Follow Us On

06

November

2025

Thursday

ബൈബിള്‍ തീര്‍ത്ഥാടകന്‍ യാത്രയായി

ബൈബിള്‍ തീര്‍ത്ഥാടകന്‍ യാത്രയായി
തലശേരി: സാധാരണക്കാരുടെ ഇടയില്‍ ബൈബിള്‍ ജനകീയമാക്കുന്നതിന് ഏറെ അധ്വാനിച്ച തലശേരി അതിരൂപതാ വൈദികന്‍ റവ. ഡോ. മൈക്കിള്‍ കാരിമറ്റം (83) അന്തരിച്ചു. അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി സീറോ മലബാര്‍ സഭ 2022ല്‍ മല്പാന്‍ പദവി നല്‍കിയിരുന്നു. കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
 1968 ജൂണ്‍ 29-ന് റോമില്‍വച്ചായിരുന്നു പൗരോഹിത്യം സ്വീകരിച്ചത്.  മംഗലപ്പുഴ സെമിനാരിയില്‍ ഒന്നാം വര്‍ഷം തിയോളജി പഠിക്കുമ്പോഴാണ് തലശരി രൂപതാധ്യക്ഷനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി തുടര്‍പഠനത്തിനായി റോമിലേക്ക് അയച്ചത്. അടുത്ത 15 വര്‍ഷം റോമിലായിരുന്നു. ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ് നേടി. 1979 മെയിലാണ്  തലശേരിയില്‍ തിരിച്ചെത്തിയത്.
ബൈബിള്‍ കുറികള്‍
അടുത്ത നിയമനം എറണാകുളം പിഒസിയിലേക്ക് ആയിരന്നു.  അങ്ങനെ 1980 ജനുവരിയില്‍ പിഒസി ബൈബിള്‍ വിവര്‍ത്തനത്തിന്റെ മൂന്ന് ചീഫ് എഡിറ്റര്‍മാരില്‍ ഒരാളായി. 1981 ഡിസംബര്‍ 31-ന് ബൈബിള്‍ പ്രകാശനം ചെയ്തു. 1982 ജൂണില്‍ തലശേരിയിലേക്ക് തിരികെ പോന്നു. അതിരൂപതയില്‍ പുതുതായി ആരംഭിച്ച ബൈബിള്‍ അപ്പസ്‌തോലേറ്റിന്റെ ചുമതലയായിരുന്നു ലഭിച്ചത്. തന്റെ ജീപ്പില്‍ വിവിധ ഇടവകകളില്‍ ബൈബിളുകള്‍ വിതരണം ചെയ്യുകയായിരുന്നു കാരിമറ്റം അച്ചന്‍ ആദ്യം ചെയ്തത്. ആഴ്ചയില്‍ 5 രൂപ വീതം വാങ്ങി എട്ട് ആഴ്ചകള്‍കൊണ്ട് ബൈബിള്‍ ലഭിക്കുന്ന രീതിയില്‍ ബൈബിള്‍ കുറികള്‍ ആരംഭിച്ചു.
ആത്മാക്കളുടെ ലോകം
ബൈബിള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബൈബിള്‍ തീര്‍ത്ഥാടനം എന്ന പേരില്‍ ഒരു കമന്ററി ഇറക്കി. ഒരു വര്‍ഷത്തില്‍ ആറ് എണ്ണം വീതമായിരുന്നു പ്രസിദ്ധീകരിച്ചത്. 10,000 കോപ്പികള്‍ വീതം അടിച്ചു. പലതും വീണ്ടും പ്രിന്റുചെയ്തു. 1997 ല്‍ തലശേരിയില്‍നിന്നും ഡിവൈന്‍ ധ്യാന കേന്ദ്രരത്തിലെത്തി. അവിടെ ബൈബിള്‍ കോളജ് ആരംഭിച്ചത് കാരിമറ്റം അച്ചന്റെ നേതൃത്വത്തിലായിരുന്നു.  2002 വരെ ഡിവൈനിലായിരുന്നു.  ‘സ്പിരിറ്റ് ഇന്‍ ജീസസ്’ പ്രസ്ഥാനം ഉയര്‍ത്തിയ തെറ്റായ പഠനങ്ങള്‍ക്ക് എതിരെയുള്ള ഉത്തരമായിരുന്നു ‘ആത്മാക്കളുടെ ലോകം’ എന്ന പുസ്തകം.
തുടര്‍ന്ന് വിശ്രമ ജീവിതത്തിനായി വൈദിക മന്ദിരത്തിലേക്ക് പോകാന്‍ തീരുമാനിച്ചു. വിവരമറിഞ്ഞ് തൃശൂര്‍ മേരിമാതാ സെമിനാരി റെക്ടര്‍ ഫാ. റാഫേല്‍ തട്ടില്‍ (ഇപ്പോഴത്തെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍) അവിടേക്കു ക്ഷണിച്ചു. അങ്ങനെ മേരിമാതാ സെമിനാരിയില്‍ സ്ഥിരതാമസമായി.
2017-ല്‍ 75-ാം വയസില്‍ റിട്ടയര്‍ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും തൃശൂര്‍ അതിരൂപതാധികാരികളുടെയും തൂങ്കൂഴി പിതാവിന്റെയും അഭ്യര്‍ത്ഥന പ്രകാരമാണ് വീണ്ടും തുടര്‍ന്നത്. 2022 മാര്‍ച്ചില്‍ 80 വയസ് തികഞ്ഞതോടെ അച്ചന്‍ വിശ്രമജീവിതത്തിനായി തലശേരിയിലെ പ്രീസ്റ്റ്‌ഹോമിലേക്ക് പോരുകയായിരുന്നു.
ശാലോം, ഗുഡ്‌നെസ്, ജീവന്‍ ടിവി എന്നീ ടെലിവിഷന്‍ ചാനലുകളിലും യൂട്യൂബ് ചാനലുകളിലും നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ആത്മീയ പ്രസിദ്ധീകരണങ്ങളില്‍ ധാരാളം ലേഖനങ്ങളും 50 -ഓളം പുസ്തകങ്ങളും നിരവധി ബുക്ക്‌ലെറ്റുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?