Follow Us On

16

October

2025

Thursday

അധ്യാപക നിയമനം; സര്‍ക്കാര്‍ അടിയന്തിരമായി ഉത്തരവിറക്കണം

അധ്യാപക നിയമനം; സര്‍ക്കാര്‍ അടിയന്തിരമായി ഉത്തരവിറക്കണം
പാലാ: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് തടസപ്പെട്ടുകിടക്കുന്ന എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഉത്തരവിറക്കണമെന്നും കോടതി വ്യവഹാരങ്ങളിലേക്ക് ഇനിയും പ്രശ്‌നം വലിച്ചിഴക്കരുതെന്നും പാലാ ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന വിവിധ എപ്പിസ്‌കോപ്പല്‍ സഭകളുടെ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ സമീപനം ആശ്വാസകരമാണെന്ന നിലപാട് സഭക്കില്ലെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ പത്രസമ്മേളനത്തില്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. എന്‍എസ്എസിന് നല്‍കിയതുപോലുള്ള ഉത്തരവ് ലഭിക്കുമെന്ന ഉറപ്പ് കിട്ടാത്തിടത്തോളം കാലം സഭയ്ക്ക് ആശങ്ക ഉണ്ടെന്ന് കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു.
അധ്യാപക നിയമന അംഗീകാര വിഷയത്തില്‍ നീതിനിഷേധം നടന്നിട്ടുണ്ടെന്ന പൊതുവികാരമാണ് ക്രൈസ്തവ സമൂഹത്തില്‍ നിലനില്‍ക്കുന്നതെന്ന് സീറോമലബാര്‍ സഭാ പിആര്‍ഒ ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചക്കുശേഷം വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് സുപ്രീംകോടതിയില്‍ കേസ് വരുമ്പോള്‍ സര്‍ക്കാര്‍ തടസവാസം ഉന്നയിക്കില്ലെന്നാണ്. ഇക്കാര്യത്തില്‍ കോടതി വ്യവഹാരങ്ങളുടെ കാലതാമസം കണക്കിലെടുക്കണം. ശമ്പളമില്ലാതെ 2018 മുതല്‍ 16,000 അധ്യാപകരാണ്  ജോലി ചെയ്യുന്നതെന്ന് ഫാ. ടോം ഓലിക്കരോട്ട് ചൂണ്ടിക്കാട്ടി.
ഭിന്നശേഷി നിയമന വിഷയത്തിലൂടെ ന്യൂനപക്ഷ സ്ഥാപനങ്ങളിലെ മാനേജര്‍മാര്‍ക്കു ഭരണഘടന നല്‍കിയിരിക്കുന്ന അധ്യാപകരെ നിയമിക്കാനുള്ള അധികാരം കവര്‍ന്നെടുക്കാനുള്ള ശ്രമത്തെ യോഗം അപലപിച്ചു. രണ്ടു വര്‍ഷമായി പൂഴ്ത്തിവച്ചിരിക്കുന്ന ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ന്യൂനപക്ഷ സമുദായങ്ങളുടെ ഉന്നമനത്തിനായുള്ള കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നും എക്യുമെനിക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.
മാര്‍ത്തോമ്മാ സഭ സഫ്രഗന്‍ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ബര്‍ണബാസ്, പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ അധ്യക്ഷനും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറിയുമായ മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലങ്കര ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത, യാക്കോബായ സുറിയാനി സഭ മൂവാറ്റുപുഴ മെഖലാധിപന്‍ മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത, സിഎസ്‌ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി.എസ് ഫ്രാന്‍സിസ്, ഷംഷാബാദ് അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, ക്‌നാനായ കത്തോലിക്ക സഭ കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം തുടങ്ങിയവര്‍ പ്രസംഗിച്ചു.
സീറോമലബാര്‍ സഭയുടെ വിദ്യാഭ്യാസ-എക്യുമെനിക്കല്‍ കമ്മീഷനുകളുടെ ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് സമ്മേളനം വിളിച്ചുചേര്‍ത്തത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?