തിരുവനന്തപുരം: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ദരിദ്രരോടുള്ള സ്നേഹത്തെക്കുറിച്ചുള്ള അപ്പസ്തോലിക പ്രബോധത്തിന്റെ മലയാള പരിഭാഷ ‘ഞാന്‍ നിന്നെ സ്നേഹിച്ചു’ പ്രകാശനം ചെയ്തു. പിഎംജി ലൂര്‍ദ് മീഡിയ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജയിംസിന് പരിഭാഷ നല്‍കിക്കൊണ്ട് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ പ്രകാശനം നിര്‍വഹിച്ചു. കത്തോലിക്ക സഭയുടെ മുഖപത്രമായ ഒസര്‍വത്തോരെ റൊമാനോയുടെ പ്രസാധകരായ കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിംഗ് ഹൗസ് ആണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്.
ലൂര്‍ദ് ഫൊറോന വികാരിയും ചങ്ങനാശേരി അതിരൂപത വികാരി ജനറാളുമായ മോണ്‍. .ഡോ. ജോണ്‍ വര്‍ഗീസ് തെക്കേക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. സോണിച്ചന്‍ പി.ജോസഫ്, പരിഭാഷകനും കാര്‍മല്‍ പബ്ലിക്കേഷന്‍ ഡയറക്ടറുമായ ഫാ. ജയിംസ് ആലക്കുഴിയില്‍ ഒസിഡി, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. തോമസ് കുരിശിങ്കല്‍ ഒസിഡി, സിസ്റ്റര്‍ ഫ്‌ലവര്‍ലെറ്റ് സിഎംസി തുടങ്ങിയവര്‍ പങ്കെടുത്തു.
സഭയുടെയും സമൂഹത്തിന്റെയും നവീകരണത്തില്‍ ദരിദ്രര്‍ക്ക് വഹിക്കാനുള്ള സജീവമായ പങ്ക് ഈ അപ്പസ്‌തോലിക പ്രബോധനത്തിലൂടെ മാര്‍പാപ്പ ഓര്‍മിപ്പിക്കുന്നു.ക്രിസ്തുവി ന്റെ സ്നേഹവും ദരിദ്രരെ പരിപാലിക്കാനുള്ള ആഹ്വാനവും തമ്മിലുള്ള ബന്ധം മനസിലാക്കേണ്ടത് വിശുദ്ധിയിലേക്കുള്ള പാതയില്‍ അത്യാവശ്യമാണെന്ന് പാപ്പ പറഞ്ഞുവയ്ക്കുന്നു. ദരിദ്രര്‍ നമ്മുടെ കുടുംബത്തിന്റെ ഭാഗമാണ്; അവര്‍ നമ്മളില്‍ ഒരാളാണ്. അവരിലേക്ക് ദൈവത്തെ കൊണ്ടുവരിക എന്നതിലുപരി, അവരില്‍ ദൈവത്തെ കണ്ടുമുട്ടുകയാണ് ചെയ്യേണ്ടതെന്ന് പാപ്പ വ്യക്തമാക്കുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *