ഇസ്താംബുള്‍/തുര്‍ക്കി: 1,300 വര്‍ഷത്തിലേറെ പഴക്കമുള്ള അഞ്ച് ഓസ്തികള്‍ പുരാവസ്തു ഗവേഷകരുടെ സംഘം തെക്കന്‍ തുര്‍ക്കിയില്‍ നിന്ന് കണ്ടെത്തി. അതിലൊന്നില്‍ യേശുക്രിസ്തുവിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. കരമാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന, ടോപ്രാക്‌റ്റെപ്പ് എന്നറിയപ്പെടുന്ന പുരാതന റോമന്‍ – ബൈസന്റൈന്‍ നഗരമായ ഐറിനോപോളിസില്‍ നടത്തിയ ഖനനത്തിലാണ് ഈ അസാധാരണ കണ്ടെത്തല്‍. ‘സമാധാന നഗരം’ – എന്നാണ് ഐറിനോപോളീസ് എന്ന വാക്കിന്റെ അര്‍ത്ഥം.
ആദ്യകാല ക്രൈസ്തവ ആരാധനാക്രമ ആഘോഷങ്ങളില്‍ ഉപയോഗിച്ചിരുന്ന കമ്മ്യൂണിയന്‍ അപ്പങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിരിയിക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. സിഇയു സാന്‍ പാബ്ലോ സര്‍വകലാശാലയിലെ ചരിത്ര പ്രൊഫസറും മധ്യകാലഘട്ട ചരിത്രത്തില്‍ വിദഗ്ധനുമായ ജിയോവന്നി കൊളമാറ്റി, ഈ കണ്ടെത്തല്‍ പ്രസക്തമാണെന്ന് പറഞ്ഞു.
6 മുതല്‍ 8 വരെ നൂറ്റാണ്ടുകളിലെ ബാര്‍ലി ഉപയോഗിച്ച് നിര്‍മിച്ച അപ്പങ്ങള്‍, കാര്‍ബണൈസേഷനും ഓക്‌സിജന്‍രഹിത അന്തരീക്ഷവും നിമിത്തമാണ് ഇത്രയും കാലം ജീര്‍ണിക്കാതിരുന്നത്. ഒരു അപ്പത്തില്‍ യേശുക്രിസ്തുവിന്റെ രൂപം ചിത്രീകരിച്ചിരിക്കുന്നു. അതോടൊപ്പം ‘ആരാധ്യനായ യേശുവിന് നന്ദി’ എന്ന ഗ്രീക്ക് ലിഖിതവുമുണ്ട്. മറ്റുള്ളവയില്‍ ഗ്രീക്ക് കുരിശിന്റെ രൂപത്തിലുള്ള ചിത്രകലകളും കാണാം.
കരമാന്‍ മ്യൂസിയത്തിന്റെയും തുര്‍ക്കി സാംസ്‌കാരിക, ടൂറിസം മന്ത്രാലയത്തിന്റെയും നേതൃത്വത്തിലാണ് ഖനനങ്ങള്‍ നടത്തിയത്. അപ്പങ്ങളുടെ ഉത്ഭവത്തെയും ഉപയോഗത്തെയും കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിവരുകയാണ്.
Leave a Comment
Your email address will not be published. Required fields are marked with *