ ഇടയില്‍ നടത്തുന്നു. ദൈവത്തിന്റെ മനുഷ്യരോടുള്ള സ്‌നേഹത്തിന്റെ ഏറ്റവും ആഴമേറിയതും സമൂലവുമായ പ്രവൃത്തിയാണിത്. ദൈവം മരണത്തിന്റെ ഭവനത്തിലേക്ക് പ്രവേശിക്കുന്നു – അതിനെ ശൂന്യമാക്കാനും, അതിലെ നിവാസികളെ ഓരോരുത്തരെയായി കൈപിടിച്ച് മോചിപ്പിക്കാനും.
ക്രിസ്തു ‘പാതാളത്തിലേക്ക്’ ഇറങ്ങുന്നത് ഇക്കാലത്തും തുടരുന്നുണ്ടെന്ന് പാപ്പ വിശദീകിരച്ചു. ബൈബിള്‍പ്രകാരം പാതാളം എന്നത് അസ്തിത്വപരമായ അവസ്ഥയെക്കാളുപരി വേദനയിലും, ഏകാന്തതയിലും, കുറ്റബോധത്തിലും, ദൈവത്തില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും വേര്‍പെട്ട അവസ്ഥയാണ്. മരിച്ചവരുടെ ഇടം മാത്രമല്ല, തിന്മയുടെയും പാപത്തിന്റെയും ഫലമായി മരണത്തില്‍ ജീവിക്കുന്നവരുടെയും അവസ്ഥ കൂടിയാണ് പാതാളം. അത് ഏകാന്തതയുടെയും ലജ്ജയുടെയും ഉപേക്ഷിക്കപ്പെട്ടതിന്റെയും ദൈനംദിന ജീവിതപോരാട്ടങ്ങളുടെയും ഇടമാണ്. ഈ അവസ്ഥയിലേക്കാണ് പിതാവ് സ്‌നേഹത്തോടെ, ഇറങ്ങിവരുന്നത്. കുറ്റപ്പെടുത്താനല്ല, രക്ഷിക്കാന്‍. ആശ്വാസവും സഹായവും നല്‍കാന്‍.
ഭയത്താല്‍ മനുഷ്യന്‍ ഒളിച്ചിരിക്കുന്നിടത്തേക്ക് കര്‍ത്താവ് ഇറങ്ങിവരുന്നു. അവനെ പേര് ചൊല്ലി വിളിക്കുന്നു. അവനെ കൈപിടിച്ച് ഉയര്‍ത്തുന്നു. അവനെ വീണ്ടും വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. പൂര്‍ണ അധികാരത്തോടെയാണ് യേശു അങ്ങനെ ചെയ്യുന്നത്. ഇനിയും താന്‍ സ്‌നേഹത്തിനര്‍ഹനല്ലെന്ന് ഭയപ്പെട്ടിരിക്കുന്ന മകനെ ഒരു പിതാവ് ചേര്‍ത്ത് പിടിക്കുന്നതുപോലെ സൗമ്യമായി ദൈവം കടന്നുവരുന്നു.
ചിലപ്പോള്‍ ഏറ്റവും അടിത്തട്ടിലേക്ക് വീണുപോയതായി തോന്നുകയാണെങ്കില്‍, ഒരു കാര്യം ഓര്‍മിക്കണമെന്ന് പാപ്പ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു – ഇവിടെയും ദൈവത്തിന് നിന്നെ ഒരു പുതിയ സൃഷ്ടിയാക്കി മാറ്റാന്‍ സാധിക്കുമെന്നതാണത്. ദൈവത്തിന്റെ പാതാളത്തിലേക്കുള്ള ഇറക്കം അവിടുത്തെ സ്‌നേഹത്തിന്റെ പൂര്‍ത്തീകരണമാണെന്നും പാപ്പ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *