റോം: ഇറ്റലിയലേക്ക് നടത്തിയ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തില്‍ ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയുമായി കൂടിക്കാഴ്ച നടത്തി ലിയോ 14 ാമന്‍ മാര്‍പാപ്പ. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധവും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ശാശ്വത സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചാവിഷയമായി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റ് സിസ്റ്റര്‍ റാഫേല പെട്രിനി എന്നിവരും പാപ്പയുടെ സംഘത്തിലുണ്ടായിരുന്നു.
ഇറ്റലിയും മാര്‍പാപ്പമാരും തമ്മിലുള്ള ‘ആത്മാര്‍ത്ഥ സൗഹൃദത്തെയും ഫലപ്രദമായ പരസ്പര സഹകരണത്തെയും’ പരാമര്‍ശിച്ച പാപ്പ മിഡില്‍ ഈസ്റ്റും യൂറോപ്പും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സമാധാന പ്രക്രിയകള്‍ക്ക് ഇരു രാജ്യങ്ങളും സംഭാവന നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. യുദ്ധവും ദാരിദ്ര്യവും മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുള്ള ഇറ്റാലിയന്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയെ, പ്രത്യേകിച്ച് ഗാസയിലെ കുട്ടികള്‍ക്ക് നല്‍കുന്ന പിന്തുണയെ, ലിയോ പാപ്പ അഭിനന്ദിച്ചു. അതേസമയം ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഗാസയിലേക്ക് മാനുഷിക ഇടനാഴികള്‍ തുറന്നതിനെത്തുടര്‍ന്ന് പരിശുദ്ധ പിതാവ് ഗാസയിലെ കുട്ടികള്‍ക്കായി 5,000 ഡോസ് ആന്റിബയോട്ടിക്കുകള്‍ സംഭാവന ചെയ്തു.
തന്റെ പ്രസംഗത്തിന്റെ അവസാനത്തില്‍, ഇറ്റലിയുടെ ജനനനിരക്ക് കുറയുന്നതിലേക്ക് പരിശുദ്ധ പിതാവ് ശ്രദ്ധ ക്ഷണിച്ചു. കുടുംബത്തിന് അനുകൂലമായി എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതത്തെ അതിന്റെ എല്ലാ ഘട്ടങ്ങളിലും ഉയര്‍ത്തിപ്പിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും സംയോജിത ശ്രമം നടത്തണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *